ഒന്നൊന്നര നീക്കം... റഷ്യ-യുക്രൈന് യുദ്ധം അവസാനിപ്പിക്കാന്‍ മോദിയുടെ തീരുമാന പ്രകാരം അജിത് ഡോവല്‍ മോസ്കോയിലേക്ക്

അങ്ങനെ ലോകം കാത്തിരിക്കുന്ന സമാധാന ദിനങ്ങള്‍ സമ്മാനിക്കാന്‍ നരേന്ദ്ര മോദി രംഗത്ത്. റഷ്യ-യുക്രൈന് യുദ്ധം അവസാനിപ്പിക്കുന്നതിനായി ചര്‍ച്ച നടത്താന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ ഈ ആഴ്ച മോസ്കോയിലേക്ക് പോകുന്നു.
കഴിഞ്ഞ രണ്ട് മാസത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യയും യുക്രൈനും സന്ദര്‍ശിക്കുകയും വ്ലാദിമിന്‍ പുടിന്, സെലെന്‍സ്കി എന്നിവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. പിന്നാലെയാണ് ഡോലവിനെ അയക്കാന്‍ തീരുമാനമുണ്ടായത്. സെലെന്‍സ്കിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് തൊട്ടുപിന്നാലെ പ്രധാനമന്ത്രി റഷ്യന്‍ പ്രസിഡന്റ് പുടിനുമായി ഫോണില്‍ സംസാരിച്ചു.
കീവ് സന്ദര്‍ശനത്തെക്കുറിച്ച് പ്രധാനമന്ത്രി മോദി പ്രസിഡന്റ് പുടിനെ ഫോണില്‍ അറിയിച്ചതായി റഷ്യന്‍ എംബസി പ്രസ്താവനയില്‍ പറഞ്ഞു. രാഷ്ട്രീയവും നയതന്ത്രപരവുമായ മാര്‍ഗങ്ങളിലൂടെ ഒത്തുതീര്‍പ്പ് കൊണ്ടുവരാനുള്ള ഇന്ത്യയുടെ പ്രതിബദ്ധത ഊന്നിപ്പറയുകയും ചെയ്തു. പുട്ടിനുമായി സംസാരിച്ചതിന്റെ ഫലമാണ് എന്‍എസ്എ തലവന്‍ അജിത് ഡോവല്‍ സമാധാന ചര്‍ച്ചകള്‍ക്കായി മോസ്കോയിലേക്ക് അയക്കാന്‍ തീരുമാനിച്ചതെന്ന് വൃത്തങ്ങള്‍ അറിയിച്ചു.
അതേസമയം, സന്ദര്‍ശനത്തിന്റെ ഷെഡ്യൂള്‍ സംബന്ധിച്ച വിശദാംശങ്ങളൊന്നും പുറത്തുവന്നിട്ടില്ല. റഷ്യ-യുക്രൈന് സംഘര്‍ഷത്തെക്കുറിച്ച് മോദിയും പുട്ടിനും ഫോണില്‍ സംസാരിച്ചെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. സംഘര്‍ഷം അനസാനിപ്പിക്കാനും സ്ഥിരവും സമാധാനപരവുമായ പരിഹാരം കാണാന്‍ പ്രായോഗികവുമായ ഇടപെടലിന്റെ പ്രാധാന്യം മോദി വ്യക്തമാക്കിയെന്നും പിഎംഒ പുറത്തിറക്കിയ പത്രക്കുറിപ്പില്‍ വ്യക്തമാക്കി.
