കുട്ടികളുടെ നേതൃത്വത്തില്‍ അപ്പാര്‍ട്‌മെന്റില്‍ ഇട്ട ഓണപ്പൂക്കളം നശിപ്പിച്ച,സംഭവത്തിൽ നടന്നത് എന്ത്..? വിശദീകരണവുമായി യുവതി...

ഓണാഘോഷത്തിന്റെ ഭാഗമായി കുട്ടികളുടെ നേതൃത്വത്തില്‍ അപ്പാര്‍ട്‌മെന്റില്‍ ഇട്ട ഓണപ്പൂക്കളം നശിപ്പിച്ച സംഭവത്തിൽ പോലീസ് കേസെടുത്ത മലയാളി യുവതി, വെളിപ്പെടുത്തലുമായി രംഗത്ത്. ബെംഗളൂരു തനിസാന്ദ്ര മൊണാര്‍ക്ക് സറെനിറ്റി അപ്പാര്‍ട്‌മെന്റ് കോംപ്ലക്‌സിൽ നടന്ന സംഭവത്തിൽ പത്തനംതിട്ട സ്വദേശി സിമി നായരുടെ പേരിലാണ് സാമ്പിഗെഹള്ളി പോലീസ് കേസെടുത്തത്. അവിടെയുള്ള ചില ശത്രുക്കള്‍ തന്നെ പ്രകോപിപ്പിച്ച് അങ്ങനെ ചെയ്യിപ്പിച്ചതാണെന്ന് വെളിപ്പെടുത്തുകയാണ് സിമി നായര്‍ ഇപ്പോൾ.
ഒരു മാധ്യമമാണ് ഇത് സംബന്ധിച്ച റിപ്പോർട്ട് പുറത്ത് വിട്ടത്. പത്തനംതിട്ടകാരിയായ താന്‍ എല്ലാ അര്‍ത്ഥത്തിലും ഹിന്ദുവാണ്. അച്ഛനും അമ്മയും ഹിന്ദു. ക്ഷേത്രത്തിലും പോകും വിശ്വാസികളുമാണ്. 2016ലാണ് ഇവിടെ താമസിക്കാന്‍ എത്തിയത്. ഞാനും സഹോദരിയും അധ്വാനിച്ചാണ് ഈ അപ്പാര്‍ട്ട്‌മെന്റ് വാങ്ങിയത്. തുടക്കത്തില്‍ കുറച്ചു പേരെ ഉണ്ടായിരുന്നുള്ളൂ. അന്ന് എല്ലാവരും ഒരുമയോടെ പോയി.
പ്രളയ കാലത്ത് പോലും എല്ലാവരും ഒരുമിച്ച് നിന്ന് നാട്ടിലുള്ളവരെ സഹായിക്കാന്‍ ഫണ്ട് പിരിച്ചു. പിന്നീട് കോവിഡ് എത്തി. ഇതിനിടെ എപ്പോഴും പ്രശ്‌നങ്ങള്‍ തുടങ്ങി. ഞാനും സഹോദരിയും വിവാഹിതരല്ല. എന്നാല്‍ മറ്റു മലയാളി കുടുംബങ്ങള്‍ അങ്ങനെയായിരുന്നില്ല. അതില്‍ തുടങ്ങിയ അകല്‍ച്ചയാകാം പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന് സിമി നായര്‍ പറയുന്നു.
