എം.എം. ലോറൻസിന്റെ മൃതദേഹം ആശുപത്രിക്ക് വിട്ടു കൊടുക്കാനുള്ള തീരുമാനത്തിന് പിന്നിൽ... സി.പി.എമ്മും പിണറായിയുമാണെന്ന സംശയത്തിൽ ക്രൈസ്തവ സഭകൾ... അൻവർ വിഷയത്തിൽ ആടിയുലഞ്ഞ് നിൽക്കുന്ന പാർട്ടിക്ക് ഇരട്ട പ്രഹരം...

എം.എം. ലോറൻസിന്റെ മൃതദേഹം ആശുപത്രിക്ക് വിട്ടു കൊടുക്കാനുള്ള തീരുമാനത്തിന് പിന്നിൽ സി.പി.എമ്മും പിണറായിയുമാണെന്ന സംശയത്തിൽ ക്രൈസ്തവ സഭകൾ എത്തിയതോടെ അൻവർ വിഷയത്തിൽ ആടിയുലഞ്ഞ് നിൽക്കുന്ന പാർട്ടിക്ക് ഇരട്ട പ്രഹരം. അൻവറിനെ തള്ളി പറഞ്ഞ് ആർ എസ് എസ് നേതാക്കളെ കണ്ടതായി ആരോപണമുള്ള അജിത് കുമാറിനെ സംരക്ഷിക്കുന്നതിലൂടെ മുസ്ലീം വിശ്വാസികളെ പിണക്കിയ സി.പി എം ഒടുവിൽ ഇതാ ക്രൈസ്തവരെയും പിണക്കി.അന്തരിച്ച സിപിഎം നേതാവും അച്ഛനുമായ എംഎം ലോറൻസിന്റെ പൊതുദർശനത്തിനിടെ തന്നെയും മകനെയും മർദ്ദിച്ചെന്ന പരാതിയുമായി മകൾ ആശ ലോറൻസ് രംഗത്തെത്തിയത് വലിയ പ്രതിസന്ധിയായി.. വനിതകൾ അടങ്ങിയ സിപിഎം റെഡ് വളണ്ടിയർമാരാണ് മർദ്ദിച്ചത്.
സിഎൻ മോഹനനും ലോറൻസിന്റെ മകൻ എംഎൽ സജീവനും സഹോദരി ഭർത്താവ് ബോബനും മർദ്ദനത്തിനു കൂട്ടുനിന്നുവെന്നും പരാതിയിൽ പറയുന്നു. കൊച്ചി കമീഷണർക്കാണ് ആശ പരാതി നൽകിയത്. മർദ്ദനത്തിൽ തനിക്ക് പരിക്കേറ്റെന്നും പരാതിയിൽ പറയുന്നു. അതേസമയം, പരാതി കൊച്ചി നോർത്ത് പൊലീസിന് കൈമാറിയെന്നും ഉടൻ കേസെടുക്കുമെന്നും കൊച്ചി കമ്മീഷണർ അറിയിച്ചു. അതേസമയം, എംഎം ലോറൻസിന്റെ മൃതദേഹം വൈദ്യപഠനത്തിന് വിട്ടുനൽകുന്ന കാര്യത്തിൽ തീരുമാനത്തിൽ എത്താൻ നടപടികൾ തുടങ്ങിയിരിക്കുകയാണ് കളമശ്ശേരി മെഡിക്കൽ കോളേജ്. ഇന്ന് ഉപദേശക സമിതിക്ക് മുന്നിൽ ഹാജരായി നിലപാട് വ്യക്തമാക്കാൻ മൂന്ന് മക്കൾക്കും നിർദേശം നൽകിയിട്ടുണ്ട്. ഓരോരുത്തർക്കും എന്താണ് പറയാനുള്ളതെന്ന് വിശദമായി കേൾക്കും.
