മേയറും പെട്ടുപോയി... തലസ്ഥാനത്തെ കുടിവെള്ള പ്രശ്‌നം പരിഹരിച്ചതായി മേയര്‍; അവധി പ്രഖ്യാപിച്ച് കളക്ടര്‍

മഴക്കാലത്ത് അവധി പ്രഖ്യാപിച്ച് ശീലമുള്ള മലയാളികള്‍ക്ക് വെള്ളമില്ലാത്തതിന്റെ പേരിലും അവധി കിട്ടി. തലസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധിയാണ്. മഴ ഇപ്പോഴും പെയ്യുന്ന സ്ഥലത്ത് പൈപ്പ് പൊട്ടി കുടിവെള്ളം കിട്ടാത്തതാണ് പ്രശ്‌നമായത്.
നാലു ദിവസത്തെ കുടിവെള്ളക്ഷാമത്തിന് പരിഹാരമായി തിരുവനന്തപുരത്ത് പമ്പിങ് ആരംഭിച്ചു. കോര്‍പ്പറേഷന്‍ പരിധിയിലെ കുടിവെള്ള പ്രശ്‌നം പരിഹരിച്ചതായി മേയര്‍ ആര്യ രാജേന്ദ്രന്‍ അറിയിച്ചു. പമ്പിങ് തുടങ്ങിയതോടെ നഗരത്തില്‍ ഉടന്‍ കുടിവെള്ളമെത്തും. ഒന്നര മണിക്കൂര്‍ കൊണ്ട് താഴ്ന്ന സ്ഥലങ്ങളില്‍ വെള്ളം എത്തുമെന്നും മൂന്ന് മണിക്കൂര്‍ കൊണ്ട് എല്ലായിടങ്ങളിലും കുടിവെള്ളം എത്തുമെന്നും മേയര്‍ അറിയിച്ചു.
ഇത്തരം വലിയ പ്രവര്‍ത്തികള്‍ നടത്തുമ്പോള്‍ നഗരസഭയെ അറിയിക്കണമെന്ന് ജല അതോറിറ്റിക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്. ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണോ എന്നത് സര്‍ക്കാര്‍ തീരുമാനിക്കണമെന്നും മേയര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
നേരത്തെ, വെള്ള പ്രശ്‌നം വൈകുന്നേരത്തോടെ പരിഹരിക്കപ്പെടുമെന്ന് അറിയിച്ചെങ്കിലും രാത്രിയായിട്ടും പ്രശ്‌നം പരിഹരിക്കാന്‍ കഴിഞ്ഞിരുന്നില്ല. വീണ്ടും ഒന്നര മണിക്കൂര്‍ വേണമെന്നാണ് വി ശിവന്‍കുട്ടി പറഞ്ഞത്. തിരുവനന്തപുരം- കന്യാകുമാരി റെയില്‍വെ ലൈന്‍ ഇരട്ടിപ്പിക്കലിന് മുന്നോടിയായി പ്രധാന പൈപ്പ് ലൈന്‍ മാറ്റിയിടുന്നതിന് വാട്ടര്‍ അതോറിറ്റി തുടങ്ങിവച്ച പണിയാണ് നഗരവാസികളെ നെട്ടോട്ടമോടിച്ചത്. നാല്‍പ്പത്തെട്ട് മണിക്കൂര്‍ പറഞ്ഞ പണി നാല് ദിവസമായിട്ടും തീര്‍ന്നില്ല.
തിരുവനന്തപുരം നഗരസഭയിലെ നാല്‍പ്പത്തിനാല് വാര്‍ഡുകളില്‍ ഇത്രയും ദിവസമായി തുള്ളി വെള്ളം എത്തിയിരുന്നില്ല. കനത്ത പ്രതിഷേധങ്ങള്‍ക്കിടെ രാവിലെ തുടങ്ങിയ പരീക്ഷണ പമ്പിംഗ് വാല്‍വിലെ ചോര്‍ച്ചയെ തുടര്‍ന്ന് നിര്‍ത്തിവച്ചതോടെ അനിശ്ചിതത്വം കനക്കുകയായിരുന്നു.
ടാങ്കറില്‍ വെള്ളമെത്തിക്കുമെന്ന പ്രഖ്യാപനം പലയിടങ്ങളിലും വെറുംവാക്കായി. വെള്ളമില്ലാതെ വീടുപേക്ഷിച്ച് പോകേണ്ട ഗതികേടിലേക്ക് വരെ നാട്ടുകാരെത്തി. ജനപ്രതിനിധികളടക്കം പ്രതിഷേധമുയര്‍ത്തി. മണിക്കൂറുകളെടുത്താണ് ചോര്‍ച്ചയുള്ള വാല്‍വില്‍ അറ്റകുറ്റപ്പണി നടത്തിയത്. പൈപ്പ് മാറ്റിയിടുന്നത് അടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയായിരുന്നു പമ്പിംഗ് തുടങ്ങിയത്. പൈപ്പ് ലൈന്‍ വൃത്തിയാക്കിയാണ് കുടിവെള്ളം എത്തിക്കുന്നത്.
