ലോകം സാക്ഷ്യം വഹിച്ചത് അസാധാരണമായ സ്ഫോടന രീതിയ്ക്ക്; പേജര്‍ സ്ഫോടനങ്ങളുമായി ബന്ധപ്പെട്ട മലയാളിയുടെ പങ്കിൽ സംശയം പ്രകടിപ്പിച്ച് ലോക മാധ്യമങ്ങൾ: അന്വേഷണം റിന്‍സണ്‍ ജോസിന്റെ കമ്പനിയിലേക്ക്, സാമ്പത്തിക ഇടപാടിൽ അന്വേഷണം...

അസാധാരണമായ സ്ഫോടന രീതിയ്ക്കാണ് ലോകം സാക്ഷ്യം വഹിച്ചിരിക്കുന്നത്. എവിടെ നിന്നാണ് സ്‌ഫോടക വസ്തുക്കൾ നിറച്ചിരിക്കുന്നത്? എവിടെ നിന്നാണ് ഇതിന്റെ ആസൂത്രണം എന്നിവയിൽ അവ്യക്തത നിലനിൽക്കുമ്പോൾ സാമ്പത്തിക ഇടപാടിൽ മലയാളി ഉൾപ്പെട്ട ഒരു കമ്പനി ഇപ്പോൾ രംഗത്തേയ്ക്ക് എത്തുകയാണ്. ലെബനനില്‍ നിരവധി ഹിസ്ബുള്ള പ്രവര്‍ത്തകര്‍ കൊല്ലപ്പെടാന്‍ കാരണമായ പേജര്‍, വാക്കിടോക്കി സ്‌ഫോടനം സംബന്ധിച്ച വിവരങ്ങളാണ് പുറത്ത് വരുന്നത്. പേജര്‍ സ്ഫോടനങ്ങളുമായി ബന്ധപ്പെട്ട മലയാളിയുടെ പങ്കില്‍ ലോക മാധ്യമങ്ങള്‍ സംശയം പ്രകടിപ്പിക്കുകയാണ്.
യുകെയിലെ പ്രമുഖ മാധ്യമമായ ഡെയ്ലിമെയിലാണ് മലയാളിയ റിന്‍സണ്‍ ജോസിന്റെ ബന്ധത്തെ കുറിച്ച് റിപ്പോര്‍ട്ടു ചെയ്തത്. ഇസ്രായേലിന്റെ മാസ്റ്റര്‍പ്ലാന്‍ അറിയാതെ നോര്‍വെ പൗരത്വമുള്ള മലയാളി റിന്‍സണ്‍ ജോസ് ഇടപാടില്‍ പെട്ടുപോയെന്ന വിധത്തിലാണ് ഡെയ്‌ലി മമെയ്ല്‍ വാര്‍ത്ത റിപ്പോര്‍ട്ടു ചെയ്യുന്നത്. നോര്‍വ്വേ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഐ.ടി പ്രൊഫഷണലാണ് റിന്‍സണ്‍ ജോസ്. ലബനനിലേക്ക് അയ്യായിരത്തോളം പേജറുകള്‍
വാങ്ങിയതുമായി ബന്ധപ്പെട്ട് നിരവധി വാര്‍ത്തകളാണ് കഴിഞ്ഞ ദിവസം പുറത്ത് വന്നത്. തെയ്വാന്‍ കമ്പനിയായ ഗോള്‍ഡ് അപ്പോളോയാണ് ഈ പേജറുകള്‍ നിര്‍മ്മിച്ചത് എന്നാണ് ആദ്യം വാര്‍ത്തകള്‍ പുറത്ത് വന്നത്. എന്നാല്‍ ഇക്കാര്യം നിഷേധിച്ച കമ്പനി തങ്ങള്‍ ദൗത്യത്തിന്റെ ഉപകരാര്‍ ദീര്‍ഘകാലമായി ബന്ധമുള്ള ഹംഗറിയിലെ ബി.എ.സി കണ്‍സള്‍ട്ടിംഗ് എന്ന സ്ഥാപനത്തെയാണ് ഏല്‍പ്പിച്ചതെന്ന് അറിയിച്ചു. ഈ സ്ഥാപനത്തിന്റെ സി.ഇ.ഒയാണ് കഴിഞ്ഞ ദിവസം വിവാദങ്ങളില്‍നിറഞ്ഞു നിന്ന ക്രിസ്ത്യാനാ ആര്‍സി ഡയകോണോ ബാര്‍സോണി.