പ്രിൻസിപ്പൽ, സൂപ്രണ്ട്, ഫോറൻസിക്, അനാട്ടമി വിഭാഗം മേധാവികൾ, വിദ്യാർത്ഥി പ്രതിനിധി എന്നിവരുൾപ്പെട്ടതാണ് ഉപദേശകസമിതി. മൃതദേഹം വൈദ്യപഠനത്തിന് വിട്ടുനൽകണമെന്നാണ് അച്ഛൻ ആഗ്രഹം പ്രകടിപ്പിച്ചിട്ടുള്ളതെന്ന് മകൻ എംഎൽ സജീവനും മകൾ സുജാതയും പറയുന്നു. അങ്ങനെയൊരു കാര്യം അച്ഛൻ പറഞ്ഞിട്ടില്ലെന്നും മതാചാരപ്രകാരം സംസ്കരിക്കണമെന്നും ഇളയമകൾ ആശയും വാദിക്കുന്നു. ഈ വ്യത്യസ്താഭിപ്രായങ്ങൾ പരിശോധിച്ച് കളമശ്ശേരി മെഡിക്കൽ കോളേജിനോട് തീരുമാനമെടുക്കാനാണ് ഹൈക്കോടതി നിർദേശിച്ചിട്ടുള്ളത്. പള്ളിക്ക് വേണ്ടി പറഞ്ഞ് ആശ തല്ല് വാങ്ങിയത് പള്ളി എങ്ങനെ സഹിക്കും ? പാർട്ടിയെ ഇത്തരം ഒരു പ്രതിസന്ധിയിൽ അകപ്പെടുത്തിയത് മുഖ്യമന്ത്രി പിണറായി വിജയനാണെങ്കിലും സി.പി.എമ്മിന് മിണ്ടാട്ടമില്ല. ഒന്നും ചെയ്യാൻ കഴിയാത്ത സാഹചര്യത്തിലാണ് പാർട്ടി
ജീവിച്ചിരിക്കുമ്പോൾ തന്നെ തന്റെ മ്യതദേഹം വൈദ്യശാസ്ത്രത്തിന് നൽകണമെന്ന് സീതാറാം യച്ചൂരി അന്ത്യാഭിലാഷം അറിയിച്ചിരുന്നു. എന്നാൽ ലോറൻസ് ഇങ്ങനെയൊരു ആഗ്രഹം ആരോടും പറഞ്ഞിട്ടില്ല. ലോറൻസിന്റെ മൃതദേഹം ഹൈക്കോടതിയിലെത്തിയതോടെ 1957 ലെ അനാട്ടമി ആക്റ്റ് ബാധകമാകും. മൃതദേഹം പഠനത്തിന് നൽകാൻ എഴുതി വയ്ക്കാതിരിക്കുകയോ രണ്ടിലധികം പേരോട് പറയാതിരിക്കുകയോ ചെയ്താൽ നിയമം തീരുമാനിക്കും. ഒരാളുടെ മ്യതദ്ദേഹം പഠനത്തിന് നൽകാൻ മക്കൾക്ക് മാത്രം തീരുമാനിക്കാനാവില്ല. സന്മതപത്രം എഴുതാതിരുന്നാൽ അടുത്ത ബന്ധുക്കൾ തർക്കം ഉന്നയിച്ചാൽ മൃതദ്ദേഹം പഠനത്തിന് വിട്ടു നൽകില്ല.
ഈ തർക്കം ഉണ്ടാകാൻ കാരണം സി പി എമ്മുകാരനായ മകൻറെ പ്രലോഭനമാണെന്നാണ് ലോറൻസിൻറെ മകൾ പറയുന്നത്. അന്തരിച്ച മുതിർന്ന സിപിഎം നേതാവ് എം.എം.ലോറൻസിന്റെ മൃതദേഹം മെഡിക്കൽ കോളജിന് കൈമാറുന്ന കാര്യത്തിൽ അപ്രതീക്ഷിത സംഭവവികാസങ്ങളാണുണ്ടായത് . മെഡിക്കൽ കോളജിന് കൈമാറുന്ന കാര്യത്തിൽ മക്കളുടെ അനുമതികൾ പരിശോധിച്ചതിനു ശേഷം തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി പറഞ്ഞു. അതുവരെ മൃതദേഹം കളമശേരി മെഡിക്കൽ കോളജിൽ സൂക്ഷിക്കാനും നിർദേശം നൽകി. മൃതദേഹം വിട്ടുനൽകുന്നതുമായി ബന്ധപ്പെട്ടുള്ള കേരള അനാട്ടമി നിയമത്തിലെ വകുപ്പുകൾ അനുസരിച്ചാണ് ജസ്റ്റിസ് വി.ജി.അരുൺ ഇക്കാര്യം വ്യക്തമാക്കിയത്. മൃതദേഹം മെഡിക്കൽ കോളജിന് കൈമാറരുതെന്നും ക്രിസ്ത്യൻ മതാചാര പ്രകാരം സംസ്കരിക്കണമെന്നും ആവശ്യപ്പെട്ട് ഇളയ മകൾ ആശ ലോറൻസാണ് ഹൈക്കോടതിയെ സമീപിച്ചത്.
