അവൻ എനിക്ക് ഡ്രൈവറല്ല, ഏന്റെ കൂടപ്പിറപ്പാണ്... അവനെ ഇവിടെ ഒറ്റക്ക് വിട്ട് ഞാൻ മാത്രം എങ്ങനെയാ പോകുക: വിതുമ്പി മനാഫ്

മൂന്നാംഘട്ട ദൗത്യത്തിലെ ആറാം ദിനത്തിൽ അർജുന്റെ മൃതദേഹ ഭാഗങ്ങളും ലോറിയും കണ്ടെടുത്തതിന് പിന്നാലെ പ്രതികരിച്ചിരിക്കുകയാണ് ലോറി ഉടമ മനാഫ്. ഒരു മാധ്യമത്തോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ‘ഞാൻ വാക്കുപാലിച്ചു. അവനെ വീട്ടിൽ കൊണ്ടുവരുമെന്ന് അവന്റെ അച്ഛനും അമ്മക്കും ഉറപ്പുകൊടുത്തിട്ടുണ്ട്. അവൻ സത്യമുള്ളവനാ. എല്ലാവരും ചോദിച്ചിട്ടുണ്ട്, ഒരു ഡ്രൈവർക്കുവേണ്ടിയാണോ ഇത്രയൊക്കെ സാഹസമെന്ന്. അവൻ എനിക്ക് ഡ്രൈവറല്ല, ഏന്റെ കൂടപ്പിറപ്പാണ്’’ ‘അവന്റെ മൃതശരീരം ഞാൻ കണ്ടു. അവൻ ധരിച്ച ടീ ഷർട്ട് അതേപോലെയുണ്ട്. വെറും എല്ലു മാത്രമാണുള്ളതെന്ന് പലരും പറയുന്നു. ആരാ ശരീരം കണ്ടത്? ഞാൻ മാത്രമാണ് മൃതദേഹം കണ്ടത്.
ഈ പറയുന്ന ആരും കണ്ടിട്ടില്ല. ഫോട്ടോ പോലും ഞാൻ എടുത്തിട്ടുണ്ട്. ആർക്കും കൊടുത്തിട്ടില്ലെന്നുമാത്രം. കൊടുക്കുകയുമില്ല. ശവത്തിൽ കുത്തുന്ന വാക്കുകളാണ് പലരും പറയുന്നത്. ശരീരം ജീർണിച്ചിട്ടുണ്ട്. നടു മടങ്ങിയാണ് കിടപ്പ്. എനിക്ക് ഉറപ്പുണ്ടായിരുന്നു ലോറി അങ്ങനെയൊന്നും ചിന്നിച്ചിതറിപോകില്ലെന്ന്. ഞാൻ അന്നേ പറഞ്ഞില്ലേ കാബിൻ അത്ര പെട്ടെന്ന് തകരില്ലെന്ന്. ലക്ഷ്മണൻ നായിക്കിന്റെ കടയുടെ അടുത്തുതന്നെ ഉണ്ടാകുമെന്നും പറഞ്ഞതാ. അവനെ തിരിച്ചുകിട്ടാൻ വേണ്ടി മുട്ടാത്ത വാതിലില്ല. ഒരു സാധാരണക്കാരന് കഴിയുന്നതൊക്കെ ഇക്കാര്യത്തിൽ ചെയ്തു. മരണാനന്തര ചടങ്ങ് സാധ്യമായല്ലോ.
അവനേം കൊണ്ടേ ഇവിടെ നിന്ന് പോകൂവെന്ന് ഉറപ്പിച്ചു തന്നെയാ നിന്നത്. ഒരാൾ ഉറച്ച് ഒരുകാര്യത്തിനിറങ്ങിയാൽ അത് സാധിക്കും. വാക്കുപാലിക്കാൻ കഴിഞ്ഞു, അഭിമാനത്തോടെ എനിക്ക് അവന്റെ വീട്ടിലേക്ക് കയറിച്ചെല്ലാം. ഒരുപാത്രത്തിലാ ഞങ്ങൾ തിന്നത്. ഞങ്ങൾ തമ്മിൽ അങ്ങനെയാ. അവന് ഞാൻ ഉടമയല്ല സ്വന്തം സഹോദരനാണ്. അവനെ ഇവിടെ ഒറ്റക്ക് വിട്ട് ഞാൻ മാത്രം എങ്ങനെയാ പോകുക, എന്ന് വാക്കുകൾ മുറിഞ്ഞ് കരച്ചിലടക്കാൻ കഴിയാതെ മനാഫ് പറയുന്നു.
