അർജുന്റെ ലോറി കരക്കെത്തിച്ചപ്പോൾ ബാക്കിയായത് ചങ്ക് തകർക്കുന്ന കാഴ്ചകൾ: മകന്റെ കളിപ്പാട്ടവും ലോറിയിൽ...

ആഴങ്ങളിൽ നിന്ന് പുറത്തെടുത്ത ലോറിയിൽ നിന്ന് അർജുന്റെ മൃതദേഹം എടുത്ത ശേഷം അർജുന്റെ ലോറി കരക്കെത്തിച്ചപ്പോൾ ബാക്കിയായത് ചില കണ്ണീർക്കാഴ്ചകൾ. ലോറിയിൽ നിന്ന് അർജുൻ യാത്രയിൽ ഉപയോഗിച്ച ഒട്ടുമിക്ക വസ്തുക്കളും കണ്ടെടുത്തു. അർജുന്റെ ബാഗ്, രണ്ട് ഫോണുകൾ, പാചകത്തിനുപയോഗിക്കുന്ന കുക്കർ ഉൾപ്പെടെയുള്ള പാത്രങ്ങൾ, വാച്ച്, ചെരിപ്പുകൾ എന്നിവയാണ് കണ്ടെടുത്തത്.
മകന്റെ കളിപ്പാട്ടവുമുണ്ടായിരുന്നു അർജുന്റെ ലോറിയിൽ. ഈ കളിപ്പാട്ടം ലോറിയില്‍ കാബിന് മുന്നില്‍ വെച്ചാണ് അര്‍ജുന്‍ യാത്ര ചെയ്തിരുന്നത്. മകന് വേണ്ടി അര്‍ജുന്‍ വാങ്ങി നല്‍കിയതായിരുന്നു ഇതെന്ന് അനിയന്‍ അഭിജിത്ത് പറഞ്ഞു. പിന്നീട് തിരികെ പോയപ്പോള്‍ ഈ കളിപ്പാട്ട വണ്ടിയും അര്‍ജുന്‍ കൂടെക്കൊണ്ടുപോയിരുന്നു. ഇത്തരം കുഞ്ഞുകളിപ്പാട്ടങ്ങളാണ് അര്‍ജുന്‍ മകന് വാങ്ങിക്കൊടുത്തിരുന്നത്.
പുഴയിൽ നിന്ന് കഴിഞ്ഞ ദിവസം കണ്ടെത്തിയ അർജുന്റെ ലോറി ഇന്ന് പൊളിച്ച് പരിശോധിക്കുന്നതിനിടയിലാണ് അർജുൻ അവസാന സമയത്ത് ഉപയോഗിച്ചിരുന്ന വസ്തുക്കൾ കണ്ടെത്തിയത്. .ലോറിയുടെ ക്യാബിനിൽ ബാക്കിയുള്ള മൃതദേഹാവശിഷ്ടങ്ങൾ ഉൾപ്പെടെ ശേഖരിക്കുന്നതിന് വേണ്ടിയാണ് ലോറി പൊളിച്ച് പരിശോധിക്കാൻ തീരുമാനിച്ചത്. കഴിഞ്ഞ ദിവസം ലോറിയിൽ നിന്ന് മൃതദേഹാവശിഷ്ടങ്ങളുടെ 75 ശതമാനമാണ് പുറത്തെടുത്തത് എന്ന് കാർവാർ എംഎൽഎ സതീഷ് കൃഷ്ണ സെയ്ൽ അറിയിച്ചിരുന്നു.
അർജുൻ അവസാന സമയത്ത് ഉപയോഗിച്ചിരുന്ന വസ്തുക്കൾ ലഭിക്കുകയാണെങ്കിൽ വീട്ടിലേക്ക് കൊണ്ടുപോകണമെന്ന് ആഗ്രഹിക്കുന്നതായി അധികൃതരെ അറിയിച്ചതായി അർജുന്റെ സഹോദരി ഭർത്താവ് ജിതിൻ പറഞ്ഞിരുന്നു. അർജുന്റെ ഭാര്യ ഇക്കാര്യം തന്നോട് ആവശ്യപ്പെട്ടിരുന്നതായും ജിതിൻ വെളിപ്പെടുത്തി. ലോറിയുടെ മാതൃകയിലുള്ള കളിപ്പാട്ടമാണ് മകനുവേണ്ടി അർജുൻ വാങ്ങിയത്. വാഹനവുമായി ബന്ധപ്പെട്ട രേഖകൾ ഉൾപ്പെട്ട ഫയലും കണ്ടെത്തി. അര്‍ജുന്റെ കുഞ്ഞിന്റെ കളിപ്പാട്ട ലോറി കാബിന്റെ ഉള്ളില്‍ നിന്ന് പുറത്തെടുത്തപ്പോള്‍ കണ്ടുനിന്നവര്‍ക്കെല്ലാം അത് നൊമ്പരമായി. ലോറിയുമായി ദൂരയാത്രയ്ക്ക് പോകുമ്പോൾ മകന്റെ ഓർമ്മകളെ ഒപ്പം കൂട്ടാനായി അർജുൻ കൊണ്ടുപോയതായിരുന്നു ഈ കളിപ്പാട്ടം.