തുടർന്ന് ഇരുഭാഗത്തിന്റെയും വാദം കേട്ട ശേഷമാണ് കോടതി ഇക്കാര്യത്തിൽ നിർദേശം നൽകിയത്.പിതാവ് സഭാംഗമാണെന്നും അദ്ദേഹത്തിന്റെ വിവാഹം നടന്നത് തൃപ്പൂണിത്തുറ യാക്കോബായ പള്ളിയിൽ വച്ചാണെന്നും മകൾ ആശാ ലോറൻസ് ഹർജിയിൽ വ്യക്തമാക്കിയിരുന്നു. ലോറൻസിന്റെ എല്ലാ മക്കളുടെയും മാമോദീസ നടന്നത് പള്ളിയിൽ വച്ചാണ്. എല്ലാവരുടെയും വിവാഹം നടന്നതും മതാചാരപ്രകാരമാണ്. കമ്യൂണിസ്റ്റ് പാർട്ടി അംഗമാണെങ്കിലും മതത്തെയോ മതവിശ്വാസത്തെയോ തന്റെ പിതാവ് തള്ളിപ്പറഞ്ഞിട്ടില്ലെന്നും ആശാ ലോറൻസ് ഹർജിയിൽ പറഞ്ഞു.ലോറൻസിന്റെ മൃതദേഹം മെഡിക്കൽ പഠനത്തിന് വിട്ടുകൊടുക്കാൻ മറ്റു 2 മക്കളും തീരുമാനിച്ചിരുന്നു. ജീവിച്ചിരുന്നപ്പോൾ പിതാവ് പ്രകടിപ്പിച്ച ആഗ്രഹത്തെ തുടർന്നാണ് ഇക്കാര്യം ചെയ്യുന്നതെന്നാണ് മകൻ അഡ്വ. എം.എൽ.സജീവൻ വ്യക്തമാക്കിയത്.
പാർട്ടി ഇക്കാര്യത്തിൽ ഇടപെടുന്നില്ലെന്നും മൃതദേഹം എന്തു ചെയ്യണമെന്നത് എം.എം.ലോറൻസിന്റെ കുടുംബം തീരുമാനിക്കുമെന്നും സിപിഎം ജില്ലാ സെക്രട്ടറി സി.എൻ.മോഹനനും വ്യക്തമാക്കിയിരുന്നു.താനും സഹോദരി സുജാതയും മൃതദേഹം കൈമാറുന്നതിന് സമ്മതപത്രം നൽകിയിരുന്നു എന്നാണ് മകൻ എം.എൽ.സജീവൻ പറയുന്നത്. ‘‘എങ്ങനെ വേണമെന്നുള്ളത് അപ്പച്ചൻ പറഞ്ഞിട്ടുണ്ട്. അത് പാർട്ടിയെ അറിയിച്ചു. ഇളയ പെങ്ങളുടെ നീക്കത്തിനു പിന്നിൽ ആർഎസ്എസുകാരാണ്. അപ്പച്ചന്റെ ആത്മകഥ പ്രസിദ്ധീകരിക്കുന്നതിനെതിരെ കോടതിയിൽ പോയിരുന്നു. ഞാൻ പാർട്ടിക്കാരനാണ്, ഞാനാണ് അത് തയാറാക്കുന്നത്. അന്നത്തെ അഭിഭാഷകൻ ബിജെപി ബന്ധമുള്ളയാളായിരുന്നു. അപ്പച്ചന് ഇക്കാര്യം അറിയാമായിരുന്നു.’’ സജീവൻ പറഞ്ഞു.
