ആറന്മുള പാര്‍ത്ഥ സാരഥി ക്ഷേത്രത്തില്‍ തിരുവോണ ദിവസം ഭഗവാനായുള്ള സദ്യയ്ക്ക് സദ്യവട്ടങ്ങളും വിഭവങ്ങളുമായി മങ്ങാട്ട് ഭട്ടതിരി കുമാരനല്ലൂരില്‍നിന്ന് ഇന്ന് യാത്ര തിരിക്കും...

ആറന്മുള പാര്‍ത്ഥ സാരഥി ക്ഷേത്രത്തില്‍ തിരുവോണ ദിവസം ഭഗവാനായുള്ള സദ്യയ്ക്ക് സദ്യവട്ടങ്ങളും വിഭവങ്ങളുമായി മങ്ങാട്ട് ഭട്ടതിരി കുമാരനല്ലൂരില്‍നിന്ന് ഇന്ന് യാത്ര തിരിക്കും.
കുമാരനല്ലൂരിലെ മങ്ങാട്ട് ഇല്ലത്തു അനൂപ് നാരായണന് ഭട്ടതിരിയാണ് ഇത്തവണ ആറന്മുളയ്ക്ക് പോകുന്നത്. ഇദ്ദേഹത്തിന്റെ കന്നിയാത്രയാണിത്. എംടെക് ബിരുദധാരിയായ ഇദ്ദേഹം അമേരിക്കയില്‍ കംപ്യൂട്ടര്‍ എന്‍ജിനിയറായി ജോലിചെയ്തുവരികയാണ്. രാവിലെ മങ്ങാട്ടില്ലത്തെ തേവാരപ്പുരയില്‍ നടക്കുന്ന ചടങ്ങുകള്‍ക്കുശേഷം 11.30 ന് മങ്ങാട്ടുകടവില്‍നിന്ന് ചുരുളന്‍ വള്ളത്തില്‍ ആറന്മുള ലക്ഷ്യമാക്കി യാത്ര തുടങ്ങും. മൂന്നു തുഴക്കാരാണ് വള്ളത്തിലുള്ളത്.
തിരുവോണത്തോണിയുടെ ഐതിഹ്യമിങ്ങനെ...
ആറന്മുളയ്ക്കടുത്ത് കാട്ടൂര്‍ മങ്ങാട് ഇല്ലത്തെ ഭട്ടതിരിയ്ക്ക് സന്താനങ്ങളുണ്ടായിരുന്നില്ല. ഒടുവില്‍ ഒരു കുട്ടി ജനിച്ചപ്പോള്‍ അത് ആറന്മുള ഭഗവാന്റെ കൃപയാണെന്ന് ഭട്ടതിരി വിശ്വസിച്ചു.
എല്ലാ വര്‍ഷവും തിരുവോണ സദ്യ ഉണ്ണും മുമ്പ് അദ്ദേഹം ഒരു ബ്രഹ്മചാരിയ്ക്ക് ഭക്ഷണം നല്‍കും. ഒരിക്കല്‍ ഈ പതിവ് തെറ്റി. ബ്രഹ്മചാരി എത്താതെ താന്‍ തിരുവോണ സദ്യ കഴിയ്ക്കുകയില്ലെന്ന് ഭട്ടതിരി ശാഠ്യം പിടിച്ചു. അപ്പോള്‍ ഒരു ബാലനെത്തി ഊണ് കഴിച്ചു. ഭട്ടതിരിയുടെ ഭക്തിയില്‍ സന്തുഷ്ടനായ ശ്രീകൃഷ്ണന് തിരുവോണത്തിന്റെ സദ്യ ഇനി ആറന്മുള ക്ഷേത്രത്തില്‍ വന്ന് നല്കിയാല് മതിയെന്ന് ദര്‍ശനത്തില്‍ പറഞ്ഞുവത്രെ.
പിറ്റേവര്‍ഷം മുതല്‍ തിരുവോണത്തിനുള്ള സദ്യവട്ടവുമായി ഭട്ടതിരി മങ്ങാട്ട് ഇല്ലത്തില്‍ നിന്നും വള്ളത്തില്‍ ആറന്മുളയിലേക്ക് തിരിക്കും. ഈ തോണിയാണ് തിരുവോണത്തോണി.
"
https://www.facebook.com/Malayalivartha
























