കൊല്ലത്ത് സ്കൂട്ടര്‍ യാത്രികരായ സ്ത്രീകളെ ഇടിച്ചു വീഴ്ത്തി കാര്‍ ദേഹത്തുകൂടി കയറ്റിയിറക്കി... യുവതി മരിച്ചു, കടന്നു കളഞ്ഞ പ്രതി അറസ്റ്റില്‍

കൊല്ലത്ത് സ്കൂട്ടര്‍ യാത്രികരായ സ്ത്രീകളെ ഇടിച്ചു വീഴ്ത്തി കാര്‍ ദേഹത്തുകൂടി കയറ്റിയിറക്കി. അപകടത്തില്‍ പരിക്കേറ്റ മൈനാഗപ്പള്ളി സ്വദേശിനി കുഞ്ഞുമോള്‍ (45) മരിച്ചു. മൈനാഗപ്പള്ളി ആനൂര്‍ക്കാവില്‍ ഇന്നലെ വൈകിട്ട് 5.45നായിരുന്നു സംഭവം നടന്നത്. സ്കൂട്ടര്‍ ഓടിച്ചിരുന്ന ഫൗസിയയ്ക്കും പരിക്കേറ്റിട്ടുണ്ട്.
കാര്‍ ഓടിച്ച കരുനാഗപ്പള്ളി വെളുത്തമണല്‍ സ്വദേശി അജ്മല്‍ പിടിയിലായി. ശാസ്താംകോട്ട പതാരത്ത് നിന്നാണ് ഇയാള്‍ പിടിയിലായത്. ഇയാളെ ശാസ്താംകോട്ട പൊലീസ് കസ്റ്റഡിയിലെടുത്തു. കാറും കാറിലുണ്ടായിരുന്ന വനിതാ ഡോക്ടറെയും പൊലീസ് ഇന്നലെ കസ്റ്റഡിയിലെടുത്തിട്ടുണ്ടായിരുന്നു.
കുഞ്ഞുമോളുടെ ശരീരത്തിലൂടെ കാര്‍ കയറിയിറങ്ങിയതായാണ് നാട്ടുകാര്‍ പറയുന്നത്. കാര്‍ ഇടിച്ചയുടനെ വാഹനം നിര്‍ത്താന്‍ നാട്ടുകാര്‍ ഡ്രൈവറായ അജ്മലിനോട് പറഞ്ഞെങ്കിലും ഇയാള്‍ അമിതവേഗത്തില്‍ കാര്‍ കുഞ്ഞുമോളുടെ ദേഹത്തുകൂടി കയറ്റിയിറക്കി രക്ഷപ്പെടുകയായിരുന്നു. ഇയാള്‍ ലഹരിമരുന്ന് കേസിലടക്കം പ്രതിയാണോയെന്ന് പൊലീസ് പരിശോധിച്ചുവരുന്നു.
കാറിലുണ്ടായിരുന്ന യുവവനിതാ ഡോക്ടറെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്. അതിനിടെ സംഭവമുണ്ടായിടത്ത് നിന്ന് രക്ഷപ്പെടുന്നതിനിടെ ഒരു മതിലിലും ബൈക്കിലും കാര്‍ ഇടിച്ചു കയറ്റിയെന്നും പ്രദേശവാസികള്‍.
https://www.facebook.com/Malayalivartha
























