അടിയന്തര നീക്കം... ഒളിവിലുള്ള നടന്‍ സിദ്ദിഖിനെ ഇനിയും കണ്ടെത്താനാവാത്തത് തിരിച്ചടി; കണ്ടെത്തുന്നതിന് മുമ്പ് മുന്‍കൂര്‍ ജാമ്യം അടിയന്തിരമായി പരിഗണിക്കാന്‍ നീക്കവുമായി അഭിഭാഷകര്‍

സിനിമാ മേഖലയിലെ വെളിപ്പെടുത്തലിന് പിന്നാലെയുണ്ടായ കേസുകള്‍ വീണ്ടും ചൂട് പിടിക്കുന്നു. ബലാത്സംഗ കേസില്‍ ഒളിവിലുള്ള നടന്‍ സിദ്ദിഖിനെ ഇനിയും കണ്ടെത്താനായില്ല. മൂന്‍കൂര്‍ ജാമ്യാപേക്ഷ അടിയന്തരമായി പരിഗണിക്കാനുള്ള നീക്കവുമായി അഭിഭാഷകര്‍. സിദ്ദിഖിനായി സുപ്രീംകോടതിയില്‍ ഹാജരാകുക മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോത്തഗി.
മുന്‍കൂര്‍ ജാമ്യാപേക്ഷ വെള്ളിയാഴ്ച്ച പരിഗണിക്കണമെന്നാവശ്യപ്പെട്ട് അഭിഭാഷകര്‍ സുപ്രിം കോടതി മെന്‍ഷനിങ് ഓഫീസര്‍ക്ക് ഇന്ന് ഈ മെയില്‍ കൈമാറും.
അതേസമയം ലൈംഗികാതിക്രമക്കേസില്‍ നടന്‍ സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യനീക്കത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍. തടസ്സഹര്‍ജി ഫയല്‍ചെയ്തു. സര്‍ക്കാരിനുവേണ്ടി മുന്‍ സോളിസിറ്റര്‍ ജനറല്‍ രഞ്ജിത്ത് കുമാര്‍ ഹാജരാകും.
സംസ്ഥാന സര്‍ക്കാരിന്റെ സ്റ്റാന്‍ഡിങ് കോണ്‍സല്‍ നിഷേ രാജന്‍ ഷൊങ്കറാണ് സുപ്രീംകോടതിയില്‍ തടസ്സഹര്‍ജി ഫയല്‍ചെയ്തത്. ഇതിനുള്ള നിര്‍ദേശം ബുധനാഴ്ച രാവിലെ അഡ്വക്കറ്റ് ജനറല്‍ കെ. ഗോപാലകൃഷ്ണകുറുപ്പിന്റെ ഓഫീസില്‍നിന്ന് സംസ്ഥാനസര്‍ക്കാരിന്റെ അഭിഭാഷകര്‍ക്ക് നല്‍കി. പിന്നാലെ, വേഗത്തിലുള്ള നടപടികളാണ് ഉണ്ടായത്.
ഹൈക്കോടതി കഴിഞ്ഞദിവസം പുറപ്പെടുവിച്ച ഉത്തരവിന്റെ പകര്‍പ്പ് സര്‍ക്കാര്‍ അഡ്വ. രഞ്ജിത്ത് കുമാറിന് കൈമാറി. സിദ്ദിഖ് മുന്‍കൂര്‍ ജാമ്യത്തിനായി സുപ്രീംകോടതിയെ സമീപിക്കുകയാണെങ്കില്‍ ശക്തമായി എതിര്‍ക്കാനാണ് സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം. ഹൈക്കോടതി വിധിയിലെ ചില പരാമര്‍ശങ്ങള്‍ നീക്കിക്കിട്ടാന്‍വേണ്ടി സിദ്ദിഖ് ശ്രമിച്ചേക്കുമെന്ന സാധ്യത സര്‍ക്കാരിന്റെ മുന്നിലുണ്ട്. സിദ്ദിഖ് അത്തരമൊരു ആവശ്യമുന്നയിക്കുകയാണെങ്കില്‍ അനുവദിക്കരുതെന്നാണ് സര്‍ക്കാര്‍ വാദിക്കുക.
പ്രമുഖ അഭിഭാഷകന്‍ മുകുള്‍ റോഹ്ത്തഗിയുമായി സിദ്ദിഖിന്റെ അഭിഭാഷകസംഘം കൂടിയാലോചന നടത്തിയാണ് അപ്പീല്‍ തയ്യാറായാക്കിയത്. വെള്ളിയാഴ്ച ഹര്‍ജി പരിഗണനയ്ക്കുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. വെള്ളിയാഴ്ചത്തേക്ക് കേസിനുവേണ്ടി തയ്യാറെടുക്കാനാണ് അഡ്വ. രഞ്ജിത്ത് കുമാറിനോടും സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുള്ളത്.
ഹര്‍ജി ലിസ്റ്റ് ചെയ്യുന്നതില്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസാണ് അന്തിമ തീരുമാനം എടുക്കുക. സാധാരണ മുന്‍കൂര്‍ ജാമ്യം ഉള്‍പ്പടെയുള്ള ഹര്‍ജികള്‍ പരമാവധി വേഗത്തില്‍ സുപ്രീം കോടതി പരിഗണിക്കാറുണ്ട്. സിദ്ദിഖിനായി കേസില്‍ മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോത്തഗി ഹാജരാകും. മുതിര്‍ന്ന അഭിഭാഷക വൃന്ദാ ഗ്രോവര്‍ അതിജീവിതയ്ക്കായി ഹാജരാകുമെന്നാണ് വിവരം. സംസ്ഥാന സര്‍ക്കാരിനായി മുതിര്‍ന്ന അഭിഭാഷകന്‍ രഞ്ജിത്ത് കുമാര്‍ ഹാജരായേക്കും.
അതേസമയം ബലാത്സംഗ കേസില്‍ നടന്‍ ഇടവേള ബാബു അറസ്റ്റിലായി. ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇന്നലെയാണ് പ്രത്യേക അന്വേഷണ സംഘത്തിന് മുന്നില്‍ ഇടവേള ബാബു ചോദ്യം ചെയ്യലിന് ഹാജരായത്. സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യം നല്‍കിയതിനാല്‍ അറസ്റ്റ് രേഖപ്പെടുത്തിയതിന് ശേഷം വിട്ടയക്കും. ഇടവേള ബാബുവിന്റെ ലൈംഗിക ശേഷി പരിശോധനയും നടത്തും. മൂന്നര മണിക്കൂര്‍ നേരം അന്വേഷണ സംഘം ഇടവേള ബാബുവിനെ ചോദ്യം ചെയ്തിരുന്നു. ഉച്ചക്ക് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കര്‍ശന ഉപാധികളോടെയാണ് ഇടവേള ബാബുവിന് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നത്.
അതേ സമയം, ബലാത്സംഗ കേസില്‍ നടനും എംഎല്‍എയുമായ മുകേഷിനെയും ഇന്നലെ അന്വേഷണ സംഘം ചോദ്യം ചെയ്തതിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തില്‍ വിട്ടയച്ചിരുന്നു. ഇടവേള ബാബുവിനും മുകേഷിനും കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു.
"
https://www.facebook.com/Malayalivartha