പേജറുകള്‍ നിര്‍മ്മിക്കുന്നതിനായി ക്രിസ്ത്യാനക്ക് പണം നല്‍കിയത് ബള്‍ഗേറിയ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയുടെ ഉടമയായ റിന്‍സണ്‍ ജോസാണ് എന്നാണ് ബി.എ.സി കണ്‍സള്‍ട്ടിംഗ് അറിയിച്ചത്. 1.3 മില്യണ്‍ പൗണ്ടാണ് റിന്‍സണ്‍ കൈമാറിയത് എന്നാണ് ഡെയ്ലി മെയില്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്. പേജര്‍ പദ്ധതിയിലെ ഇടനിലക്കാരനായി റിന്‍സണ്‍ മാറിയെന്ന വിധത്തിലാണ് റിപ്പോര്‍ട്ട്.
ആദ്യം ലണ്ടനില്‍ ജോലി ചെയ്തിരുന്ന റിന്‍സണ്‍ 2015 ലാണ് ഓസ്ലോയില്‍ എത്തിയത് എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇപ്പോള്‍ റിന്‍സണ്‍ ഓസ്ലോയില്‍ ഇല്ല എന്നാണ് പറയപ്പെടുന്നത്. നേരത്തേ നിശ്ചയിച്ചത് പ്രകാരമുള്ള വിദേശയാത്രയിലാണ് അദ്ദേഹം എന്നാണ് സൂചന. സംഭവവുമായി ബന്ധപ്പെട്ട് ലഭ്യമായ വിവരങ്ങളെ കുറിച്ച് പ്രാഥമിക അന്വേഷണം നടത്തിയതായി ഓസ്ലോ പോലീസ് അറിയിച്ചു. ഓസ്ലോ നഗരപ്രാന്തത്തിലുള്ള മോര്‍ട്ടന്‍സ്രൂഡിലെ റിന്‍സന്റെ ഫ്ളാറ്റില്‍ മാധ്യമപ്രവര്‍ത്തകര്‍ എത്തിയിരുന്നു എങ്കിലും അവിടെ ആരും ഇല്ലായിരുന്നു.
നിരവധി മാസങ്ങളായി റിന്‍സണെ കാണുന്നില്ല എന്നാണ് അയല്‍ക്കാര്‍ പറയുന്നത്. എന്നാല്‍ റിന്‍സന്റെ പേരുമായി ബന്ധപ്പെട്ട് പുറത്ത വരുന്ന വാര്‍ത്തകള്‍ ഞെട്ടിച്ചു എന്നാണ് അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ പറയുന്നത്. 2016 ലാണ് റിന്‍സണ്‍ ജോസ് നോര്‍ട്ടാ ലിങ്ക് എന്ന സ്ഥാപനം ആരംഭിച്ചത്. റിന്‍സണെ ഫോണിലൂടെയും ഇ-മെയില്‍ വഴിയും ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ലഭ്യമായില്ല എന്നാണ് ഡെയ്ലി മെയില്‍ വ്യക്തമാക്കുന്നത്.
തായ്വാൻ കമ്പനിയുടെ പേരിലുളള പേജറുകളാണ് കഴിഞ്ഞ ദിവസങ്ങളിൽ ലബനനിൽ പൊട്ടിത്തെറിച്ചത്. എന്നാൽ തങ്ങൾ പേജറുകൾ നിർമ്മിച്ചിട്ടില്ലെന്നും കമ്പനി ലോഗോ ഉപയോഗിക്കാനുളള അവകാശം ഹംഗേറിയൻ കമ്പനിക്ക് നൽകിയെന്നുമാണ് തായ്വാൻ കമ്പനി വിശദീകരിച്ചത്. ഇതനുസരിച്ച് ഹംഗേറിയൻ കമ്പനിയുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തി.