ഇന്ന് രാവിലെയാണ് ഗംഗാവലി പുഴയില്‍ നിന്ന് ലോറി പൂര്‍ണ്ണമായി കരക്കെത്തിച്ചത്. ലോറി കരക്കെത്തിച്ച സമയത്ത് ലോറിയുടെ ക്യാബിനുള്ളില്‍ നിന്നും അസ്ഥികള്‍ കണ്ടെത്തിയിരുന്നു. കാബിന്റെ ഭാഗത്തുള്ള ചെളി നീക്കിയപ്പോഴാണ് അര്‍ജുന്‍ ഉപയോഗിച്ചിരുന്ന വസ്തുക്കള്‍ കിട്ടിയത്. ഇന്നലെ വൈകുന്നേരത്തോടെയാണ് അർജുന്റെ ശരീരഭാഗങ്ങളും ലോറിയും ഗംഗാവലി പുഴയിൽ നിന്നും കണ്ടെത്തിയത്. അര്‍ജുന്‍റെ മൃതദേഹം നാളെ കുടുംബത്തിന് വിട്ടുനല്‍കും. മൃതദേഹത്തെ കര്‍ണാടക പൊലീസും അനുഗമിക്കും. പൊലീസ് സംരക്ഷണയോടെ ആയിരിക്കും കേരളത്തിലേക്കുള്ള യാത്ര. മൃതദേഹം എങ്ങനെ കൊണ്ടുപോകണം എന്ന കാര്യത്തില്‍ ഇന്നത്തെ യോഗത്തില്‍ തീരുമാനമാകും.
തകര്‍ന്ന നിലയിലാണ് അര്‍ജുന്‍ ഓടിച്ചിരുന്ന ലോറിയുടെ കാബിന്‍ പുഴയില്‍നിന്ന് പുറത്തെടുത്തത്. കർണാടക സർക്കാർ സാധ്യമായതെല്ലാം ചെയ്തുവെന്ന് അർജുന്റെ സഹോദരി അഞ്ജു നേരത്തേ പറഞ്ഞിരുന്നു. മലയാളികളും കേരളത്തിലെ മാധ്യമങ്ങളും ഒപ്പമുണ്ടായിരുന്നു. എന്നാൽ യൂട്യൂബ് ചാനലുകൾ നടത്തിയ വ്യാജപ്രചരണം വേദനിപ്പിച്ചെന്നും കുടുംബത്തിനും ലോറി ഉടമ മനാഫിനും ഒരുപാട് സൈബർ ആക്രമണങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ടെന്നും അവർ മാധ്യമങ്ങളോട് പറഞ്ഞു. 'ആദ്യം തന്നെ സഹായിച്ചത് എം.കെ.രാഘവൻ എംപിയാണ്.
സംസ്ഥാന സർക്കാരും പ്രതിനിധികളെ അയച്ച് കുടുംബത്തോടൊപ്പം നിന്നു. കര്‍ണാടക എം.എല്‍.എ. സതീഷ് കൃഷ്ണ സെയില്‍ അടക്കം കൂടെ നിന്നതുകൊണ്ടാണ് ഡ്രഡ്ജർ പരിശോധന നടന്നത്. ഡ്രഡ്ജിങ് സാധ്യമാക്കാൻ കെ.സി.വേണുഗോപാലും എം.കെ.രാഘവനും നേരിട്ട് സമ്മർദ്ദം ചെലുത്തി. കുടുംബത്തിന് വേണ്ടി ജിതിനാണ് എല്ലാം ചെയ്തത്. മനാഫ് മറ്റൊരു രീതിയിലും കാര്യങ്ങൾ ചെയ്തു.
അർജുന് വേണ്ടി പലരും പല രീതിയിലുള്ള മാർഗങ്ങൾ സ്വീകരിച്ചു. എല്ലാവർക്കും ഉത്തരം കിട്ടി. ലോറി കണ്ടെത്തുമെന്നും അതിന് സമയമെടുക്കുമെന്നും കാർവാർ എസ്.പി കുടുംബത്തെ ബോധ്യപ്പെടുത്തിയിരുന്നു. തുടക്കത്തിൽ തെറ്റായ വിവരങ്ങളറിയിച്ച് ചിലർ കുടുംബത്തെ അടക്കം തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചു. കർണാടക ഭരണകൂടം ഈശ്വർ മാൽപെയെ തഴഞ്ഞതല്ല', അഞ്ജു കൂട്ടിച്ചേർത്തു.
https://www.facebook.com/Malayalivartha























