സിറാജ് ദിനപത്രബ്യൂറോ ചീഫ് കെഎം ബഷീര്‍ കൊലപാതക കേസ്... വിചാരണ തീയതി ഷെഡ്യൂള്‍ ചെയ്തു, ഡിസംബര്‍ 2 ന് വിചാരണ തുടങ്ങും, ഡിസംബര്‍ 2 മുതല്‍ 18 വരെയായി 95 സാക്ഷികളെ വിസ്തരിക്കാന്‍ കോടതി ഉത്തരവ്

സിറാജ് ദിന പത്രത്തിന്റെ ബ്യൂറോ ചീഫ് കെ.എം. ബഷീറിനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ നരഹത്യാ കേസിലെ പ്രതി ഐ എ എസ് ഉദ്യോഗസ്ഥന് ശ്രീറാം വെങ്കിട്ടരാമനെതിരായ വിചാരണ തീയതി കോടതി ഷെഡ്യൂള്‍ ചെയ്തു.
ഡിസംബര്‍ 2 ന് വിചാരണ തുടങ്ങും. ഡിസംബര്‍ 2 മുതല്‍ 18 വരെ യായി 95 സാക്ഷികളെ വിസ്തരിക്കാന്‍ തലസ്ഥാന വിചാരണ കോടതി ഉത്തരവിട്ടു. വിവിധ തീയതികളിലായി 95 സാക്ഷികള്‍ ഹാജരാകാന്‍ കോടതി ഉത്തരവിട്ടു. തിരുവനന്തപുരം ഒന്നാം അഡീ. ജില്ലാ സെഷന്‍സ് കോടതി ജഡ്ജി കെ.പി.അനില്‍കുമാര്‍ ആണ് പ്രതിയെ വിചാരണ ചെയ്യുന്നത്.
വിചാരണക്കു മുന്നോടിയായി പ്രതിക്ക് മേല്‍ കോടതി ആഗസ്റ്റില്‍ നരഹത്യാ കുറ്റം ചുമത്തിയിരുന്നു. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വകുപ്പുകളായ 279 ( അശ്രദ്ധമായും ഉദാസീനമായും മനുഷ്യജീവന് ആപത്ത് വരത്തക്കവിധം പൊതു നിരത്തില്‍ വാഹനമോടിക്കല്‍),
304 (ശശ) ( തന്റെ പ്രവൃത്തിയാല്‍ മറ്റൊരാള്‍ക്ക് മരണം സംഭവിക്കുമെന്ന അറിവോടെയുള്ള കുറ്റകരമായ നരഹത്യ ) , 201 ( കുറ്റക്കാരെ ശിക്ഷയില്‍ നിന്ന് മറയ്ക്കാനായി തെളിവുകള്‍ അപ്രത്യക്ഷമാക്കല്‍ , കളവായ വിവരം നല്കല് ) , മോട്ടോര്‍ വാഹന നിയമത്തിലെ വകുപ്പുകളായ 184 ( മനുഷ്യ ജീവന് ആപത്ത് വരത്തക്ക വിധം അപകടമായ രീതിയില്‍ വാഹനമോടിക്കല്‍) എന്നീ വകുപ്പുകള്‍ പ്രകാരമുള്ള കുറ്റങ്ങളാണ് വിചാരണക്ക് മുന്നോടിയായി പ്രതിക്ക് മേല്‍ ചുമത്തിയത്.
പ്രതി കുറ്റം ചെയ്തതായി അനുമാനിക്കാന്‍ പ്രഥമ ദുഷ്ട്യാലുള്ള തെളിവുകള്‍ കോടതി മുമ്പാകെ ഉള്ളതായി കുറ്റം ചുമത്തല്‍ ഉത്തരവില്‍ കോടതി ചൂണ്ടിക്കാട്ടി. അതേ സമയം പ്രതിയുടെ രക്തസാമ്പിള്‍ എടുക്കല്‍ വൈകിയതിനാല്‍, രക്തത്തില്‍ മദ്യത്തിന്റെ അംശം കണ്ടെത്താനാവാത്തതിനാല്‍, മദ്യപിച്ച് വാഹനമോടിച്ചെന്ന കുറ്റം ചെയ്തതിന് തെളിവില്ലാത്തതിനാല്‍ മോട്ടോര്‍ വാഹന നിയമത്തിലെ വകുപ്പ് 185 , 'കാറിടിച്ചു കയറ്റി ഹാന്‍ഡ് റെയില്‍ ബാരിക്കേഡ് തുടങ്ങിയ പൊതുമുതല്‍ നശിപ്പിച്ചതിനും പോലീസ് തെളിവു ഹാജരാക്കാത്തതിനാലും ഈ രണ്ടു വകുപ്പുകള്‍ പ്രതിക്ക് മേല്‍ ചുമത്താനാവില്ലെന്ന് കോടതി വ്യക്തമാക്കി.
വിചാരണ വേഗത്തിലാക്കാന്‍ വാദി ( പ്രോസിക്യൂഷന് ) ഭാഗത്തിനും പ്രതിഭാഗത്തിനും കൂടുതല്‍ തെളിവു രേഖകള്‍ ഉണ്ടെങ്കില്‍ സെപ്റ്റംബര്‍ 6 നകം ഹാജരാക്കാന്‍ കോടതി ഉത്തരവിട്ടിരുന്നു. തനിക്കെതിരായ പോലീസ് കുറ്റപത്രം അടിസ്ഥാന രഹിതമാണെന്ന പ്രതിയുടെ വാദം കോടതി തള്ളി. പ്രതി കൃത്യം ചെയ്തതായി അനുമാനിക്കാവുന്ന വായ് മൊഴിയാലും രേഖാമൂലവുമുള്ള വസ്തുതാ തെളിവുകള്‍ കേസ് റെക്കോഡില്‍ കാണുന്നു.
"
https://www.facebook.com/Malayalivartha