എന്നാൽ സജീവന്റെ വാദത്തെ തള്ളുകയാണ് സഹോദരി ആശ. ‘‘കലൂർ കത്രിക്കടവ് സെന്റ് ഫ്രാൻസിസ് പള്ളിയിൽ ആചാരപ്രകാരം അടക്കണമെന്നാണ് ആഗ്രഹം. മൃതദേഹം മെഡിക്കൽ കോളജിനു കൊടുക്കാൻ പിതാവ് പറഞ്ഞിട്ടില്ല. അമ്മയെയും മരിച്ചു പോയ സഹോദരനെയും സംസ്കരിച്ചിരിക്കുന്നതും മതാചാരപ്രകാരമാണ്. സഹോദരൻ സിപിഎം അംഗമാണ്. അതുകൊണ്ട് പാർട്ടിയെ തൃപ്തിപ്പെടുത്താനാണ് ഇത്തരമൊരു കാര്യം ചെയ്യുന്നത്’’, ആശ ലോറൻസ് പറഞ്ഞു.ആശക്ക് പിന്നിൽ ബി ജെ പി യാണെന്നാണ് സി. പി എം വാദം. ഇതാണ് പാർട്ടിക്ക് വിനയായത്. മൃതദേഹം മെഡിക്കൽ കോളേജിന് കൈമാറുന്നത് സംബന്ധിച്ചുള്ള വിവാദങ്ങൾക്കിടെ സോഷ്യൽ മീഡിയയില്‍ ചര്‍ച്ചയായി അദ്ദേഹത്തിന്റെ പഴയ ഫേസ്ബുക്ക് പോസ്റ്റ് പുറത്തുവന്നു . ഇത് ഈ സമയത്ത് ഇറക്കിയത് സി. പി. എം ആണെന്നാണ് ആശയുടെ വാദം .ഇത് ക്രൈസ്തവ സമൂഹത്തെ അധിക്ഷേപിക്കാനാണെന്ന് സഭകളും രഹസ്യമായി വാദിക്കുന്നു.
മകളെ കുറിച്ച് മുമ്പ് അദ്ദേഹം പറഞ്ഞ കാര്യങ്ങളാണ് ചര്‍ച്ചകളില്‍ നിറയുന്നത്. തന്റെ അറിവോ സമ്മതമോ കൂടാതെ, ക്ഷീണാവസ്ഥ മുതലാക്കി ഇവിടെ എത്തിയ ആശ, തന്നെ സഹായിക്കാൻ എത്തിയതാണ് എന്നാണ് പ്രചരിപ്പിക്കുന്നത്. എന്നാൽ തന്റെ നല്ലതിന് വേണ്ടി ഒരിക്കലും ഈ മകൾ യാതൊന്നും ചെയ്തിട്ടില്ലെന്നാണ് എം എം ലോറൻസ് 2021ല്‍ ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പില്‍ പറയുന്നത് ഇങ്ങനെ: ഓക്സിജൻ ലെവൽ കുറയുകയും, പനിയും ക്ഷീണവും മൂലം ഡോക്ടറുടെ നിർദ്ദേശ പ്രകാരം എറണാകുളത്തെ ഹോസ്പിറ്റലിൽ അഡ്മിറ്റഡ് ആണ് ഞാൻ. എനിക്ക് വേണ്ട സഹായങ്ങൾ നൽകാൻ എന്നോടൊപ്പം പാർട്ടിയും മൂത്ത മകൻ സജീവനും, ഇതുവരെ എന്നെ പരിചരിച്ച മറ്റ് ബന്ധുക്കളും ഉണ്ട്. എന്നെ പരിചരിക്കാൻ ഇവിടെ ഒരാളെയും ഏർപ്പെടുത്തിയിട്ടുണ്ട്.
4 മക്കളിൽ, വർഷങ്ങളായി എന്നോട് അകൽച്ചയിൽ ആയിരുന്ന മകൾ ആശ, അടുപ്പം പ്രദർശിപ്പിക്കാൻ എന്നവണ്ണം കഴിഞ്ഞ ദിവസം എന്നെ സന്ദർശിക്കുകയുണ്ടായി. ശേഷം, എന്റെ സമ്മതമില്ലാതെ എടുത്ത ചിത്രങ്ങളും മറ്റും ഉപയോഗിച്ച് ദുഷ്പ്രചാരണ വേലകൾ ആരംഭിച്ചിരിക്കുകയുമാണ്. കുടുംബ ജീവിതത്തിലും പൊതു ജീവിതത്തിലും ഒരുപാട് എന്നെ വിഷമിപ്പിച്ച ആൾ കൂടിയാണ് ആശ. ആദരവോടെ, എന്നെയിവിടെ സന്ദർശിക്കാൻ എത്തിയ പ്രിയ സഖാവ് സി എൻ മോഹനൻ, അജയ് തറയിൽ എന്നിവരെ, 'മകൾ' എന്ന മേൽവിലാസമുപയോഗിച്ച് ആശ ആക്ഷേപിച്ചു. അതല്ലാതെ മറ്റൊരു മേൽവിലാസവും ആശയോ ആശയുടെ മകനോ നേടിയിട്ടില്ല.എന്റെ മറ്റ് മക്കൾ, എന്നോട് അടുപ്പം പുലർത്തുകയും പരിചരിക്കാനും തയ്യാറായ ബന്ധുക്കൾ, പാർട്ടി നേതാക്കൾ തുടങ്ങി പലരേയും തെറ്റിദ്ധാരണാജനകമായ കാര്യങ്ങൾ പറഞ്ഞുകൊണ്ട് നിരന്തരം ആക്ഷേപിക്കുകയുമാണ്.
