മലപ്പുറം എസ്.പി എസ്. ശശിധരനെ സ്ഥലംമാറ്റി... ഡിവൈ എസ് പിമാരും തെറിച്ചു

പി വി അൻവർ എംഎൽഎയുടെ ആരോപണങ്ങൾക്ക് പിന്നാലെ മലപ്പുറത്ത് പോലീസിൽ അഴിച്ചുപണി. മലപ്പുറം എസ് പി എസ്.ശശിധരനെ സർക്കാർ സ്ഥലംമാറ്റി. എസ്.പിയടക്കം ജില്ലാ പൊലീസിൽ വ്യാപക അഴിച്ചുപണിയാണ് ആഭ്യന്തരവകുപ്പ് നടത്തിയത്. ഡിവൈഎസ്പി റാങ്കിലുള്ളവരെയും മാറ്റും. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമാണ് നടപടി.
സ്പെഷ്യൽ ബ്രാഞ്ചടക്കം സബ്ഡിവിഷനിലെ ഉദ്യോഗസ്ഥർക്കും സ്ഥാനചലനമുണ്ടായി. താനൂർ DYSP വി വി ബെന്നിയെ കോഴിക്കോട് റൂറൽ ജില്ലാ ക്രൈംബ്രാഞ്ചിലേക്ക് മാറ്റി. ബെന്നിക്കെതിരെ പൊന്നാനിയിലെ യുവതി പീഡന പരാതി ഉന്നയിച്ചിരുന്നു. പി വി അൻവറും ബെന്നിക്കെതിരെ ആരോപണവുമായി രംഗത്തെത്തിയിരുന്നു.
മുട്ടിൽ മരംമുറിക്കേസ് അന്വേഷണ ഉദ്യോഗസ്ഥനാണ് ബെന്നി. മലപ്പുറം മുൻ എസ് പിയും പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിയുമായ എസ്. സുജിത് ദാസിനെ അൻവറിന്റെ വെളിപ്പെടുത്തലിന് പിന്നാലെ സസ്പെൻഡ് ചെയ്തിരുന്നു. എസ്.പി എസ്.ശശിധരനെതിരെ പറഞ്ഞതിൽ മാപ്പ് പറയില്ലെന്ന് മുൻപ് അൻവർ വ്യക്തമാക്കിയിരുന്നു.
ശശിധരൻ നമ്പർ വൺ സാഡിസ്റ്റാണെന്നും ഈഗോയിസ്റ്റാണെന്നുമായിരുന്നു അദ്ദേഹം ആരോപിച്ചത്. നല്ല ഓഫീസറല്ലെന്നും പൂജ്യം മാർക്കേ നൽകൂ എന്നും എംഎൽഎ വ്യക്തമാക്കിയിരുന്നു.
https://www.facebook.com/Malayalivartha
























