ജനങ്ങളുടെ നെട്ടോട്ടത്തിന് അവസാനം.... പൈപ്പ് ലൈനിന്റെ പണികള്‍ പൂര്‍ത്തിയായതോടെ ഇന്നലെ രാത്രി പത്തോടെ നഗരത്തില്‍ പമ്പിങ് ആരംഭിച്ചു

ജനങ്ങളുടെ നെട്ടോട്ടത്തിന് അവസാനം.... പൈപ്പ് ലൈനിന്റെ പണികള്‍ പൂര്‍ത്തിയായതോടെ ഞായറാഴ്ച രാത്രി പത്തോടെ നഗരത്തില്‍ പമ്പിങ് ആരംഭിച്ചു. പമ്പിങ് ആരംഭിക്കുന്നതിന് അരുവിക്കര പ്ലാന്റിലേക്ക് സൂപ്രണ്ടന്റ് എന്‍ജിനീയര്‍ നിര്‍ദേശം നല്കി.
ജനങ്ങള്‍ക്ക് വലിയ രീതിയിലുള്ള പ്രശ്നങ്ങളുണ്ടായതായി മേയര്‍ ആര്യാ രാജേന്ദ്രന് പറഞ്ഞു. നഗരസഭയുടെ നേതൃത്വത്തില്‍ 40 വാഹനങ്ങളില്‍ ഇപ്പോള്‍ വെള്ളമെത്തിക്കുന്നുണ്ട്. പത്ത് വാഹനങ്ങള്‍ കൊച്ചിയില്‍ നിന്നും എത്തിക്കും. മാധ്യമങ്ങള്‍ ജനങ്ങളുടെ പരാതി അറിയിക്കാന്‍ നല്ല ശ്രമം നടത്തി. അവസാന പരാതി പരിഹരിക്കുന്നത് വരെ ടാങ്കറില്‍ ജലവിതരണം നടത്തും.
ജലഅതോറിറ്റി ഉദ്യോഗസ്ഥര്‍ക്ക് മേയര്‍ നന്ദി അറിയിച്ചു. നഗരസഭയുടെ അനുവാദത്തോടെ മാത്രമേ ഇത്തരം പ്രവര്‍ത്തികള്‍ ഇനി നടത്താവൂ എന്ന ധാരണയായിട്ടുണ്ട്. പ്രതിസന്ധിയിലേക്ക് നയിച്ച സാഹചര്യം പരിശോധിക്കുമെന്നും ആര്യാ രാജേന്ദ്രന് .
അതേസമയം ജലവിതരണം സംബന്ധിച്ച് പ്രശ്നം കണക്കിലെടുത്ത് തിരുവനന്തപുരം കോര്പ്പറേഷന് പരിധിയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് (സെപ്റ്റംബര്‍ ഒന്‍പത്, തിങ്കളാഴ്ച) ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കോളേജുകളില്‍ തിങ്കളാഴ്ച നടക്കുന്ന പ്രവേശന നടപടികള്‍ക്ക് മാറ്റമില്ലെന്നും അറിയിപ്പില്‍ പറയുന്നു.
വൈകീട്ട് നാലുമണിയോടെ നഗരത്തില്‍ ജലവിതരണം പുനഃസ്ഥാപിക്കാന്‍ കഴിയുമെന്നായിരുന്നു ജലവിഭവമന്ത്രി റോഷി അഗസ്റ്റിന്റെ ഉറപ്പ്. എന്നാല്‍, ഞായറാഴ്ച വൈകീട്ടും പണി പൂര്‍ത്തിയാവാത്തതോടെ ജലവിതരണം പുനഃസ്ഥാപിക്കാന്‍ കഴിഞ്ഞില്ല. കഴിഞ്ഞ നാലുദിവസമായി തലസ്ഥാന നഗരത്തില്‍ കുടിവെള്ള വിതരണം മുടങ്ങിയിരിക്കുകയായിരുന്നു.
തിരുവനന്തപുരം- കന്യാകുമാരി റെയില്‍വേപാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി നഗരത്തിലെ വിവിധ ഭാഗങ്ങളിലേക്ക് പോകുന്ന പൈപ്പ് ലൈനുകളിലുടെയുള്ള ജലവിതരണം നിര്‍ത്തിവെച്ചത് കഴിഞ്ഞ അഞ്ചാം തിയതിയായിരുന്നു. വാട്ടര്‍ അതോറിറ്റിയുടെ നേമത്തേക്കും ഐരാണിമുട്ടം ഭാഗത്തേക്കും പോകുന്ന ട്രാന്സ്മിഷന് മെയിന്‍ പൈപ്പ് ലൈനുകളുടെ അലൈന്മെന്റാണ് പാതയിരട്ടിപ്പിക്കലിന്റെ ഭാഗമായി മാറ്റി സ്ഥാപിക്കുന്നത്. 48 മണിക്കൂറുകൊണ്ട് പൂര്‍ത്തിയാക്കാനുദ്ദേശിച്ചാണ് പണി തുടങ്ങിയത്. പക്ഷെ അതിനു കഴിഞ്ഞില്ല. രാവിലെ പൂര്‍ണ തോതില്‍ എല്ലായിടത്തും വെള്ളം എത്തിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.
"
https://www.facebook.com/Malayalivartha
























