അമ്പലമുക്ക് വിനീത കൊലക്കേസ് ... മകളുടെ മൃതദേഹം കാണാന്‍ ധൈര്യമില്ലായിരുന്നെന്ന് അമ്മ

പോലീസ് മകളുടെ മൃതദേഹം കണ്ട് തിരിച്ചറിയാന്‍ സംഭവ സ്ഥലത്ത് എത്തിച്ചപ്പോള്‍ ഒരു നോക്ക് നോക്കുവാനുളള ദൈര്യം ഇല്ലാത്തതുകൊണ്ട് താന്‍ അവിടെ തളര്‍ന്ന് ഇരുന്നെന്ന് കൊല്ലപ്പെട്ട വിനീതയുടെ അമ്മ രാഗിണി കോടതിയില്‍ മൊഴി നല്കി. പലപ്പോഴും വിതുമ്പികൊണ്ടാണ് രാഗിണി കോടതിയില്‍ മൊഴി നല്‍കിയത്. പേരൂര്‍ക്കടയിലെ അലങ്കാര ചെടി വില്‍പ്പന കേന്ദ്രത്തില്‍ വച്ച് കൊല്ലപ്പെട്ട നെടുമങ്ങാട് കരിപ്പൂര്‍ സ്വദേശിനി വിനീതയുടെ കൊലപാതകക്കേസ് വിചാരണ വേളയിലാണ് അമ്മ മൊഴി നല്‍കിയത്. ഏഴാം അഢീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജി പ്രസൂണ്‍ മോഹനനാണ് കേസ് പരിഗണിക്കുന്നത്.
തനിക്ക് മൃതദേഹം കാണാനുളള ധൈര്യം ഇല്ലാതിരുന്നപ്പോള്‍ മകന് വിനോദ് മൃതദേഹം കണ്ട് തിരിച്ചറിഞ്ഞതായി രാഗിണി മൊഴി നല്കി. വിനീതയുടെ മൃതദേഹം കാണുമ്പോള്‍ അവരുടെ മാല ഉണ്ടായിരുന്നില്ലെന്ന് സഹോദരന് വിനോദ് മൊഴി നല്കി. വിനീതയുടെ മൃതദേഹം താനാണ് ആദ്യം കണ്ടതെന്നും കടയുടടമ തോമസ് മാമന് കടയില്‍ വിനീതയെ കാണാനില്ലെന്ന് പറഞ്ഞപ്പോള്‍ അയല്‍വീട്ടില്‍ നിന്ന് എത്തിയ താനും പരിശോധനയില്‍ പങ്കാളിയായി.
കടയിലെ കാര്‍ ഷെഡില്‍ ഫ്ളക്സ് ഷീറ്റ് ഇട്ട് മൂടിയ നിലയില്‍ വിനീതയുടെ മൃതദേഹം കാണപ്പെട്ടെന്നും അപ്പോള്‍ വിനീത സ്ഥിരമായി ധരിച്ചിരുന്ന മാല ഉണ്ടായിരുന്നില്ലെന്നും സഹ ജീവനക്കാരി പാലോട് ആറ്റുമണല്‍ സ്വദേശിനി സുനിത മൊഴി നല്കി. വിനീതയുടെ കഴുത്തിലെ മാല കവരുന്നതിനായി പ്രതി കന്യാകുമാരി വളളമഠം സ്വദേശി രാജേന്ദ്രന് വിനീതയെ കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷന് കേസ്.
സംഭവ ദിവസം പ്രതി നഗരസഭയുടെ കീഴില്‍ മുട്ടടയുളള കുളത്തില്‍ കുളിക്കാന്‍ കഴിയുമോ എന്ന് ചോദിച്ച് തന്നെ സമീപിച്ചതായി മുട്ടട അലപ്പുറം കുളത്തിന് സമീപം താമസിക്കുന്ന സിജിന്‍ ജേക്കബ്ബ് സക്കറിയ മൊഴി നല്കി.
കോവിഡ് കാലമായതിനാല്‍ കുളത്തിന്റെ വാതിലുകള്‍ അടച്ചിരുന്നതായും സാക്ഷി മൊഴി നല്കി. കുളത്തിന് സമീപത്ത് നിന്ന് സാക്ഷിയെ ഉളളൂരില്‍ എത്തിച്ചതായി ഓട്ടോ റിക്ഷ ഡ്രൈവര്‍ മുട്ടട സ്വദേശി ബൈജുവും മൊഴി നല്കി. 2022 ഫെബ്രുവരി ആറിന് പകല്‍ 11.50 നാണ് ജോലി ചെയ്തിരുന്ന കടക്കുളളില്‍ വിനീതയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എം. സലാഹുദ്ദീന് ഹാജരായി.
"
https://www.facebook.com/Malayalivartha
























