അവസാനവട്ട ശ്രമം... സമരം ചെയ്യുന്ന ഡോക്ടര്‍മാരെ സന്ദര്‍ശിച്ച് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി; ആവശ്യങ്ങള്‍ പഠിക്കുമെന്ന് ഉറപ്പ്

എന്തൊക്കെ ഉറപ്പ് നല്‍കിയിട്ടും ഡോക്ടര്‍മാര്‍ സമരത്തില്‍ നിന്നും പിന്തിരിയുന്നില്ല. രാജി സന്നദ്ധത അറിയിച്ചിട്ടും രക്ഷയില്ല. അവസാനം വനിതാ ഡോക്ടറുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് പശ്ചിമബംഗാളില്‍ സമരം ചെയ്യുന്ന ഡോക്ടര്‍മാരെ സന്ദര്‍ശിച്ച് മുഖ്യമന്ത്രി മമതാ ബാനര്‍ജി. പ്രശ്‌നം പരിഹരിക്കാനുള്ള അവസാന ശ്രമമെന്ന നിലയ്ക്കാണ് മമത ബാനര്‍ജി ഡോക്ടര്‍മാരെ കണ്ടത്.
ഡോക്ടര്‍മാരുടെ ആവശ്യങ്ങള്‍ പഠിക്കുമെന്നും കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്നും മമത ഉറപ്പ് നല്‍കി. മുഖ്യമന്ത്രി എന്ന നിലയിലല്ല, ദീദി എന്ന നിലയിലാണ് താന്‍ അഭ്യര്‍ത്ഥിക്കുന്നതെന്നും പറഞ്ഞാണ് മമത സമരവേദിയില്‍ നിന്ന് മടങ്ങിയത്. സുതാര്യമായ നടപടിയാണ് വേണ്ടതെന്നും, ഉന്നയിച്ച ആവശ്യങ്ങളില്‍ പരിഹാരമില്ലാതെ പിന്നോട്ടില്ലെന്നും ഡോക്ടര്‍മാര്‍ പ്രതികരിച്ചു.
നേരത്തെ, ഡോക്ടര്‍മാരുടെ സമരം ഒത്തുതീര്‍പ്പാകാത്തതിനെ തുടര്‍ന്ന് രാജി വയ്ക്കാന്‍ തയ്യാറെന്ന പ്രഖ്യാപനവുമായി മമത ബാനര്‍ജി രംഗത്തെത്തിയിരുന്നു. സമരം ഒത്തുതീര്‍പ്പാക്കാനായി ഡോക്ടര്‍മാരെ നിരന്തരം ചര്‍ച്ചയ്ക്ക് വിളിച്ചിട്ടും അവര്‍ ചര്‍ച്ചക്ക് എത്താത്തതിനെ തുടര്‍ന്നാണ് മമത, രാജിക്കും തയ്യാറാണെന്ന് പ്രതികരിച്ചത്. ഡോക്ടര്‍മാരെ മുഖ്യമന്ത്രി ചര്‍ച്ചക്ക് വിളിച്ചിരുന്നു.
രണ്ട് മണിക്കൂറിലേറെ മുഖ്യമന്ത്രി കാത്തിരിന്നിട്ടും ഡോക്ടര്‍മാര്‍ ചര്‍ച്ചക്ക് എത്തിയില്ല. പിന്നാലെ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് മമത രാജി സന്നദ്ധത അറിയിച്ചത്. ജനങ്ങളുടെ താല്‍പര്യം കണക്കിലെടുത്ത് രാജിക്ക് തയ്യാറാണെന്നാണ് മുഖ്യമന്ത്രി വ്യക്തമാക്കിയത്.
അതേസമയം, പ്രതിഷേധം തണുപ്പിക്കാനുള്ള ശ്രമങ്ങളുടെ കൂടി ഭാഗമായി ബലാല്‍സംഗ കേസ് പ്രതികള്‍ക്ക് വേഗത്തില്‍ ശിക്ഷ ഉറപ്പാക്കുന്ന നിയമ ഭേദഗതി നേരത്തെ ബംഗാള്‍ സര്‍ക്കാര്‍ പാസാക്കിയിരുന്നു. 'അപരാജിത വുമണ്‍ ആന്‍ഡ് ചൈല്‍ഡ് ബില്‍ 2024' സെപ്തംബര്‍ 3 ന് നിയമസഭയില്‍ അവതരിപ്പിച്ച് മമത സര്‍ക്കാര്‍ പാസാക്കിയെടുത്തിരുന്നു. പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചാണ്'അപരാജിത വുമണ്‍ ആന്‍ഡ് ചൈല്‍ഡ് ബില്‍ 2024' പാസാക്കിയത്. ബലാത്സംഗ കേസ് പ്രതികള്‍ക്ക് ജീവപര്യന്തം തടവുശിക്ഷയും, ഇര കൊല്ലപ്പെട്ടാല്‍ വധശിക്ഷയും ഉറപ്പാക്കുന്നതാണ് നിയമ ഭേദഗതി. ബില്‍ പാസാക്കി ഗവര്‍ണര്‍ക്ക് അയച്ചു നല്‍കിയിട്ടുണ്ട്. ഗവര്‍ണര്‍ ഒപ്പിട്ടില്ലെങ്കില്‍ രാജ്ഭവന് മുന്നില്‍ സമരമിരിക്കുമെന്നടക്കം മമത നേരത്തെ പ്രഖ്യാപിച്ചിരിട്ടുണ്ട്.