കോവിഡ് കാലം കഴിഞ്ഞ് അത് കൂടി. ചിലര്‍ ഞങ്ങളുടെ വീഡിയോ ചിത്രീകരിച്ച് ഗ്രൂപ്പികളില്‍ ഇട്ടു. ഇതിനെതിരെ അസോസിയേഷനില്‍ പരാതി നല്‍കി. ഇതോടെ ആരുടേയും വീഡിയോ എടുക്കരുതെന്ന് അസോസിയേഷന്‍ തീരുമാനം വന്നു. ആരേയും തേജോ വധം ചെയ്യരുതെന്ന തരത്തിലായിരുന്നു തീരുമാനം. അതിനു ശേഷം കഴിഞ്ഞ വര്‍ഷം വീഡിയോ വിഷയമുണ്ടായി. അതും പരാതിയായി. പോലീസ് സ്‌റ്റേഷനിലും പരാതി കൊടുത്തു. കുറച്ചു മലയാളി കുടുംബങ്ങളായിരുന്നു ഇതിന് പിന്നില്‍. ഈ വര്‍ഷം ഓണഘോഷം വേണ്ടെന്നതായിരുന്നു പൊതുവികാരം. അസോസിയേഷന്‍ ഓണാഘോഷം തീരുമാനിച്ചില്ല. വയനാട് ദുരന്ത പശ്ചാത്തലത്തിലായിരുന്നു അത്. എന്നാല്‍ ചിലര്‍ക്ക് വേണമെന്ന് പറഞ്ഞു മുമ്പോട്ട് പോയി. അസോസിയേഷന്‍ തീരുമാന പ്രകാരമായിരുന്നില്ല ഇവരുടെ ആഘോഷം.
അവര്‍ക്ക് ഓണം ആഘോഷിക്കാനായി അവിടെ വിട്ടു കൊടുത്തത് 9 മണിമുതലായിരുന്നു. ഞാന്‍ രാവിലെ നടക്കാനെത്തിയപ്പോള്‍ പൂക്കളം കണ്ടു. ഞാന്‍ അത് ചവിട്ടി നശിപ്പിച്ചില്ല. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങളുയര്‍ത്തിയപ്പോള്‍ ചിലര്‍ കളിയാക്കി. വീഡിയോയും എടുത്തു. വീഡിയോ എടുക്കരുതെന്ന് പറഞ്ഞെങ്കിലും അവര്‍ പ്രകോപനം തുടങ്ങി. ഒരു സ്ത്രീയുടെ ആഭിജാത്യത്തെ ചോദ്യം ചെയ്യുന്ന തരത്തിലേക്ക് അവരുടെ ഇടപെടലുകള്‍ എടുത്തു. എന്റെ അന്തസ്സിനെ ചോദ്യം ചെയ്തു. ഈ പ്രകോപനമാണ് അങ്ങനെ ചെയ്യാനുണ്ടാക്കിയ സാഹചര്യം. അല്ലാതെ വിശ്വാസത്തെ ചോദ്യം ചെയ്യുകയായിരുന്നില്ല.
തിരുവോണവും കഴിഞ്ഞായിരുന്നു ആഘോഷം. ചതയ ദിനത്തിനുമായിരുന്നില്ല അത് നടന്നത്. അന്ന് ശനിയാഴ്ച. അന്ന് ശ്രീനാരായണ ഗുരു സമാധി ദിനമായിരുന്നു. വിശ്വാസവുമായി അതിന് ബന്ധമില്ല. ചിലരുടെ ആഘോഷം മാത്രമായിരുന്നു. ഇതിനിടെ എന്റെ അന്തസ്സിനേയും ആഭിജാത്യത്തിനേയും അവര്‍ ചോദ്യം ചെയ്തു. സോഷ്യല്‍ മീഡിയയില്‍ വീഡിയോ ഇട്ട് അപമാനിക്കുമെന്ന് അവര്‍ വെല്ലുവിളിച്ചു. ഇതിനിടെയാണ് അങ്ങനെയുള്ള പെരുമാറ്റം നടന്നതെന്ന് സിമി നായര്‍ പറയുന്നു. തന്റെ ജോലി കളയുകയെന്ന ലക്ഷ്യത്തോടെയുള്ള ഗൂഡാലോചനയാണ് അവിടെയുള്ള ചിലര്‍ നടത്തിയതെന്നും സിമി നായര്‍ പറയുന്നു.
