കാഫിർ സ്‌ക്രീൻ ഷോട്ടും ആർ.എസ്.എസ് ബന്ധവും പൂരം കലക്കിയതും പുറത്തു വന്നതോടെ സി.പി.എമ്മിന്റെ കപട മതേതര മുഖംമൂടി അഴിഞ്ഞു വീണു; പ്രതിപക്ഷ നേതാവ്
മുഖ്യമന്ത്രിയുടെ ഓഫീസിൽ ഉപജാപകസംഘം പ്രവർത്തിക്കുന്നുവെന്ന ആരോപണവും സി.പി.എമ്മും ബി.ജെ.പിയും തമ്മിൽ അവിശുദ്ധ ബാന്ധവമുണ്ടെന്നും സി.പി.എമ്മിനെ ജീർണത ബാധിച്ചിരിക്കുകയാണെന്നുമുള്ള പ്രതിപക്ഷ ആരോപണങ്ങൾ ശരിയാണെന്ന് ഇപ്പോൾ തെളിഞ്ഞു. ഉപജാപക സംഘത്തിൽ ഉൾപ്പെട്ടവരുടെ പേരുകൾ ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്.
ഇനിയും കൂടുതൽ പേരുകൾ പുറത്തു വരും. കാഫിർ സ്‌ക്രീൻ ഷോട്ട് പ്രചരിപ്പിച്ചതും ആർ.എസ്.എസ് നേതാവിനെ എ.ഡി.ജി.പി സന്ദർശിച്ച് മുഖ്യമന്ത്രിയുടെ സന്ദേശം കൈമാറിയതും തൃശൂർ പൂരം കലക്കിയതും പുറത്തു വന്നതോടെ സി.പി.എമ്മിന്റെ കപട മതേതര മുഖംമൂടിയാണ് അഴിഞ്ഞു വീണിരിക്കുന്നത്. മതപരമായ ഭിന്നിപ്പുണ്ടാക്കി രാഷ്ട്രീയ നേട്ടമുണ്ടാക്കാനാണ് കാഫീർ വിവാദത്തിലൂടെ സി.പി.എം ശ്രമിച്ചത്.
ബി.ജെ.പിക്ക് കേരളത്തിൽ അക്കൗണ്ട് തുറക്കാൻ സഹായിക്കാമെന്ന സന്ദേശമാണ് എ.ഡി.ജി.പി വഴി മുഖ്യമന്ത്രി ആർ.എസ്.എസിന് കൈമാറിയത്. ഇതിന്റെ തുടർച്ചയായി ബി.ജെ.പിക്ക് കളമൊരുക്കുന്നതിന് വേണ്ടിയാണ് പൂരം കലക്കിയത്. വിശ്വാസത്തെയും ആചാരാനുഷ്ടാനങ്ങളെയും കുറിച്ച് പറഞ്ഞ ബി.ജെ.പിയാണ് ഉത്സവം കലക്കിയത്.
സി.പി.എമ്മിന്റെയും ബി.ജെ.പിയുടെയും കപട നിലപാടുകൾ ഇപ്പോൾ ജനങ്ങൾക്ക് മുന്നിൽ തുറന്നു കാട്ടപ്പെട്ടിരിക്കുകയാണ്. പത്തു ദിവസമായി ഒരു ഭരണകക്ഷി എം.എൽ.എ മുഖ്യമന്ത്രിയെയും അദ്ദേഹത്തിന്റെ ഓഫീസിനെയും വെല്ലുവിളിക്കുകയാണ്. എന്നിട്ടും മിണ്ടുന്നില്ല. പഴയ സി.പി.എം ആയിരുന്നെങ്കിൽ ഇങ്ങനെയാണോ? പറയുന്നത് തെറ്റാണെന്നു പറയാൻ പോലും പറ്റുന്നില്ല.
അതാണ് സി.പി.എമ്മിലെ ജീർണതയുടെ ഏറ്റവും വലിയ അടയാളം. സ്വർണക്കള്ളക്കടത്തും കൊടകര കുഴൽപ്പണ കേസും ആവിയായതു പോലെ ഇപ്പോഴത്തെ ആരോപണങ്ങളിലെ അന്വേഷണങ്ങളും ആവിയായി പോയാൽ പ്രതിപക്ഷ അതിനെ നിയമപരമായി നേരിടും. ആദ്യ പിണറായി സർക്കാരിന്റെ കാലത്ത് സ്വർണക്കള്ളക്കടത്തു കേസിൽ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി രണ്ടു തവണ ജയിലിലായി.
സ്വർണക്കള്ളക്കടത്തിന് പുറമെ സ്വർണം പൊട്ടിക്കലും കൊലപാതകങ്ങളും കൈക്കൂലിയും അഴിമതിയും ഉൾപ്പെടെയുള്ള ആരോപണങ്ങളാണ് ഇപ്പോൾ മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ഉയർന്നിരിക്കുന്നത്. എന്നിട്ടും മുഖ്യമന്ത്രി മിണ്ടുന്നില്ല. മുഖ്യമന്ത്രിയോട് ഒരു ചോദ്യം ചോദിക്കാൻ പോലും മാധ്യമ പ്രവർത്തകർക്ക് സാധിക്കുന്നില്ല. മുഖ്യമന്ത്രി മഹാമൗനത്തിന്റെ മാളങ്ങളിൽ ഒളിക്കുകയാണ്.
https://www.facebook.com/Malayalivartha