കഴിഞ്ഞ ദിവസം മമത ബാനര്‍ജി രാജിസന്നദ്ധത അറിയിച്ചിരുന്നു. കൊല്‍ക്കത്തയിലെ ആര്‍ജി കര്‍ മെഡിക്കല്‍ കോളജ് ബലാത്സംഗ കൊലപാതകവുമായി ബന്ധപ്പെട്ടുള്ള ജൂനിയര്‍ ഡോക്ടര്‍മാരുടെ പ്രതിഷേധത്തിനിടെയാണ് വാര്‍ത്താ സമ്മേളനം വിളിച്ച് രാജിക്ക് തയ്യാറെന്ന പ്രസ്താവന മമത നടത്തിയത്. ജനങ്ങള്‍ക്കു വേണ്ടി താന്‍ രാജിക്ക് ഒരുക്കമാണെന്നും ഡോക്ടറെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ സംഭവത്തില്‍ തനിക്കും നീതി വേണമെന്നും മമത പറഞ്ഞു.
സംഭവത്തില്‍ പ്രതിഷേധം തുടരുന്ന ഡോക്ടര്‍മാരെ മമത ചര്‍ച്ചക്കു വിളിച്ചിരുന്നു. എന്നാല്‍, നിശ്ചിത സമയം കഴിഞ്ഞ് ഒരു മണിക്കൂറിലധികം മമത കാത്തിരുന്നെങ്കിലും കൂടിക്കാഴ്ചക്കോ ചര്‍ച്ചക്കോ സമരക്കാര്‍ തയ്യാറായില്ല. ഇതിനു പിന്നാലെയാണ് വാര്‍ത്താ സമ്മേളനം വിളിച്ച് ബംഗാള്‍ മുഖ്യമന്ത്രി രാജി സന്നദ്ധത അറിയിച്ചത്. ബലാത്സംഗ കൊലപാതകവുമായി ബന്ധപ്പെട്ടുണ്ടായ അനിശ്ചിതത്വം ഇന്ന് അവസാനിക്കുമെന്ന് പ്രതീക്ഷിച്ച ബംഗാളിലെ ജനങ്ങളോട് താന്‍ ക്ഷമ ചോദിക്കുന്നുവെന്ന് മമത പ്രതികരിച്ചു.
'കഴിഞ്ഞ മൂന്ന് ദിവസമായി താന്‍ ശ്രമിക്കുന്നു. എന്നാല്‍, ഡോക്ടര്‍മാര്‍ ചര്‍ച്ചക്ക് തയ്യാറാകുന്നില്ല. അവര്‍ തന്റെ ഉദ്ദേശങ്ങള്‍ മനസിലാക്കുന്നില്ല.'- മമത പറഞ്ഞു. ഡോക്ടര്‍മാരോട് ജോലിയിലേക്ക് മടങ്ങാനും മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു.
അതേസമയം ചര്‍ച്ച ലൈവ് സ്ട്രീമിങ് നടത്തണമെന്ന നിലപാടില്‍ നിന്ന് ഡോക്ടര്‍മാര്‍ പിന്മാറാത്ത പശ്ചാത്തതില്‍ അനിശ്ചിതത്വം തുടരുകയാണ്. സുപ്രീം കോടതിയുടെ പരിധിയില്‍ ഇരിക്കുന്ന വിഷയമായതിനാല്‍ ചര്‍ച്ചയുടെ ലൈവ് സ്ട്രീമിങ് നടത്തുക സാധ്യമല്ലെന്ന നിലപാടാണ് മമത സ്വീകരിച്ചിരിക്കുന്നത്. എന്നാല്‍, ചര്‍ച്ച പൂര്‍ണമായും റെക്കോഡ് ചെയ്യാമെന്നും മമത വാക്കുനല്‍കി, പക്ഷേ ഡോക്ടര്‍മാര്‍ അനുനയനീക്കങ്ങള്‍ക്ക് വഴങ്ങുന്നില്ല.
'ഞാന്‍ നിങ്ങളോട് അഭ്യര്‍ഥിക്കുകയാണ്. നിങ്ങള്‍ ആവശ്യപ്പെട്ടതുപോലെ വന്നു സംസാരിക്കുക. എന്റെ കൂടെ വന്ന് ഒരു ചായയെങ്കിലും കുടിക്കൂ. എന്തിനാണ് നിങ്ങള്‍ എന്നോട് അനാദരവ് കാണിക്കുന്നത്. ഞാന്‍ നിങ്ങള്‍ക്ക് വേണ്ടി കാത്തിരിക്കുകയാണ്. പക്ഷേ, നിങ്ങള്‍ക്ക് എന്നെ കാണണമെന്ന് തോന്നുന്നില്ല. മീറ്റിങ്ങിലെ മിനുറ്റ്സില്‍ ഞാന്‍ ഒപ്പിടാം, ലൈവ് സ്ട്രീമിങ് സാധ്യമല്ല. സുപ്രീംകോടതിയുടെ അനുമതി ഉണ്ടെങ്കില്‍ മാത്രമെ അത് സംഭവിക്കുകയുള്ളു,' മമത ബാനര്‍ജി വ്യക്തമാക്കി.
" f
https://www.facebook.com/Malayalivartha
























