വീട്ടമ്മയെ കാർ കയറ്റി കൊന്ന സംഭവത്തിൽ കേസിലെ പ്രതികളെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു; അജ്മലിനെ ജില്ലാ ജയിലിലേക്കും ശ്രീക്കുട്ടിയെ അട്ടക്കുളങ്ങര വനിതാ ജയിലിലേക്കും മാറ്റി...

മൈനാഗപ്പള്ളിയിൽ സ്കൂട്ടർ യാത്രികയായ വീട്ടമ്മയെ കാർ കയറ്റി കൊന്ന സംഭവത്തിൽ കേസിലെ പ്രതികളെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. മൈനാഗപ്പള്ളി ആനൂർക്കാവ് സ്വദേശി കുഞ്ഞുമോളെ(45) കൊലപ്പെടുത്തിയ കേസിൽ പിടിയിലായ കരുനാഗപ്പള്ളി ഇടക്കുളങ്ങര സ്വദേശി മുഹമ്മദ് അജ്മൽ (29), നെയ്യാറ്റിൻകര സ്വദേശി ഡോ.ശ്രീക്കുട്ടി (27) എന്നിവരുടെ പൊലീസ് കസ്റ്റഡി അവസാനിച്ചതോടെ ശാസ്താംകോട്ട ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് ആർ.നവീന്റെ വസതിയിൽ ഹാജരാക്കി. അജ്മലിനെ ജില്ലാ ജയിലിലേക്കും ശ്രീക്കുട്ടിയെ അട്ടക്കുളങ്ങര വനിതാ ജയിലിലേക്കും മാറ്റി. ശാസ്താംകോട്ട, കരുനാഗപ്പള്ളി പൊലീസ് സ്റ്റേഷൻ പരിധിയിലെ വിവിധ സ്ഥലങ്ങളിൽ എത്തിച്ച് പ്രതികളുമായി തെളിവെടുപ്പ് പൂർത്തിയാക്കിയെന്നും പരമാവധി വിവരങ്ങൾ ശേഖരിച്ചെന്നും അന്വേഷണസംഘം പറഞ്ഞു.
ഒന്നാം പ്രതി മുഹമ്മദ് അജ്മൽ നൽകിയ ജാമ്യാപേക്ഷ ഇന്ന് ശാസ്താംകോട്ട കോടതി പരിഗണിക്കും. ഡോ.ശ്രീക്കുട്ടിയുടെ ജാമ്യാപേക്ഷ കോടതി മുൻപു തള്ളിയിരുന്നു. ഒന്നാം പ്രതി അജ്മലിനെതിരെ കാറിൽ ഒപ്പമുണ്ടായിരുന്ന രണ്ടാം പ്രതി ഡോ. ശ്രീക്കുട്ടിയുടെ നിർണായക മൊഴി പുറത്ത് വന്നിരുന്നു. അജ്മൽ നിർബന്ധിച്ച് മദ്യം കുടിപ്പിച്ചെന്നാണ് ഡോ.ശ്രീക്കുട്ടി മൊഴി നൽകിയിരിക്കുന്നത്. കാർ സ്കൂട്ടറിലിടിച്ച് നിലത്തേക്ക് വീണ കുഞ്ഞുമോളുടെ ശരീരത്തിലൂടെ കാർ കയറ്റിയിറക്കാൻ ആവശ്യപ്പെട്ടില്ലെന്നും ശ്രീക്കുട്ടി പറഞ്ഞു. കാറിനടിയിൽ ആളുണ്ടെന്ന് അറിഞ്ഞിരുന്നില്ല. തന്റെ പണവും സ്വർണാഭരണങ്ങളും അജ്മൽ കൈക്കലാക്കിയിരുന്നു. അത് തിരികെ വാങ്ങാനാണ് അജ്മലിനൊപ്പം സൗഹൃദം തുടർന്നതെന്നും ശ്രീക്കുട്ടി പറയുന്നു. കസ്റ്റഡി കാലാവധിയില്‍ ഇരുവരും നല്‍കിയത് പരസ്പര വിരുദ്ധമായ മൊഴികളാണ്.
ശ്രീക്കുട്ടി ആവശ്യപ്പെട്ടതു പ്രകാരമാണ് മദ്യം വാങ്ങി നല്‍കിയത് എന്നായിരുന്നു അജ്മലിന്റെ മൊഴി. പക്ഷേ, സംഭവം നടന്നതിന്റെ തലേദിവസം ഇരുവരും താമസിച്ച കരുനാഗപ്പള്ളിയിലെ ഹോട്ടല്‍ മുറിയില്‍ വച്ച്, രാസ ലഹരി ഉപയോഗിച്ചതിന്റെ ട്യൂബുകള്‍ വരെ പൊലീസിന് ലഭിച്ചിരുന്നു. പ്രതികളുടെ വൈദ്യ പരിശോധനാഫലത്തിലും രാസ ലഹരി ഉപയോഗിച്ചതായി തെളിഞ്ഞു.
പരസ്പരവിരുദ്ധമായ മൊഴികള്‍ രക്ഷപ്പെടാനുള്ള തന്ത്രത്തിന്റെ ഭാഗമാണെന്ന വിലയിരുത്തലിലാണ് അന്വേഷണസംഘം. ശ്രീക്കുട്ടി അജ്മലിനെ തള്ളിപ്പറയുമ്പോള്‍ നിരപരാധിത്വം കണക്കിലെടുത്ത് വേഗം ജാമ്യം ലഭിക്കാന്‍ സാദ്ധ്യതയുണ്ട്. പുറത്തിറങ്ങിയ ശേഷം അജ്മലിനു വേണ്ടി രംഗത്തിറങ്ങുകയെന്നതാവാം ശ്രീക്കുട്ടിയുടെ ലക്ഷ്യമെന്നും നിയമവിദഗ്ദ്ധര്‍ പറയുന്നു.
അപകടത്തിനിടെ കാര്‍ മുന്നോട്ടെടുക്കുമ്പോള്‍, വീട്ടമ്മ വാഹനത്തിന്റെ അടിയിലാണെന്ന് കണ്ടിരുന്നില്ലെന്നാണ് അജ്മല്‍ പൊലീസിനോടു പറഞ്ഞത്. നാട്ടുകാര്‍ അസഭ്യം പറഞ്ഞു കൊണ്ട് ഓടിയെത്തിയപ്പോള്‍ മര്‍ദ്ദിക്കുമെന്ന ഭയം കൊണ്ടാണ് താന്‍ വാഹനം മുന്നോട്ടെടുത്തതെന്നും അജ്മല്‍ പറഞ്ഞു. അപകടത്തെ കുറിച്ച് ശ്രീക്കുട്ടിയും ഇതേ രീതിയിലുള്ള മൊഴിയാണ് നല്‍കിയത്.
https://www.facebook.com/Malayalivartha