അതേസമയം, തലസ്ഥാനത്ത് കുടിവെള്ള പ്രശ്‌നം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ തിരുവനന്തപുരം കോര്‍പ്പറേഷന്‍ പരിധിയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് (സെപ്റ്റംബര്‍ 9) ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കോളേജുകളില്‍ ഇന്ന് നടക്കുന്ന പ്രവേശന നടപടികള്‍ക്ക് മാറ്റമില്ലെന്നും കളക്ടര്‍ അറിയിച്ചു. ഓണപരീക്ഷകളും മാറ്റിവെച്ചിരിക്കുകയാണ്.
തിരുവനന്തപുരം നഗരസഭ പരിധിയില്‍ കുടിവെള്ള പ്രശ്‌നം രൂക്ഷമായതിനെ തുടര്‍ന്ന് കേരള യൂണിവേഴ്‌സിറ്റി ഇന്ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു. പരീക്ഷ നടത്തുന്ന തീയതി പിന്നീട് അറിയിക്കുമെന്ന് യൂണിവേഴ്‌സിറ്റി അറിയിച്ചു. കഴിഞ്ഞ നാല് ദിവസങ്ങളായി നഗരത്തില്‍ കുടിവെള്ള പ്രശ്‌നം അതിരൂക്ഷമായി തുടരുകയാണ്.
തലസ്ഥാനത്തെ കുടിവെള്ള വിതരണം മുടങ്ങിയതില്‍ പ്രതിഷേധിച്ച് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്റെ ഔദ്യോഗിക വസതിയിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചിനെ ജലപീരങ്കി കൊണ്ട് നേരിടാനാകാതെ പൊലീസ്. ഒറ്റ പ്രാവശ്യം സമരക്കാരെ നേരിട്ടതോടെ ജലപീരങ്കിയിലെ വെളളം തീര്‍ന്ന പൊലീസ് പിന്നീട് സമരക്കാരുടെ കൂവലേറ്റുവാങ്ങുകയായിരുന്നു. ക്ലിഫ് ഹൗസ് കോമ്പൗണ്ടിലുള്ള മന്ത്രി റോഷി അഗസ്റ്റിന്റെ വസതി ലക്ഷ്യമാക്കിയായിരുന്നു യൂത്ത് കോണ്‍ഗ്രസുകാരുടെ മാര്‍ച്ച്.
വെള്ളം ആവശ്യപ്പെട്ട് ബക്കറ്റും പാത്രവുമായുള്ള മാര്‍ച്ചിനെ ബാരിക്കേഡ് വച്ച് പൊലീസ് തടഞ്ഞു. സംഘര്‍ഷമുണ്ടാകാനുള്ള സാധ്യതയുള്ളതിനാല്‍ വന്‍ പൊലീസ് സന്നാഹങ്ങളായിരുന്നു പ്രദേശത്ത് വിന്യസിച്ചിരുന്നത്. ഇതിനിടെ ബാരിക്കേഡ് മറിച്ചിട്ട് കടക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകരെ പൊലീസ് നേരിടാന്‍ തീരുമാനിച്ചു. വെള്ളം ചോദിച്ചു വന്നവരെ വെള്ളമടിച്ച് പറഞ്ഞയക്കാന്‍ പൊലീസ് ജലപീരങ്കി പ്രയോഗിക്കുകയായിരുന്നു. ആദ്യം കുറച്ചുവെള്ളം ചീറ്റിയെങ്കിലും പിന്നീട് വെള്ളം നിന്നു.
ജലപീരങ്കിയില്‍ നിന്നും വീണ വെള്ളമെടുത്ത് പൊലീസിന് നേരെ ഒഴിച്ച് യൂത്ത് കോണ്‍ഗ്രസും സമരം തുടര്‍ന്നു. വീണ്ടും ബാരിക്കേഡ് പിടിച്ചു വലിച്ചതോടെ ദാ, കേള്‍ക്കുന്നു ജലപീരങ്കിയുടെ സൈറണ്‍, ഇപ്പോള്‍ വെള്ളം വീഴുമെന്ന ആക്ഷനില്‍ സമരക്കാരും തയ്യാര്‍. എന്നാല്‍ ശബ്ദം മാത്രമായിരുന്നു പുറത്തേക്ക് വന്നത്. എന്തായാലും പൊലീസുകാരുടെ നിസ്സഹായാവസ്ഥയില്‍ കൂവി മുദ്രാവാക്യം വിളിച്ച് പ്രതിഷേധമറിയിച്ച് പ്രതിഷേധക്കാര്‍ പിന്‍വാങ്ങി. അധികം പ്രതിഷേധമില്ലാത്തിനാല്‍ മാനം കാത്ത് പൊലീസും രക്ഷപ്പെട്ടു.
https://www.facebook.com/Malayalivartha
























