സൗഹൃദത്തിലായത് ജയില്‍വാസത്തിലൂടെ... ഇരിട്ടിയിലും കര്‍ണാടകയിലുമായി പത്തിലേറെ മോഷണം...... രണ്ടു പേര്‍ അറസ്റ്റില്‍

സൗഹൃദത്തിലായത് ജയില്‍വാസത്തിലൂടെ... ഇരിട്ടിയിലും കര്‍ണാടകയിലുമായി പത്തിലേറെ മോഷണം...... രണ്ടു പേര്‍ അറസ്റ്റില്‍. ഇരിട്ടി, കുടക്, മൈസൂരു മേഖലകളില്‍ കടകള്‍, വീട്, ക്ഷേത്രം, മസ്ജിദ്, കൃസ്ത്യന്‍പള്ളി എന്നിവയിലടക്കം കവര്‍ച്ചയും ബൈക്ക്മോഷണവും നടത്തിയ കേസില്‍ മലയാളികളായ രണ്ടുപേരെ വീരാജ്പേട്ടയില്‍ പോലീസ് അറസ്റ്റു ചെയ്തു.
ഉളിക്കല്‍ മണ്ഡപപ്പറമ്പിലെ ടി.എ. സലിം (42), കുടക് സോമവാര്‍പേട്ട ഗാന്ധിനഗറിലെ താമസക്കാരനും മലയാളിയുമായ സഞ്ജു (സഞ്ജയ്കുമാര്‍-30) എന്നിവരെയാണ് വീരാജ്പേട്ട പോലീസും ഇരിട്ടി പോലീസും ചേര്‍ന്ന് പിടികൂടിയത്. ഇരുപതുവര്‍ഷത്തോളമായി കേരളത്തിലും കുടക്, മൈസൂരു ജില്ലകളിലുമായി നിരവധി മോഷണക്കേസുകളില്‍ പ്രതിയാവുകയും ജയില്‍വാസം അനുഭവിക്കുകയും ചെയ്തയാളാണ് സലിം.
ജൂലായില്‍ വീരാജ്പേട്ടയിലെ നയരാ പെട്രോള്‍പമ്പില്‍ മോഷണം നടത്തി പിടിക്കപ്പെട്ട് ജാമ്യത്തിലിറങ്ങിയ സമയത്താണ് വീണ്ടും നിരവധി മോഷണം നടത്തിയതെന്ന് വീരാജ്പേട്ട പോലീസ്.
കഴിഞ്ഞമാസം 10-ന് മാടത്തില്‍ പൂവ്വത്തിന്‍കീഴില്‍ ഭഗവതിക്ഷേത്രം, പെരിങ്കരി പള്ളി, കേളകത്തെ മസ്ജിദ്, ഒരു വീട് എന്നിവിടങ്ങളില്‍ മോഷണം നടത്തിയത് ഇവരായിരുന്നു. തുടര്‍ന്ന് 21-ന് ഇരിട്ടിടൗണിലെ രണ്ട് മൊബൈല്‍ഷോപ്പുകളുടെ പൂട്ട് തകര്‍ത്ത് അകത്തുകടന്ന ഇവര്‍ മൊബൈലുകളും പണവും കവര്‍ന്നശേഷം ഇരിട്ടി സി.പി.എം. ഏരിയാ കമ്മിറ്റി ഓഫീസിനു മുന്‍വശം നിര്‍ത്തിയിട്ടിരുന്ന ബൈക്ക് മോഷ്ടിച്ചു. ഇരിട്ടിമേഖലയിലെ കവര്‍ച്ചകള്‍ക്കും രണ്ട് ഇരുചക്രവാഹനങ്ങള്‍ മോഷ്ടിച്ചതിനും ഇവര്‍ക്കെതിരേ കേസെടുത്തു.
കുടക് ജില്ലയിലെ വിവിധ സ്റ്റേഷനുകളിലായി അഞ്ച് കേസും മൈസൂരു സിറ്റി സ്റ്റേഷനില്‍ രണ്ട് കേസും കണ്ണൂര്‍ ജില്ലയില്‍ നാല് കേസുകളുമാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. 1,50,000 രൂപ വിലമതിക്കുന്ന മൂന്ന് ഇരുചക്രവാഹനങ്ങളും 9,050 രൂപയും പ്രതികളില്‍നിന്ന് പിടിച്ചെടുത്തു.
അതേസമയം സഞ്ജയ്കുമാറിനെ ജയിലിലാണ് സലിം പരിചയപ്പെടുന്നത്. 2011-ല്‍ മോഷണക്കേസില്‍ മടിക്കേരി ജയിലില്‍ കഴിയുമ്പോഴായിരുന്നു ഇവര്‍ പരിചയപ്പെട്ടത്.ഇതിനുശേഷം കുശാല്‍നഗര്‍, മടിക്കേരി, ഹുന്‍സൂര്‍, പെരിയപട്ടണം, കേരളത്തിലെ വിവിധ സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ ഇരുവരും സംയുക്തമായി കവര്‍ച്ച നടത്തിയതായും വീരാജ്പേട്ട പോലീസ് .
"
https://www.facebook.com/Malayalivartha
























