വിനായക ചതുര്‍ത്ഥിയോടനുബന്ധിച്ച് ഗണപതി ക്ഷേത്രങ്ങളില്‍ ഇന്ന് പുലര്‍ച്ചെ മഹാഗണപതിഹോമങ്ങളോടെ ചതുര്‍ത്ഥി ആഘോഷം ...

ചിങ്ങമാസത്തിലെ ചതുര്‍ത്ഥി ദിവസമാണ് ഗണപതിയുടെ ജന്മദിനം എന്ന നിലയില്‍ വിനായക ചതുര്‍ഥി ആഘോഷിക്കുന്നത്. വിവേകം, സമൃദ്ധി, എന്നിവയുടെ ദേവനായാണ് ഗണപതിയെ കണക്കാക്കുന്നത്. വിനായക ചതുര്‍ത്ഥിയോടനുബന്ധിച്ച് ഗണപതി ക്ഷേത്രങ്ങളില്‍ ഇന്ന് പുലര്‍ച്ചെ മഹാഗണപതിഹോമങ്ങളോടെ ചതുര്‍ത്ഥി ആഘോഷം തുടങ്ങും.
രാജ്യത്തുടനീളം വളരെ ആവേശത്തോടെ ആഘോഷിക്കുന്ന 10 ദിവസത്തെ ഉത്സവമാണിത്. മോദകം,ഉണ്ണിയപ്പം എന്നിവയുടെ നിവേദ്യവും പ്രത്യേകപൂജകളും ഉണ്ടായിരിക്കും. ഗണേശോത്സവ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ നടക്കുന്ന ഗണേശ വിഗ്രഹപൂജകള്‍ ഇക്കഴിഞ്ഞ 4ന് ആരംഭിച്ചിരുന്നു.12ന് സമാപിക്കും.
വൈകിട്ട് 5ന് പഴവങ്ങാടിയില്‍ നിന്ന് വിഗ്രഹഘോഷയാത്രയും ശംഖുംമുഖം കടലില്‍ വിഗ്രഹനിമജ്ജനവും നടക്കും. പഴവങ്ങാടി ഗണപതി ക്ഷേത്രത്തില്‍ ദര്‍ശനത്തിനായി പ്രത്യേക സംവിധാനമൊരുക്കിയിട്ടുണ്ട്.
രാവിലെ മഹാഗണപതി ഹോമത്തെ തുടര്‍ന്ന് 101 നാളികേരം ഉടയ്ക്കും. രാത്രി 8ന് ആനപ്പുറത്ത് കോട്ടയ്ക്കകത്ത് കൂടി എഴുന്നള്ളത്ത് നടത്തും.ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ അഗ്രശാല ഗണപതി ക്ഷേത്രത്തില്‍ പ്രത്യേകപൂജകള്‍,അലങ്കാരം എന്നിവയുണ്ടായിരിക്കും.
വിനായക ചതുര്‍ത്ഥി ഐതീഹ്യമിങ്ങനെ...
ഒരു ചതുര്‍ത്ഥിയില്‍ ഗണപതി ഭഗവാന്‍ നൃത്തം ചെയ്തപ്പോള്‍ ചന്ദ്രന്‍ പരിഹാസത്തോടെ ചിരിച്ചു. ഇതില്‍ കുപിതനായ ഗണപതി ചന്ദ്രനോട് കോപിച്ചു. ക്ഷമിക്കുവാനും തയ്യാറായില്ല. ഈ ദിനം ചന്ദ്രനെ നോക്കുന്ന എല്ലാവരും ദുഃഖത്തില്‍ ആകുമെന്നാണ് ഗണപതി ശപിച്ചത്. ഇക്കാര്യങ്ങള്‍ ഒന്നും അറിയാതെ വിഷ്ണു ഭഗവാന്‍ ചന്ദ്രനെ നോക്കി. വിഷമത്തിലായ വിഷ്ണു ഭഗവാന്‍ ശിവഭഗവാനോട് സഹായം അഭ്യര്‍ത്ഥിക്കുകയും ചെയ്തു.
അലിവ് തോന്നിയ ശിവഭഗവാന്‍ വിഷ്ണുവിനോട് ഗണപതീവ്രതം അനുഷ്ഠിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. ശിവഭഗവാന്‍ പറഞ്ഞത് പോലെ വിഷ്ണു ഗണപതീവ്രതമനുഷ്ഠിച്ചു സങ്കടങ്ങളൊക്കെ മാറ്റി. ഇതാണ് വിനായക ചതുര്‍ത്ഥി ദിനത്തിന്റെ ഐതീഹ്യമായി പറയപ്പെടുന്നത്.
https://www.facebook.com/Malayalivartha
