നാട്ടിൽ ഓണം ആഘോഷിക്കാൻ പോയ് വന്ന ശേഷമാണു മലയാളികളുടെ നേതൃത്വത്തിൽ ഓണാഘോഷം സംഘടിപ്പിച്ചത്. ഇതിന്റെ ഭാഗമായാണ് കുട്ടികൾ അത്തപ്പൂക്കളം ഇട്ടതും. തന്നിസാന്ദ്ര അപ്പാര്‍ട്‌മെന്റ് കോംപ്ലക്‌സിലെ മലയാളി കൂട്ടായ്മയുടെ പരാതിയിലാണ് യുവതിയ്‌ക്കെതിരെ കേസ് എടുത്തത്. പുലര്‍ച്ചെ നാല് മണിക്കാണ് പൂക്കളം പൂര്‍ത്തിയാക്കിയത്. പൂക്കളം പൂര്‍ത്തിയായതിന് പിന്നാലെ നിമിഷങ്ങള്‍ക്കകം യുവതി പൂക്കളം നശിപ്പിക്കുകയായിരുന്നു. ശേഷം കോമണ്‍ ഏരിയയില്‍ പൂക്കളം ഇട്ടതു ചോദ്യം ചെയ്യുകയും ചെയ്തു.
തടയാന്‍ ശ്രമിച്ചവരെ സിമി നായര്‍ ഭീഷണിപ്പെടുത്തുന്നതിന്റെ ദൃശ്യങ്ങള്‍ വളരെ പെട്ടെന്ന് തന്നെ വൈറലാവുകയായിരുന്നു. സംഘര്‍ത്തെ തുടര്‍ന്നു ഓണ സദ്യ പാര്‍ക്കിങ് ബേയിലേക്ക് മാറ്റിയതായി പിന്നീട് അസോസിയേഷന്‍ വ്യക്തമാക്കി. ഏഴ് വര്‍ഷമായി മലയാളി കൂട്ടായ്മ ഓണാഘോഷം നടത്തുന്നുണ്ട്. അതിനിടയിലാണ് ഇത്തരത്തിൽ ഒരു സംഭവം ഉണ്ടാകുന്നത്.യുവതിയുടെ നടപടി ഫ്‌ളാറ്റിലെ മറ്റുള്ളവര്‍ ചോദ്യംചെയ്യുന്നതും ഇവര്‍ തര്‍ക്കിക്കുന്നതും വീഡിയോയയില്‍ വ്യക്തമാണ്. കോമണ്‍ ഏരിയയില്‍ പൂക്കളമിടേണ്ടെന്നും സ്വന്തം ഫ്‌ളാറ്റിന് മുന്നില്‍ തയ്യാറാക്കാനും യുവതി ആവശ്യപ്പെടുന്നു.
തുടര്‍ന്ന് പൂക്കളത്തിന്റെ ഒരു ഭാഗത്ത് ചവിട്ടിയത് ചോദ്യംചെയ്തപ്പോള്‍ പൂര്‍ണ്ണമായും അതിന് മുകളില്‍ കയറി നിന്നു. ബൈലോപ്രകാരം കോമണ്‍ ഏരിയയില്‍ പൂക്കളമിടാന്‍ പാടില്ലെന്നടക്കമാണ് യുവതി വാദിക്കുന്നത്. വീഡിയോ പ്രചരിച്ചതോടെ വ്യാപക വിമര്‍ശനമാണ് യുവതിക്കുനേരെ സാമൂഹിക മാധ്യമങ്ങളില്‍ ഉയർന്നത്. അതിക്രമിച്ച് കയറൽ, ഭീഷണിപ്പെടുത്തൽ, ഒരു വിഭാഗത്തിന്‍റെ വികാരം വ്രണപ്പെടുത്തൽ തുടങ്ങിയ വകുപ്പുകൾ പ്രകാരം ആണ് സിമി നായർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്.
https://www.facebook.com/Malayalivartha























