കോയമ്പത്തൂർ ബന്ധുക്കളോ സുഹൃത്തുക്കളോ ഇല്ല.....കല്യാണത്തിന്റെ ആവശ്യത്തിനായി പോയെന്ന് അവിടെ എത്തിയിട്ട് വിളിച്ചു....വീട്ടിൽ നിന്ന് ഇറങ്ങിയപ്പോൾ കയ്യിൽ ബാഗില്ല..! ബാഗ് കൊണ്ട് പോകുന്നത് കണ്ടുയെന്ന് പോലീസ്...നവവരനെ കാണാതായിട്ട് ഇന്നേക്ക് ആറ് ദിവസം
പള്ളിപ്പുറം സ്വദേശിയായ യുവാവിനെ കാണാതായിട്ട് ഇന്നേക്ക് ആറ് ദിവസം. ഞായറാഴ്ച വിവാഹം നടക്കേണ്ടിയിരുന്ന പള്ളിപ്പുറം സ്വദേശി വിഷ്ണുജിത്തിനെയാണ് കാണാതായത്. വിവാഹ ആവശ്യത്തിന് പണം സംഘടിപ്പിക്കാന്‍ പാലക്കാട് പോയ യുവാവ് പിന്നീട് തിരിച്ചെത്തിയില്ലെന്ന് ചൂണ്ടിക്കാട്ടി ബന്ധുക്കള്‍ മലപ്പുറം ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കിയിരുന്നു.
വിഷ്ണുജിത്ത് കോയമ്പത്തൂരിൽ എത്തിയെന്നാണ് പൊലീസ് നിഗമനം. ഇവിടെ കേന്ദ്രീകരിച്ച് ആണ് പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്. പാലക്കാട് കെഎസ്ആർടിസി ബസ് സ്റ്റാൻ്റിൽ നിന്ന് വിഷ്ണുജിത്ത് കോയമ്പത്തൂരിലേക്ക് ബസ് കയറുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു.
വിവാഹ ദിവസവും വിഷ്ണു വീട്ടിലെത്താതായതോടെയാണ് കുടുംബം കൂടുതൽ ആശങ്കയിലായത്. അവസാനം വിളിച്ചപ്പോൾ സാധാരണ രീതിയിലാണ് സംസാരിച്ചതെന്നും ഒരു ലക്ഷം രൂപ സുഹൃത്തിൽ നിന്നും വാങ്ങിയിരുന്നുവെന്നും സഹോദരി പറഞ്ഞു. യുവാവ് കഞ്ചിക്കോട് നിന്ന് പാലക്കാട്ടേക്ക് ബസ് കയറിയതായാണ് സുഹൃത്തിൽ നിന്ന് അവസാനം ലഭിച്ച വിവരമെന്നും സഹോദരി കൂട്ടിച്ചേർത്തു.
അതേസമയം പാലക്കാട് കെഎസ്ആർടിസി ബസ് സ്റ്റാന്റിൽ നാലാം തീയതി രാത്രി 7.45ന് യുവാവ് കോയമ്പത്തൂർ ബസ് കയറുന്നതിന്റെ ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. ദൃശ്യങ്ങളിലുള്ളത് വിഷ്ണു തന്നെയാണെന്ന് കുടുംബം സ്ഥിരീകരിച്ചിട്ടുണ്ട്. പോകുന്ന വിവരമൊന്നും നേരത്തെ പറഞ്ഞിരുന്നില്ല. കല്യാണത്തിന്റെ ആവശ്യത്തിനായി പോയെന്ന് അവിടെ എത്തിയിട്ടാണ് വിളിച്ചുപറഞ്ഞത്. കോയമ്പത്തൂർ ബന്ധുക്കളോ സുഹൃത്തുക്കളോ ഇല്ല. ബാഗ് കൊണ്ട് പോകുന്നത് കണ്ടു എന്നാണ് പൊലീസ് പറഞ്ഞത്. എന്നാൽ പോകുമ്പോൾ കയ്യിൽ ബാഗുണ്ടായിരുന്നില്ല. പാലക്കാട് സുഹൃത്തിനെ കാണാൻ ചെന്നപ്പോഴും ബാഗുള്ളതായി വിവരമില്ലെന്നും സഹോദരി റിപ്പോർട്ടറിനോട് പറഞ്ഞു.
https://www.facebook.com/Malayalivartha