ഒരു ഘട്ടത്തിൽ അവസാനിച്ചെന്ന് തോന്നിയ തിരച്ചിൽ എഴുപത്തൊന്ന് ദിവസം നീളൻ കാരണമായത് ഒരുപക്ഷെ മനാഫിന്റെ ദൃഢനിശ്ചയത്തിന്റെ കൂടി ഭാഗമായിട്ടായിരുന്നു. ഇതുപോലൊരാൾ നമ്മുടെ ജീവിതത്തിലും ഉണ്ടായിരുന്നെങ്കിലെന്ന് പറഞ്ഞു മനാഫ് എന്ന മനുഷ്യനെ ചേർത്ത് പിടിക്കുകയാണ് മലയാളികളും, സോഷ്യൽ മീഡിയയും. ‘‘ഒരു മുതലാളിയും തന്റെ തൊഴിലാളിയുടെ മൃതദേഹം കണ്ടെടുക്കാൻ മാസങ്ങൾ ആ ഇടംവിട്ട് മറ്റൊന്നിനും പോകാതെ ഇത്ര കഷ്ടപ്പെട്ടിട്ടുണ്ടാകില്ല. ഇത്ര പണം മുടക്കിയിട്ടുണ്ടാകില്ല . അധികാരികളുടെ പുറകെ കെഞ്ചി നടന്നിട്ടുണ്ടാകില്ല.’’, ‘‘മണ്ണിനടിയിൽ കിടക്കുന്നത് വിഐപി ആണോയെന്ന് ഒരു സംസ്ഥാനത്തെ ഞെട്ടിച്ച മുതലാളി.’’, ചോദിച്ചു.
‘‘മനാഫിനെ ഓടിച്ചെന്ന് കെട്ടിപ്പിടിക്കാൻ തോന്നുന്നു’’, ‘‘ഇത് വരച്ചുകാണിക്കുന്നത് മുതലാളിക്ക് തൊഴിലാളിയോടുള്ള കടപ്പാട്.’’, ‘‘മനാഫ് എക്കാലവും മാതൃകയായി ഓർമിക്കപ്പെടും. നിശ്ചയദാർഢ്യത്തിന്റെയും സമർപ്പണത്തിന്റെയും സ്നേഹത്തിന്റെയും പ്രതീകമായി.’’... തുടങ്ങി നിരവധി കുറിപ്പുകളാണ് മനാഫിനെ കുറിച്ച് ഫെയ്സ്ബുക് ഉൾപ്പെടെയുള്ള സാമൂഹിക മാധ്യമങ്ങളിൽ നിറയുന്നത്. അർജുനെയും ലോറിയെയും കാണാതായതിന് പിറ്റേന്ന് മുതൽ മനാഫ് ഷിരൂരിൽ ഉണ്ട്.
തുടക്കത്തിൽ മന്ദഗതിയിലായിരുന്ന തിരച്ചിൽ ദ്രുതപ്പെടുത്തുന്നതും തിരച്ചിൽ അവസാനിപ്പിക്കുമെന്ന ഘട്ടത്തിൽ അധികാരികളുടെ പിറകെ നടന്ന് അന്വേഷണം പുനഃരാരംഭിപ്പിച്ചതുമെല്ലാം മനാഫായിരുന്നു. സ്വാർഥലാഭത്തിനുവേണ്ടിയാണ് മനാഫ് ഇപ്രകാരം ചെയ്യുന്നത് എന്നതുൾപ്പെടെ നിരവധി ആരോപണങ്ങളും ഉയർന്നിരുന്നു. എന്നാൽ ‘അർജുന്റെ അമ്മയ്ക്ക് കൊടുത്ത വാക്ക് ഞാൻ പാലിക്കുകയാണ്. അർജുനെയും കൊണ്ടേ ഞാൻ പോകൂ’ എന്നുപറഞ്ഞ് ആ മനാഫ് വിതുമ്പുമ്പോൾ ബാക്കിയാകുന്നത് ഇനിയും മരിച്ചിട്ടില്ലാത്ത സഹജീവി സ്നേഹത്തിന്റെ നല്ല മാതൃകയാണ്.
ദുരന്തമുഖങ്ങളിൽ ആരും മതം ചികയരുതെന്നും മനാഫ് പറയുന്നു. നമ്മൾ എത്രയോ പുരോഗമിച്ച സമൂഹമാണ്. എന്നിട്ടും ദുരന്ത മുഖങ്ങളിൽ ചിലയാളുകൾ ജാതിയും മതവും കാണുന്നു. ഇന്നലെ രാത്രി പോലും ഞാനതോർത്ത് കരഞ്ഞിട്ടുണ്ട്. എന്റെ കുടുംബത്തെ വരെ വിവാദത്തിലേക്ക് വലിച്ചിഴച്ചു. വിദ്വേഷങ്ങളില്ലാത്ത നാടാണ് നമുക്ക് വേണ്ടത്. ഷിരൂർ ദുരന്തത്തിൽ കേരളം കാണിച്ച ജാഗ്രതയും ഒത്തൊരുമയും വയനാട് ദുരന്തത്തിലെ രക്ഷാപ്രവർത്തനത്തിൽ പോസിറ്റിവായി ഫലം ചെയ്തുവെന്നാണ് ഞാൻ വിശ്വസിക്കുന്നത്. ദുരന്തമുഖങ്ങളിൽ ജാഗ്രതയോടെയിരിക്കാൻ ഷിരൂർ അപകടം നമ്മളെ ഓർമിപ്പിക്കുന്നു. അർജുനുവേണ്ടി ഇത്രയെങ്കിലും എനിക്ക് ചെയ്യണമായിരുന്നു. ഒപ്പം നിന്ന എല്ലാ രാഷ്ട്രീയ നേതാക്കൾക്കും മാധ്യമ പ്രവർത്തകർക്കും നന്ദി എന്ന് മനാഫ് പറഞ്ഞു.
https://www.facebook.com/Malayalivartha























