പ്രേം കുമാറിന് ചലച്ചിത്ര അക്കാദമി ചെയർമാൻറെ ചുമതല, ഉത്തരവിറക്കി സർക്കാർ.

ലൈംഗികാതിക്രമ പരാതിയിൽ അന്വേഷണം നേരിടുന്ന സംവിധായകൻ രഞ്ജിത്ത് രാജി വെച്ചതോടെ ഒഴിവു വന്ന സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാൻറെ ചുമതല പ്രേം കുമാറിന് നൽകി സർക്കാർ. നിലവിൽ ചലച്ചിത്ര അക്കാദമിയുടെ വൈസ് ചെയർമാനായ പ്രേം കുമാറിന് അക്കാദമി ചെയർമാൻറെ താത്കാലിക ചുമതല നൽകികൊണ്ടാണ് സാംസ്കാരിക വകുപ്പ് ഉത്തരവിറക്കിയത്.
രഞ്ജിത്ത് രാജിവെച്ച സാഹചര്യത്തിലാണ് കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ വൈസ് ചെയർമാനായ പ്രേം കുമാറിന് അക്കാദമി ചെയർമാൻറെ താത്കാലിക ചുമതല നൽകുന്നതെന്നാണ് ഉത്തരവിൽ പറയുന്നത്. സാംസ്കാരിക വകുപ്പ് ജോയിൻറ് സെക്രട്ടറി ആർ സന്തോഷാണ് ഉത്തരവിറക്കിയത്.
രഞ്ജിത്ത് രാജിവെച്ച ഒഴിവിലേക്ക് മുതിർന്ന സംവിധായകൻ ഷാജി എൻ. കരുണിന്റെ പേര് അക്കാദമി പരിഗണിച്ചിരുന്നു. എന്നാൽ ബീന പോളിനെ ചെയർപേഴ്സൺ ആക്കണമെന്ന ആവശ്യവുമായി ഡബ്ല്യൂ.സി.സിയും രംഗത്തെത്തി. ഇതിനുപിന്നാലെയാണു പ്രേംകുമാറിന് ചലച്ചിത്ര അക്കാദമി ചെയർമാന്റെ താൽക്കാലിക ചുമതല നൽകി സർക്കാർ പ്രശ്നം പരിഹാരിച്ചത്.
ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ ബംഗാളി നടി ലൈംഗികാതിക്രമ പരാതിയുമായി രംഗത്തെത്തിയതോടെയാണ് രഞ്ജിത്ത് രാജിവെച്ചത്. ഇതാദ്യമായാണ് സംവിധായകൻ അല്ലാത്ത ഒരാൾ ചലച്ചിത്ര അക്കാദമിയുടെ ചെയർമാൻ സ്ഥാനത്തേക്ക് വരുന്നത്.
സംസ്ഥാന ചലച്ചിത്ര പുരസ്കാര വിതരണം, സിനിമാ കോൺക്ലേവ്, കേരള അന്താരാഷ്ട്ര ചലച്ചിത്രമേള തുടങ്ങിയ ദൗത്യങ്ങളാണ് ഇനി പ്രേംകുമാറിന് മുന്നിലുള്ളത്. 100-ഓളം ചിത്രങ്ങളിൽ വേഷമിട്ടിട്ടുള്ള പ്രേംകുമാർ 18 ചിത്രങ്ങളിൽ നായകനായിട്ടുണ്ട്.
https://www.facebook.com/Malayalivartha
























