വാടകയ്ക്ക് താമസിച്ചിരുന്ന ദമ്പതികളെ കാണാൻ പതിവായി എത്തിയിരുന്ന വയോധികയെ കൊന്നു കുഴിച്ചിട്ട നിലയിൽ; ശരീരത്തിൽ സ്വർണമില്ല...
വാടകയ്ക്ക് താമസിച്ചിരുന്ന ദമ്പതികളെ കാണാൻ പതിവായി എത്തിയിരുന്ന വയോധികയെ കൊന്നു കുഴിച്ചിട്ട നിലയിൽ കണ്ടെത്തി. എറണാകുളം കനയന്നൂർ ഹാർമണി ഹോംസ് ചക്കാല മഠത്തിൽ സുഭദ്ര (73) ആണ് കൊല്ലപ്പെട്ടതെന്നാണ് വിവരം. ഇവരെ കാണാനില്ലെന്ന് മകൻ രാധാകൃഷ്ണൻ ഓഗസ്റ്റ് നാലിന് പൊലീസിൽ പരാതി നൽകിയിരുന്നു. സംഭവ സ്ഥലത്ത് എത്തിയ പോലീസ് ഇവിടെ കുഴിയെടുത്ത് പരിശോധന നടത്തുകയാണ്. ദൂരെയുള്ള ക്ഷേത്രങ്ങൾ സന്ദർശിക്കാറുള്ള സുഭദ്രയെ നാലാം തീയതി രാത്രി 8.30നു ശേഷമാണ് കാണാതായത്. തുടർന്നു നടന്ന അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. ഇതു ഇവരുടേതു തന്നെയാണോ എന്ന് പരിശോധിക്കാനാണ് നീക്കം. പ്രദേശത്തു നിന്ന് കനത്ത ദുർഗന്ധം വമിക്കുന്നെന്നും മൃതദേഹത്തിന് മൂന്നാഴ്ചയോളം പഴക്കമുണ്ടെന്നാണ് കരുതുന്നതെന്നും പൊലീസ് അറിയിച്ചു.
വീടിനു സമീപത്ത് പൊലീസ് നായയെ എത്തിച്ചു നടത്തിയ പരിശോധനയിൽ മൃതദേഹം പറമ്പിൽ കുഴിച്ചിട്ടു എന്ന അനുമാനത്തിലെത്തുകയായിരുന്നു. കൊച്ചി സിറ്റിയിലെ കടവന്ത്ര പൊലീസ് സ്റ്റേഷനിൽ റജിസ്റ്റർ ചെയ്ത കേസിൽ കൃത്യസ്ഥലം ആലപ്പുഴ മണ്ണഞ്ചേരി പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള കാട്ടൂർ ആണെന്ന് കാണിച്ച് തുടർന്നുള്ള അന്വേഷണം മണ്ണഞ്ചേരി പൊലീസിന് കൈമാറി. തുടർന്നു നടന്ന അന്വേഷണത്തിലാണ് സുഭദ്ര കോർത്തശ്ശേരിയിലെ വീട്ടിൽ എത്തിയിട്ടുണ്ടെന്നു സമീപത്തെ വീട്ടിലെ സിസിടിവി ദൃശ്യങ്ങളിൽ കണ്ടെത്തിയത്. കാട്ടൂർ സ്വദേശി മാത്യൂസ്, ഭാര്യ മഗലാപുരം സ്വദേശി ശർമിള എന്നിവരാണ് കോർത്തുശേരിയിലെ വീട്ടിൽ വാടകയ്ക്കു താമസിച്ചിരുന്നത്. ഇവരെ കണ്ടെത്താനായിട്ടില്ല. ഓഗസ്റ്റ് 7നു കോർത്തുശേരിയിലെ കൂലിപ്പണിക്കാരനെക്കൊണ്ട് വീടിനു സമീപത്തു കുഴി എടുത്തെന്നു പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് മണ്ണുനീക്കി പരിശോധന ആരംഭിച്ചത്.
