വീടിന് തീപിടിച്ച് പൊള്ളലേറ്റ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച മൂന്നുപേര്‍ മരിച്ചു...സാമ്പത്തിക ബാദ്ധ്യതയെത്തുടര്ന്നുള്ള ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം

വീടിന് തീപിടിച്ച് പൊള്ളലേറ്റ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച മൂന്നുപേര്‍ മരിച്ചു. മാറഞ്ചേരി കാഞ്ഞിരമുക്കില്‍ ഏറാട്ട് വീട്ടില്‍ മണികണ്ഠന് (50) ഭാര്യ റീന (42), മണികണ്ഠന്റെ അമ്മ സരസ്വതി (70) എന്നിവരാണ് മരിച്ചത്. മണികണ്ഠന്റെ മക്കളായ അനിരുദ്ധന് (20), നന്ദന (22) എന്നിവര്‍ക്കും പൊള്ളലേറ്റിരുന്നു. ഇവരുടെ പരിക്ക് ഗുരുതരമല്ല.
ഇന്ന് പുലര്‍ച്ചെ ഒരുമണിയോടെയായിരുന്നു സംഭവം. മണികണ്ഠന് കിടപ്പുമുറിയില്‍ സ്വയം പെട്രോള്‍ ഒഴിച്ച് തീവയ്ക്കുകയായിരുന്നു. ഇക്കാര്യം മരിക്കുന്നതിനു മുന്‍പ് പൊലീസിനെ അറിയിക്കുകയും ചെയ്തു.
മക്കള്‍ രണ്ടുപേരും അടുത്ത മുറിയിലായിരുന്നു ഉണ്ടായിരുന്നത്. ബഹളം കേട്ടെത്തിയ നാട്ടുകാരാണ് വീടിന്റെ വാതില്‍ ചവിട്ടിപ്പൊളിച്ച് പൊള്ളലേറ്റവരെ ആശുപത്രിയിലെത്തിച്ചത്. തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മൂന്നുപേരും മരണത്തിന് കീഴടങ്ങി.
അനിരുദ്ധനും നന്ദനും ചികിത്സയില്‍ തുടരുന്നു . പൊലീസ് സംഭവസ്ഥലത്തെത്തി പരിശോധനകള്‍ നടത്തി. പെട്രോള്‍ അടങ്ങിയ കുപ്പി കണ്ടെടുക്കുകയും ചെയ്തു. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത പൊലീസ് അന്വേഷണം തുടങ്ങി.
"
https://www.facebook.com/Malayalivartha
























