നിയന്ത്രണം നഷ്ടമായ ബൈക്ക് മറിഞ്ഞു; കോട്ടയം മുളങ്കുഴയിൽ ബൈക്കും ഗ്യാസ് ടാങ്കർ ലോറിയും കൂട്ടിയിടിച്ച് അപകടം; യുവാവിന് ദാരുണാന്ത്യം

കോട്ടയം മുളങ്കുഴയിൽ ബൈക്കും ഗ്യാസ് ടാങ്കർ ലോറിയും കൂട്ടിയിടിച്ച് മരിച്ചത് പാക്കിൽ സ്വദേശിയാണ് എന്നു തിരിച്ചറിഞ്ഞു. പാക്കിൽ ഉപ്പഴിത്തറ ചെറുക്കാത്തറ വീട്ടിൽ ജോൺസൺ ചെറിയാന്റെ മകൻ നിഖിൽ ജോൺസൺ (25) ആണ് മരിച്ചത്. അപകടത്തെ തുടർന്ന് എം.സി റോഡിൽ വൻ ഗതാഗതക്കുരുക്കും ഉണ്ടായിട്ടുണ്ട്.
ശനിയാഴ്ച ഉച്ചയ്ക്ക് 2.15 ഓടെയായിരുന്നു അപകടം. കോട്ടയം ഭാഗത്തേയ്ക്കു വരികയായിരുന്ന ഗ്യാസ് ടാങ്കർ ലോറിയുടെ മുന്നിൽ നിയന്ത്രണം നഷ്ടമായ ബൈക്ക് മറിയുകയായിരുന്നു. ബൈക്ക് മറിഞ്ഞതോടെ റോഡിലേയ്ക്കു വീണ നിഖിലിന്റെ തലയിലൂടെ ലോറിയുടെ ചക്രങ്ങൾ കയറിയിറങ്ങുകയായിരുന്നു. തലച്ചോറടക്കം റോഡിൽ ചിതറിക്കിടക്കുന്ന സാഹചര്യവുമുണ്ടായി.
തുടർന്ന് നാട്ടുകാർ വിവരം അറിയിച്ചതോടെ അഗ്നിരക്ഷാ സേനാ സംഘം സ്ഥലത്ത് എത്തി അഗ്നിരക്ഷാ സേനയുടെ ആംബുലൻസിലാണ് മൃതദേഹം ആശുപത്രിയിലേയ്ക്കു മാറ്റിയത്. തുടർന്ന്, അഗ്നിരക്ഷാ സേനാ സംഘം തന്നെ റോഡ് കഴുകി വൃത്തിയാക്കുകയും ചെയ്തു. അപകടത്തെ തുടർന്ന് എം.സി റോഡിൽ ഗതാഗതക്കുരുക്ക് ഉണ്ടായി . ചിങ്ങവനം പൊലീസും സ്ഥലത്ത് എത്തി ഗതാഗതം നിയന്ത്രിച്ചു.
https://www.facebook.com/Malayalivartha
