തീർത്ഥാടന യാത്രക്കിടെയാണ് ശർമ്മിളയെ സുഭദ്ര പരിചയപ്പെട്ടതെന്നാണ് വിവരം. 73 വയസുകാരിയായ സുഭദ്ര മറ്റൊരു തീർത്ഥാടന യാത്രക്ക് വേണ്ടി ശർമ്മിളയുടെ വീട്ടിലേക്ക് പോയതാവാമെന്ന നിഗമനത്തിലാണ് പൊലീസുള്ളത്. സെപ്തംബർ നാലിന് വീട്ടിൽ നിന്ന് ഇറങ്ങിയ സുഭദ്രയെ കാണാതായതിന് പിന്നാലെ സെപ്തംബർ ഏഴിനാണ് മകൻ രാധാകൃഷ്ണൻ പൊലീസിന് പരാതി നൽകിയത്. ക്ഷേത്ര ദർശനത്തിന് പോയ അമ്മ തിരികെ വന്നില്ലെന്നാണ് പരാതി. സുഭദ്രയെ സ്വർണവും പണവും കവർന്ന ശേഷം കൊലപ്പെടുത്തിയതാകാമെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം.
സുഭദ്ര ഒറ്റയ്ക്കായിരുന്നു കടവന്ത്രയിലെ വീട്ടിൽ താമസിച്ചിരുന്നതെന്ന വിവരം പുറത്തുവന്നിട്ടുണ്ട്. ഇവരെ കാണാൻ ഇടയ്ക്ക് ഒരു സ്ത്രീ വന്നിരുന്നു. അവർക്കൊപ്പമാണ് കൊച്ചിയിൽ നിന്ന് പോയതെന്നും സുഭദ്രയുടെ പക്കൽ സ്വർണവും പണവും ഉണ്ടായിരുന്നുവെന്നും ബന്ധുക്കൾ വ്യക്തമാക്കി. ഇത് കവർന്ന ശേഷമുളള കൊലപാതകമെന്നാണ് പൊലീസ് സംശയിക്കുന്നത്. കൊലപാതകമെന്ന് സംശയമുയർന്നതോടെ കേസ് ആലുപ്പുഴ പൊലീസിന് കൈമാറുകയായിരുന്നെന്ന് കൊച്ചി സിറ്റി പൊലീസ് വ്യക്തമാക്കി. സംഭവത്തിൽ ഒരാൾ പൊലീസ് കസ്റ്റഡിയിലാണ്. കലവൂരിലെ വീട്ടിൽ കസ്റ്റഡിയിലുള്ളയാൾ നൽകിയ വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് പൊലീസ് പരിശോധന പുരോഗമിക്കുന്നത്.
കടവന്ത്ര സ്വദേശി സുഭദ്രയുടെ തിരോധാനവുമായി ബന്ധപ്പെട്ട് ആലപ്പുഴ കലവൂരിലെ വീട്ടിൽ നടത്തിയ പരിശോധനയിൽ മൃതദേഹത്തിൻ്റെ ഭാഗങ്ങളെന്ന് സംശയിക്കുന്ന അവശിഷ്ടങ്ങൾ കണ്ടെത്തി. എന്നാൽ ഇത് സുഭദ്രയുടേത് തന്നെയാണോയെന്ന് വ്യക്തമല്ല. ഈ വീട്ടിൽ താമസിച്ചിരുന്ന സുഭദ്രയുടെ സുഹൃത്ത് ശർമ്മിളയും മാത്യൂസും ഒളിവിലാണ്. ഇവർക്കായുള്ള അന്വേഷണം പോലീസ് ഊർജിതമാക്കിട്ടുണ്ട്. സുഭദ്രയെ എന്തിനു കൊലപ്പെടുത്തി കുഴിച്ചുമൂടി എന്നത് കണ്ടെത്തേണ്ടത് പോലീസിന് മുന്നിലെ വെല്ലുവിളിയാണ്. ആര് ചെയ്തു എന്നും, ആർക്ക് വേണ്ടി ചെയ്തു എന്നതും വരും മണിക്കൂറിൽ പുറത്ത് വരും.
https://www.facebook.com/Malayalivartha