എന്റെ അറിവോ, സമ്മതമോ കൂടാതെ, എന്റെ ക്ഷീണാവസ്ഥ മുതലാക്കി ഇവിടെ എത്തിയ ആശ, എന്നെ സഹായിക്കാൻ എത്തിയതാണ് എന്നാണ് പ്രചരിപ്പിക്കുന്നത്. എന്നാൽ എന്റെ നല്ലതിന് വേണ്ടി ഒരിക്കലും ഈ മകൾ യാതൊന്നും ചെയ്തിട്ടില്ല.കമ്മ്യൂണിസ്റ്റ് പാർട്ടിയെ ഇല്ലായ്മ ചെയ്യാൻ ശ്രമിക്കുന്ന സംഘപരിവാർ ശക്തിക്ക് ഒപ്പം ഇപ്പോൾ നിലകൊള്ളുന്ന ആശയുടെ ദുർപ്രചാരണത്തെ അർഹിക്കുന്ന അവജ്ഞയോടെ തള്ളി കളയണം എന്ന് അഭ്യർത്ഥിക്കുന്നു. ഇത് സി. പി. എം സൈബർ വിംഗാണ് വീണ്ടും ചർച്ചയാക്കിയത്. എം.എം. ലോറന്‍സിന്റെ ശവസംസ്ക്കാരത്തെ ചൊല്ലി വിവാദമുണ്ടാകുകയും പാര്‍ട്ടി വീണ്ടും പരിഹാസ്യമാകുകയും ചെയ്യുമ്പോള്‍ ചര്‍ച്ചയാകുന്നത് മുഖ്യമന്ത്രി പിണറായി വിജയന്റെ നികൃഷ്ട ജീവി എന്ന പ്രയോഗവും മത്തായി ചാക്കോ എന്ന എംഎല്‍എയുടെ വിയോഗവുമാണ്. അന്ന് പാർട്ടി സെക്രട്ടറിയായിരുന്നു പിണറായി.
എസ്എഫ്ഐ, ഡിവൈഎഫ്ഐ വഴി സിപിഎമ്മില്‍ എത്തിയ മത്തായി ചാക്കോ കടുത്ത നിരീശ്വരവാദിയായിരുന്നു. പതിനൊന്നും പന്ത്രണ്ടും നിയമസഭകളിലെ അംഗമായിരുന്ന അദ്ദേഹം മേപ്പയൂര്‍, തിരുവമ്പാടി മണ്ഡലങ്ങളെ പ്രതിനിധീകരിച്ചു. രക്താര്‍ബുദം ബാധിച്ച് കൊച്ചി ലേക്ക് ഷോര്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കേ സത്യപ്രതിജ്ഞ ചെയ്ത ചാക്കോ, അതുവഴി കേരള നിയമസഭയ്ക്ക് പുറത്ത് സത്യപ്രതിജ്ഞ ചെയ്ത ആദ്യത്തെ എംഎല്‍എയായി. പക്ഷെ ഒരു ദിവസം പോലും സഭയില്‍ ഹാജരാകാന്‍ സാധിച്ചില്ല. 2006 ഒക്ടോബര്‍ 13-ന് 47-ാം വയസില്‍ അദ്ദേഹം അന്തരിച്ചു.കടുത്ത നിരീശ്വരവാദിയും പാര്ട്ടിക്കാരനുമായിരുന്നെങ്കിലും അദ്ദേഹം അന്ത്യക്കൂദാശ ഏറ്റുവാങ്ങിയതായി ബിഷപ്പ് പോള്‍ ചിറ്റിലപ്പള്ളി വെളിപ്പെടുത്തിയത് പാര്‍ട്ടിക്കേറ്റ കനത്ത പ്രഹരമായിരുന്നു. ഇത് വലിയ വിവാദമായതോടെ അന്ന് പാര്‍ട്ടി സെക്രട്ടറിയായിരുന്ന പിണറായി വിജയന് ബിഷപ്പിനെ നികൃഷ്ട ജീവിയെന്ന് വിളിച്ച് അപമാനിച്ചിരുന്നു. പിണറായിയുടെ നടപടി അന്നു വലിയ വിവാദമായി. അത് ഇന്നും പലപ്പോഴും ചര്‍ച്ചയാകുന്നുമുണ്ട്. ഏതാണ്ട് അന്നത്തെ സംഭവം പോലെയുള്ള ഒന്നാണ് ഇപ്പോഴും വിവാദമായത്.
