ബിജെപിയുടെ ഔദാര്യത്തിലാണ് കേരള സർക്കാർ നിലനിൽക്കുന്നത്, കേന്ദ്രസർക്കാരിൻറെ സംരക്ഷണമെന്ന് കെ.സുധാകരൻ
പിണറായി ജീവിക്കുന്നത് ബിജെപിയുടെ ആശ്രയം കൊണ്ടാണെന്ന് കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ എംപി. അല്ലെങ്കിൽ എന്നേ ജയിലിൽ പോകേണ്ടതായിരുന്നു. പിണറായി വിജയൻ കമ്യൂണിസ്റ്റ് എന്ന് പറയുന്നത് തന്നെ ഇടതുപക്ഷത്തിന് അപമാനമാണ് എന്ന് കെ.സുധാകരൻ. ആർഎസ്എസിന് കീഴ്പ്പെട്ട് അവരുടെ അടിമയായി ജീവിക്കുന്ന നേതാവാണ് പിണറായി വിജയൻ.
മുഖ്യമന്ത്രിയുടെയും സിപിഎമ്മിന്റെയും ആർഎസ്എസ് ബന്ധം തെളിഞ്ഞതിന്റെ വിഭ്രാന്തിയിലാണ് മറ്റുള്ളവരുടെ മേൽ കുതിരകയറാൻ ഇറങ്ങിയത്.പ്രകടമായ ആർഎസ്എസ് ബന്ധത്തിലൂടെ സിപിഎം അവരെ ഇത്രയും നാൾ വിശ്വസിച്ച ന്യൂനപക്ഷങ്ങളെ വഞ്ചിച്ചു.എഡിജിപി എന്തിനാണ് ആർഎസ്എസ് നേതാക്കളെ കണ്ടത്? കൂടിക്കാഴ്ചയുടെ അജണ്ടയെന്തായിരുന്നു?
ആരുപറഞ്ഞിട്ടാണ് ഈ കൂടിക്കാഴ്ച ? മുഖ്യമന്ത്രി അറിഞ്ഞിരുന്നോ? ഇത്രയും നാൾ എന്തുകൊണ്ട് എഡിജിപിക്ക് എല്ലാ അധികാരത്തോടെയും തുടരാൻ അനുവാദം നൽകി? മുഖ്യമന്ത്രിക്ക് തന്റേടത്തോടെ മറുപടിപറയാൻ ധൈര്യമുണ്ടോ? വലിയ ഗീർവാണം മുഴക്കിയിട്ട് ഇതിനൊന്നും മറുപടിപറയാനുള്ള ആർജ്ജവം മുഖ്യമന്ത്രിക്ക് ഇല്ലാതെ പോയെന്നും സുധാകരൻ പറഞ്ഞു.
ബിജെപിയും സിപിഎമ്മും പരസ്പരം സഹായസംഘങ്ങളെപോലെയാണ് പ്രവർത്തിക്കുന്നത്. മുഖ്യമന്ത്രിയെ ജയിൽ പോകാതെ ബിജെപി സംരക്ഷിക്കുമ്പോൾ, ബിജെപി അധ്യക്ഷനെതിരായ കേസുകൾ ഒതുക്കിതീർത്ത് പിണറായി വിജയനും സംരക്ഷിക്കുന്നു. സിപിഎമ്മും മുഖ്യമന്ത്രിയും ആർഎസ്എസുകാർക്ക് വിധേയരാണ്. അവരുടെ സംരക്ഷണത്തിലും സഹായത്തിലുമാണ് കഴിയുന്നത്.
പിണറായി വിജയനെ സിപിഎമ്മിനും നേതാക്കൾക്കും അവരുടെ പാർട്ടി കമ്മിറ്റികൾക്കും മടുത്തു. അണികൾ കൈവിട്ട വിഭ്രാന്തിയിൽ പിണറായി വിജയൻ വായിൽ തോന്നുന്നത് വിളിച്ച് പറയുകയാണ്. തലശ്ശേരി കലാപത്തിന്റെ ഉത്തരവാദികൾ സിപിഎമ്മാണ്. മുഖ്യമന്ത്രിയുടെ കൊള്ളരുതായ്മക്കെതിരെ സിപിഎമ്മിൽ അമർഷം പുകയുകയാണ്.
ബിജെപിയുടെ മുൻപിൽ അടിയറവ് പറഞ്ഞ കേരളത്തിലെ ആദ്യ മുഖ്യമന്ത്രി പിണറായിയാണ്.രാജ്യത്തെ ജനാധിപത്യവും മതേതരത്വവും സംരക്ഷിച്ച പാർട്ടിയാണ് കോൺഗ്രസ്. അതിന് കോൺഗ്രസിന് സിപിഎമ്മിൻ്റെ സർട്ടിഫിക്കറ്റ് വേണ്ടെന്നും സുധാകരൻ പറഞ്ഞു.
https://www.facebook.com/Malayalivartha