ഫേസ്ബുക്കിലൂടെയും വാട്സ്ആപ്പിലൂടെയും തലസ്ഥാന നഗരിയില്‍ ഹൈടെക്ക് പെണ്‍വാണിഭം... ഉള്ളൂര്‍ ഗാര്‍ഡന്‍സില്‍ ക്രിസ്തു ദാസ് മന്ദിരം എന്ന വീട് വടകയ്ക്കെടുത്താണ് സംഘം പെണ്‍വാണിഭം നടത്തിയത്, രണ്ട് സ്ത്രീകള്‍ അടക്കം അഞ്ച് പ്രതികള്‍

തലസ്ഥാന നഗരത്തില്‍ ഫേസ്ബുക്കിലൂടെയും വാട്സ്ആപ്പിലൂടെയും ഹൈടെക്ക് രീതിയില്‍ പെണ്‍വാണിഭം നടത്തിയ സംഭവത്തില്‍ രണ്ട് സ്ത്രീകള്‍ ഉള്‍പ്പടെ അഞ്ച് പ്രതികളുടെ വിചാരണ വിലക്കിയ ഹൈക്കോടതി സ്റ്റേ ദീര്‍ഘിപ്പിക്കല്‍ ഉത്തരവ് ഹാജരാക്കാത്തതിന് രണ്ടാം പ്രതി നവംബര്‍ 1ന് ഹാജരാകാന്‍ വിചാരണ കോടതി ഉത്തരവിട്ടു.
തിരുവനന്തപുരം അഡീ.ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതിയുടേതാണുത്തരവ്. തനിക്കെതിരായ സിറ്റി മെഡിക്കല്‍ കോളേജ് പോലീസിന്റെ കുറ്റപത്രം അടിസ്ഥാന രഹിതമാകയാല്‍ വിചാരണ കോടതിയിലെ എല്ലാ തുടര്‍ നടപടികളും റദ്ദാക്കണമെന്നാവശ്യപ്പെട്ട് രണ്ടാം പ്രതി സമര്‍പ്പിച്ച റിട്ട് ഹര്‍ജിയില്‍ 2023 ജൂലൈ 13ന് ഹൈക്കോടതി പുറപ്പെടുവിച്ച 2 മാസക്കാലത്തെ ഇടക്കാല സ്റ്റേ ഉത്തരവ് ദീര്‍ഘിപ്പിച്ചു കൊണ്ടുള്ള എക്സ്റ്റന്‍ഷന്‍ ഉത്തരവ് ഹാജരാക്കാത്തതിനാലാണ് വിചാരണ കോടതി പ്രതിക്ക് ഹാജരാകല്‍ നോട്ടീസയച്ചത്.
വിളപ്പില്‍ശാല ചൊവ്വള്ളൂര്‍ പൂവന്‍കോട് ലൈറ്റ്ഹൗസില്‍ താമസിക്കുന്ന സുല്‍ഫിക്കര്‍ , ഭാര്യ അനീജ, കഠിനക്കരം വെള്ളക്കുന്ന് സ്വദേശി മാത്യു, കരമന സ്വദേശി സനോഫര്‍, നെടുമങ്ങാട് സ്വദേശി ഷര്‍മിള എന്നിവരാണ് ഹൈടെക്ക് പെണ്‍വാണിഭ സംഘാംഗങ്ങളായ പ്രതികള്‍.
2014 ആഗസ്റ്റ് 17 നാണ് കേസിനാധാരമായ സംഭവം നടന്നത്.
ഉള്ളൂര്‍ ഗാര്‍ഡന്‍സില്‍ ക്രിസ്തു ദാസ് മന്ദിരം എന്ന വീട് വടകയ്ക്കെടുത്താണ് സംഘം പെണ്‍വാണിഭം നടത്തിയത്. ഡി സി പി അജീത ബീഗത്തിന് രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ കോളേജ് പൊലീസ് നടത്തിയ റെയിഡിലാണ് പ്രതികള്‍ അറസ്റ്റിലായത്. ഇരുപതിനായിരം രൂപയും ലാപ്ടോപ്പും വിലകൂടിയ ഫോണുകളും റെയ്ഡില്‍ പിടിച്ചെടുത്തു.
അനീജയാണ് വാട്സ്ആപ്പിലൂടെയും ഫേസ്ബുക്കിലൂടെയും ആവശ്യക്കാരുമായി ബന്ധപ്പെടുന്നത്. ഫോട്ടോ സഹിതമുള്ള വിശദ വിരങ്ങള്‍ ഇടപാടുകാര്‍ക്ക് നല്‍കും. തുടര്‍ന്ന് സുല്‍ഫിക്കര്‍ ആവശ്യക്കാരുമായി നേരിട്ട് ബന്ധപ്പെട്ട് സ്വന്തം കാറില്‍ ഇവരെ സ്ഥലത്തെത്തിയ്ക്കും. നാട്ടുകാര്‍ക്ക് സംശയം തോന്നാതിരിക്കാനാണ് സ്വന്തം കാറ് ഉപയോഗിക്കുന്നതെന്ന് ഇയാള്‍ പൊലീസിനോട് കുറ്റസമ്മത മൊഴി നല്‍കിയെന്നാണ് പോലീസ് കേസ്. 2014 ഒക്ടോബര്‍ 4 നാണ് പോലീസ് കുറ്റപത്രം സമര്‍പ്പിച്ചത്.
പെണ്‍വാണിഭ കേന്ദ്രം നടത്തിയതുമായി ബന്ധപ്പെട്ട് നേരത്തെ അനീജയ്ക്കെതിരെ പൂജപ്പുര പൊലീസ് സ്റ്റേഷനില്‍ കേസ് നിലവിലുണ്ട്.
https://www.facebook.com/Malayalivartha
