അൻവർ വിവാദം പോലെ ഇതും സർക്കാരിനെ തിരിഞ്ഞു കൊത്തുമെന്ന് സി.പി.എം നേതാക്കൾക്ക് അറിയാമായിരുന്നു. എന്നാൽ സി. പി എം ആർക്കും വഴങ്ങുന്ന നിലപാടല്ല സ്വീകരിച്ചത്. ലോറൻസിൻറെ കാര്യത്തിൽ പാർട്ടിക്ക് ഒരു തീരുമാനവുമില്ലെന്ന് വിശദീകരിക്കാനും പാർട്ടി നിന്നില്ല. അത്തരം വിശദീകരണങ്ങൾക്ക് അപ്പുറമാണ് ഇന്ന് സി.പി എം നിൽക്കുന്നത്. വിശദീകരിക്കേണ്ട കാര്യങ്ങൾ യഥാസമയത്ത് വിശദീകരിക്കാത്തതാണ് ഇപ്പോൾ കാണുന്ന പ്രതിസന്ധിക്ക് കാരണം. മൗനം മുഖ്യമന്ത്രിയെ എത്ര മോശക്കാരനാക്കി എന്ന് മാത്രം ചിന്തിച്ചാൽ ഇത് വ്യക്തമാകും. ഇതേ അനുഭവം തന്നെയാണ് ലോറൻസിൻ്റെ കാര്യത്തിലും ഉണ്ടായിരിക്കുന്നത്.
സി പി എം ഫലത്തിൽ ഒറ്റപ്പെട്ടിരിക്കുകയാണ്. സമീപകാലത്തുണ്ടായ സംഭവവികാസങ്ങളാണ് പാർട്ടിയെ കടുത്ത പ്രതിസന്ധിയിലാക്കിയത്. പാർലെ മെന്റിലെ കനത്ത പരാജയത്തിന് ശേഷം പാർട്ടി വൻ പ്രതിസന്ധിയിലാണ്. പിണറായിയെ ഒഴിവാക്കുകമാത്രമാണ് പോം വഴിയെന്ന് പാർട്ടിക്കറിയാം. എന്നാൽ അതിനുള്ള കരുത്ത് പാർട്ടി നേതൃത്വത്തിനില്ല. സീതാറാം യചൂരിക്ക് കഴിയാതിരുന്നത് ആർക്ക് കഴിയും എന്നാണ് ചോദ്യം. ഏതായാലും പിണറായി നീങ്ങുന്നത് രണ്ടും കൽപ്പിച്ചാണ്. സീതാറാമിന്റെ മരണത്തോടെ താൻ വിചാരിക്കുന്നതെല്ലാം നടക്കുമെന്ന് പിണറായി കരുതുന്നു. വി. എസ് സജീവമായിരുന്നെങ്കിൽ ഇതിലെല്ലാം ഒരു ചോദ്യം ഉയരുമായിരുന്നു.
പള്ളിയെ അപമാനിക്കുന്നത് ക്രൈസ്തവർക്ക് സഹിക്കാൻ കഴിയുന്ന കാര്യമല്ല. എം.എം. ലോറൻസ് എന്ന വിശ്വാസിതന്റെ മ്യതദ്ദേഹം പഠിക്കാൻ വിട്ടു കൊടുക്കാൻ ആഗ്രഹിച്ചെങ്കിൽ അക്കാര്യം നേരത്തെ പറയുമായിരുന്നു എന്നാരെങ്കിലും കരുതിയാൽ തെറ്റുപറയാനാവില്ല.
https://www.facebook.com/Malayalivartha























