സങ്കടക്കടലില്‍ കുടുംബം... മൃതദേഹ ഭാഗം അര്‍ജ്ജുന്റേത് തന്നെയെന്ന് സ്ഥിരീകരിക്കാന്‍ ഡിഎന്‍എ പരിശോധന നടത്തണമെന്ന് കുടുംബം; മൃതദേഹം നാട്ടിലെത്തിക്കുന്ന ഉത്തരവാദിത്തം ഏറ്റെടുത്ത് സര്‍ക്കാര്‍

അവസാനം ഷിരൂര്‍ സങ്കടക്കടലായി. ഷിരൂരില്‍ ലോറിയില്‍ കണ്ടെത്തിയ മൃതദേഹ ഭാഗം അര്‍ജ്ജുന്റേത് തന്നെയെന്ന് സ്ഥിരീകരിക്കാന്‍ ഡിഎന്‍എ പരിശോധന നടത്തണമെന്ന് കുടുംബം. അര്‍ജുന്റെ വീട്ടില്‍ എത്തിയ തോട്ടത്തില്‍ രവീന്ദ്രന് എംഎല്‍എയോട് ഇക്കാര്യം ആവശ്യപ്പെട്ടു. കര്‍ണാടകയിലെ കളക്ടറുമായി സംസാരിക്കുമെന്നും സര്‍ക്കാര്‍ വേണ്ട എല്ലാ സഹായവും ഉറപ്പ് നല്‍കുന്നുവെന്നും തോട്ടത്തില്‍ രവീന്ദ്രന് പ്രതികരിച്ചു.
പിന്നാലെ എംഎല്‍എ എകെ ശശീന്ദ്രനോട് ഇക്കാര്യം സംസാരിച്ചു. പിന്നീട് മൃതദേഹഭാഗം കോഴിക്കോട് എത്തിക്കാന്‍ ഉള്ള ഉത്തരവാദിത്തം കേരള സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന ഉറപ്പ് കുടുംബത്തിന് മന്ത്രിയും മുഖ്യമന്ത്രിയും തമ്മില്‍ നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ എംഎല്‍എ കുടുംബത്തെ അറിയിച്ചു. വിവരം കോഴിക്കോട് കളക്ടറെയും എസ്പിയെയും അറിയിച്ചതായും തോട്ടത്തില്‍ രവീന്ദ്രന് വ്യക്തമാക്കി.
അവസാനം അര്‍ജുന്റെ മൃതദേഹം ഡിഎന്‍എ പരിശോധനയ്ക്ക് അയക്കുമെന്ന് ജില്ലാ കളക്ടറുടെ സ്ഥിരീകരണം വന്നു. മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ഡിഎന്‍ എ പരിശോധനയുടെ ഫലം വന്നതിന് ശേഷം അര്‍ജുന്റേതെങ്കില്‍ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. 2 ദിവസത്തിനുളളില്‍ ഇതുണ്ടാകുമെന്നും കളക്ടര്‍ ലക്ഷ്മി പ്രിയ അറിയിച്ചു.
ലോറിയില്‍ നിന്നും കണ്ടെത്തിയ മൃതദേഹം അര്‍ജുന്റേതെന്ന് ഉറപ്പിക്കാന്‍ ഡിഎന്‍എ പരിശോധന നടത്തുമെന്നും ഉടന്‍ ഇതിനായി മൃതദേഹം അയക്കുമെന്നും കാര്‍വാര്‍ എംഎല്‍എ സതീഷ് കൃഷ്ണ സെയ്ലും വ്യക്തമാക്കി. പരിശോധനാ ഫലം ലഭിച്ച ശേഷമാകും ഔദ്യോഗിക സ്ഥിരീകരണമെന്നും എംഎല്‍എ അറിയിച്ചു.
ഷിരൂരില്‍ മണ്ണിടിച്ചില്‍ കാണാതായി ഇനിയും കണ്ടെത്തിയിട്ടില്ലാത്ത 2 പേര്‍ക്കായി തിരച്ചില്‍ തുടരുമെന്ന് കാര്‍വാര്‍ എംഎല്‍എയും സ്ഥിരീകരിച്ചു. കര്‍ണാടക സ്വദേശികളായ ലോകേഷ്, ജഗന്നാഥന് എന്നിവര്‍ക്കായാണ് നാളെയും തിരിച്ചില്‍ തുടരുക. ദൗത്യത്തിന് ഒപ്പം നിന്ന മാധ്യമങ്ങള്‍ക്കും എംഎല്‍എ നന്ദി പറഞ്ഞു.
ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശി അര്‍ജുന്റെ മൃതദേഹം ഗംഗാവലിപ്പുഴയില്‍ നിന്നാണ് കണ്ടെത്തിയത്. ലോറിയുടെ ക്യാബിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്. പുഴയില്‍ നിന്ന് അര്‍ജ്ജുന്റെ ലോറിയും പുറത്തെടുത്തു. അര്‍ജ്ജുനെ കാണാതായി എഴുപത്തിരണ്ടാം ദിവസമാണ് മൃതദേഹവും ലോറിയും കണ്ടെത്തുന്നത്. പുഴയില്‍ 12 മീറ്റര്‍ ആഴത്തില്‍ കണ്ടെത്തിയ ലോറി ഉച്ചയ്ക്ക് മൂന്നു മണിയോടൊയാണ് പുഴയില്‍ നിന്ന് പുറത്തെടുത്തത്.
അര്‍ജുന്റെ ലോറിയും മൃതദേഹവും കണ്ടെത്തിയതോടെ വിങ്ങിപ്പൊട്ടി ലോറി ഉടമയും സുഹൃത്തുമായ മനാഫ്. തിരച്ചില്‍ നടക്കുന്നിടത്തുനിന്നാണ് മനാഫ് മാധ്യമങ്ങളോട് പ്രതികരിച്ചത്. ഒരുസാധാരണ മനുഷ്യന് ചെയ്യാന്‍ കഴിയുന്നതിന്റെ പരമാവധി ചെയ്തെന്നും അര്‍ജുന്റെ അമ്മയ്ക്ക് നല്കിയ വാക്ക് താന്‍ പാലിച്ചെന്നും വൈകാരികമായി മനാഫ് പ്രതികരിച്ചു. നിരവധി പ്രതിസന്ധികള്‍ നേരിട്ടു. അര്‍ജുനെയും കൊണ്ടേ മടങ്ങൂ എന്ന് അവന്റെ അമ്മയ്ക്ക് വാക്ക് നല്‍കിയിരുന്നു. തിരച്ചില്‍ തുടരാന്‍ മുട്ടാത്ത വാതിലുകളില്ല. ഒരാള്‍ ഒരു കാര്യം തീരുമാനിച്ചിറങ്ങിയാല്‍ എന്ത് പ്രതിസന്ധിയുണ്ടായാലും നടക്കുമെന്നും മനാഫ് പറഞ്ഞു.
ലോറിക്ക് അധികം പരിക്കുണ്ടാകില്ലെന്ന് നേരത്തെ പറഞ്ഞിരുന്നു. ക്യാബിന് ചിന്നിച്ചിതറില്ല. അമ്മയ്ക്ക് നല്കിയ ഉറപ്പ് പാലിച്ചു. തോല്ക്കാന് എന്തായാലും മനസ്സുണ്ടായിരുന്നില്ല. അവനെയും കൊണ്ടേ പോകൂവെന്നും മനാഫ് പറഞ്ഞു. ജൂലൈ 16നായിരുന്നു ഷിരൂരിലെ മണ്ണിടിച്ചിലില്‍ അര്‍ജുനെ കാണാതാകുന്നത്.
നേരത്തെ ഇതുവഴി കടന്നുപോയ ലോറി ഡ്രൈവറാണ് അര്‍ജുന്റെ ലോറി സ്ഥലത്തുണ്ടായിരുന്നുവെന്നും ലോറിയിലെ ക്യാബിനില്‍ കിടന്നുറങ്ങുന്നത് കണ്ടുവെന്നും സ്ഥിരീകരിച്ചത്. ഷിരൂരില്‍ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചില്‍ കാണാതായ കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശി അര്‍ജുന്റെ മൃതദേഹം ഇന്നലെ നടത്തിയ നിര്‍ണായക പരിശോധനയിലാണ് കണ്ടെത്തിയത്.
https://www.facebook.com/Malayalivartha