തങ്ങൾ പേജറുകൾ നിർമ്മിച്ചിട്ടില്ലെന്നും നോർവീജിയൻ കമ്പനിക്ക് ഉപ കരാർ നൽകിയിരുന്നുവെന്നുമാണ് ഹംഗേറിയൻ കമ്പനി മറുപടി നൽകിയത്. അങ്ങനെയാണ് അന്വേഷണം നോർവയിലേക്കും അവിടെ നിന്നും ബൾഗേറിയയിൽ കമ്പനിയുളള മലയാളിയിലേക്കും എത്തിയത്.
ബൾഗേറിയയിൽ രജിസ്റ്റർ ചെയ്ത കമ്പനിയാണ് റിൻസൺ ജോണിന്റേത്. ബൾഗേറിയൻ തലസ്ഥാനമായ സോഫിയയിലാണ് കമ്പനി പ്രവർത്തിക്കുന്നത്. ഈ കമ്പനിയാണ് പണം ഹംഗറിയിലുളള മറ്റൊരു കമ്പനിയിലേക്ക് നൽകിയത്. റിൻസൺ ജോണിന്റെ കമ്പനിയെ കുറിച്ച് വിശദമായ അന്വേഷണം തുടങ്ങിയതായി ബൾഗേറിയൻ അധികൃതർ അറിയിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ആരോപണത്തെ കുറിച്ച് റിൻസൻ ഇതുവരെ പ്രതികരിച്ചിട്ടില്ല.
അതിനിടെ ലെബനനിലെ ഹിസ്ബുള്ളക്കായി പേജറുകള്‍ നിര്‍മിച്ച ഹംഗറി ആസ്ഥാനമായ ബിഎസി കണ്‍സള്‍ട്ടിങ് ഒരു ഇസ്രയേല്‍ ഷെല്‍ കമ്പനിയാണെന്നു ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 2022 മുതലാണ് പേജറുകളുടെ കയറ്റുമതി ആരംഭിച്ചത്. മൊബൈല്‍ ഫോണുകള്‍ ഉപേക്ഷിക്കാനും ട്രാക്ക് ചെയ്യാന്‍ ബുദ്ധിമുട്ടുള്ള പേജറുകളിലേക്ക് മാറാനും ഹിസ്ബുള്ള നേതാക്കള്‍ ആഹ്വാനം ചെയ്യുന്നതിനു മുന്‍പ് തന്നെ ഇലക്ട്രോണിക് ആക്രമണത്തിനുള്ള പദ്ധതി ഇസ്രയേല്‍ ചാരസംഘടന മൊസാദ് തയാറാക്കിയിരുന്നു.
ഇതിനായി ഒന്നിലധികം ഷെല്‍ കമ്പനികളും ഇസ്രയേല്‍ ആരംഭിച്ചിരുന്നു. ഉടമസ്ഥരുടെ ഐഡിന്റിറ്റി പൂര്‍ണമായി ഒഴിവാക്കിയായിരുന്നു ഷെല്‍ കമ്പനികളുടെ രൂപീകരണം. പ്രത്യക്ഷത്തില്‍, ബിഎസി കണ്‍സള്‍ട്ടിങ് ഹംഗറി ആസ്ഥാനമായുള്ള ഒരു കമ്പനിയാണ്. തായ്‌വാൻ കമ്പനിയായ ഗോള്‍ഡ് അപ്പോളോയ്ക്ക് വേണ്ടി ഇലക്ട്രോണിക് ഉപകരണങ്ങള്‍ നിര്‍മ്മിക്കാനുള്ള കരാര്‍ നടപ്പാക്കുന്ന കമ്പനി കൂടിയാണ്. ഈ കമ്പനി ഇസ്രായേലി ചാരസംഘടനയുടെ നിയന്ത്രണത്തിലായിരുന്നെന്ന് ഇസ്രയേലിലെ തന്നെ മൂന്ന് രഹസ്യാന്വേഷണ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
https://www.facebook.com/Malayalivartha























