ഗംഗാവലി പുഴയോരത്ത് രാത്രിയോടെ കണ്ടെത്തിയ അസ്ഥി, മനുഷ്യന്റേത് അല്ല: പശുവിന്റെതാണെന്ന് ലാബ് റിപ്പോർട്ട്...

കോഴിക്കോട് സ്വദേശി അര്ജുന് ഉള്‍പ്പെടെ മണ്ണിടിച്ചിലില്‍പെട്ട് കാണാതായ മൂന്ന് പേര്‍ക്കായി തെരച്ചില്‍ നടക്കുന്നതിനിടെ കഴിഞ്ഞ ദിവസം അസ്ഥിയുടെ ഭാഗം കിട്ടിയിരുന്നു. ഗംഗാവലി പുഴയോരത്ത് നിന്നാണ് രാത്രിയോടെ അസ്ഥി കണ്ടെത്തിയത്. മനുഷ്യന്റെ അസ്ഥിയാണെന്ന് ആദ്യം സംശയം ഉയരുകയും പിന്നീട് വിശദമായ പരിശോധനക്കായി പൊലീസ് ലാബിലേക്ക് കൊണ്ടുപോയിരുന്നു. എന്നാൽ ഇതിന്റെ പരിശോധന ഫല പ്രകാരണം അസ്ഥി മനുഷ്യന്റേത് അല്ല, പശുവിന്റെതാണെന്നാണ് മംഗളൂരുവിലെ FSL ലാബ് സ്ഥിരീകരിച്ചതായി ജില്ലാ കളക്ടർ ലക്ഷ്മി പ്രിയ അറിയിച്ചു.
അസ്ഥി മനുഷ്യന്റേതാണെന്ന നിലയിൽ നടക്കുന്ന പ്രചാരണം തെറ്റാണെന്നും കളക്ടർ വ്യക്തമാക്കി. അതിനിടെ അർജുൻ ഓടിച്ചിരുന്ന ലോറിയുടെ ലോഹഭാഗം കണ്ടെത്തി. ലോറിയുടെ പിന്നിലെ ഡോറിനു താഴെയുള്ള ഇരുമ്പ് കമ്പിയാണ് തിരച്ചിലിൽ കിട്ടിയത്. ലോറിയുടെ ആർസി ഉടമ മുബീൻ ലോഹഭാഗം തിരിച്ചറിഞ്ഞു. ലോറിയുടെ ലോഹഭാഗം കിട്ടുന്നത് ഇതാദ്യമാണ്.
ചുവപ്പും വെള്ളയും പെയിന്റടിച്ച ഭാഗമാണ് കിട്ടിയത്. നേരത്തെ ലോറിയിലുണ്ടായിരുന്ന മരത്തടികളും ലോഡ് കെട്ടുന്ന കയറും കിട്ടിയിരുന്നു. നാവികസേന മാർക്ക് ചെയ്ത സ്ഥലത്ത് നിന്ന് മറ്റൊരു ലോറിയുടെ 4 ടയറുൾപ്പെടെ ലഭിച്ചിരുന്നു. അർജുന്റെ ലോറിയുടേതാണെന്ന് കരുതിയെങ്കിലും പിന്നീട് ഇത് മറ്റൊരു ലോറിയുടേതാണെന്ന് സ്ഥിരീകരിച്ചു. അർജുന്റെ ലോറി കണ്ടെത്താനായുള്ള തിരച്ചിൽ തുടരുകയാണ്.
https://www.facebook.com/Malayalivartha