റഷ്യ-യുക്രൈന് സംഘര്‍ഷം മൂര്‍ച്ഛിക്കുന്ന സാഹചര്യത്തിലാണ് ഡോവലിന്റെ സന്ദര്‍ശനം. റഷ്യ നടത്തിയ വന്‍ വ്യോമാക്രമണത്തെ പ്രതിരോധിച്ചതായി യുക്രൈന് അറിയിച്ചിരുന്നു. 67 ഡ്രോണുകളില്‍ 58 എണ്ണം വെടിവച്ചിട്ടെന്ന് അവകാശപ്പെട്ടു. കീവില്‍ പാര്‍ലമെന്റ് മന്ദിരത്തിന് സമീപം ഡ്രോണുകളുടെ അവശിഷ്ടം കണ്ടെത്തിയതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അതേസമയം ഏതാനും ദിവസം മുന്‍പ് യുക്രൈന്റെ പടിഞ്ഞാറന്‍ നഗരമായ ലിവിവില്‍ റഷ്യ നടത്തിയ വ്യോമാക്രമണത്തില്‍ കനത്ത നാശം. റഷ്യയുടെ വ്യോമാക്രമണത്തില്‍ മൂന്ന് കുട്ടികള്‍ ഉള്‍പ്പെടെ ഏഴ് പേര് കൊലപ്പെട്ടു. 40 ലേറെ പേര്‍ക്ക് പരുക്കേറ്റെന്നും 50 ലേറെ കെട്ടിടങ്ങള്‍ക്ക് നാശനഷ്ടവുമുണ്ടായെന്നുമാണ് റിപ്പോര്‍ട്ട്.
ഡ്രോണുകളും ഹൈപ്പര്‍ സോണിക് മിസൈലുകളും ഉപയോഗിച്ച് പുലര്‍ച്ചെയായിരുന്നു റഷ്യന്‍ ആക്രമണം. അതിനു മുന്‍പ് പോള്‍ട്ടാവയിലുണ്ടായ റഷ്യന്‍ ആക്രമണത്തില്‍ 50 ലേറെ പേര്‍ക്കാണ് ജീവന് നഷ്ടമായത്. 180 ലേറെപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
റഷ്യന്‍ ആക്രമണത്തില്‍ രൂക്ഷമായി പ്രതികരിച്ച് യുക്രൈന് പ്രസിഡന്റ് വ്ലാദമിര്‍ സെലന്‍സ്കി നേരത്തെ രംഗത്തെത്തിയിരുന്നു. പോള്‍ട്ടാവയിലെ വിദ്യാഭ്യാസ സ്ഥാപനവും സമീപത്തെ ആശുപത്രിയുമാണ് ആക്രമിക്കപ്പെട്ടതെന്നാണ് സെലന്‍സ്കി ടെലിഗ്രാം വീഡിയോയിലൂടെ പറഞ്ഞത്. ഖാര്ക്കീവില് നിന്ന് 130 കിലോമീറ്റര്‍ അകലെയുള്ള നഗരമാണ് ആക്രമിക്കപ്പെട്ടത്. ഇതുവരെ യുദ്ധത്തിന്റെ ഭീകരത കടന്നു ചെല്ലാത്ത നഗരമായിരുന്നു ഇത്. 500 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാന്‍ കെല്‍പ്പുള്ള ഇസ്കന്ദര്‍ എന്ന ബാലിസ്റ്റിക് മിസൈലാണ് ആക്രമണത്തിന് ഉപയോഗിച്ചതെന്നാണ് അനുമാനമെന്നും സെലന്‍സ്കി പറഞ്ഞു.
കഴിഞ്ഞ ജൂലായില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യ സന്ദര്‍ശിച്ചിരുന്നു. 'ഇത് യുദ്ധത്തിന്റെ കാലമല്ല' എന്ന് അന്ന് പ്രധാനമന്ത്രി റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുതിനോട് പറഞ്ഞിരുന്നു. ഇതിന് പിന്നാലെ ഓഗസ്റ്റില്‍ യുക്രൈന് പ്രസിഡന്റ് വ്ളോദിമിര്‍ സെലന്‍സ്കിയുമായും കീവില്‍ വെച്ച് മോദി കൂടിക്കാഴ്ച നടത്തിയിരുന്നു. സമാധാനത്തിനുള്ള ഇന്ത്യയുടെ പ്രതിബദ്ധത അദ്ദേഹവുമായി പങ്കുവെക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും പുതിനുമായി ഫോണ്‍ സംഭാഷണം നടത്തിയിരുന്നു.
"
https://www.facebook.com/Malayalivartha
























