പിണറായിക്ക് ഒപ്പം കൊള്ള നടത്താൻ ഗണേശനും കൂട്ട്... കേന്ദ്രം സൗജന്യമായി നൽകുന്ന 950 ഇ – ബസുകൾ വേണ്ടന്ന് ഗണേഷ്‌കുമാർ.. 100 കോടിയുടെ വെട്ടിപ്പ്? കേന്ദ്രത്തിന്റെ ഫയൽ മടക്കി മന്ത്രി ഗണേഷ് കുമാർ

കേന്ദ്ര സർക്കാരിന്റെ പി.എം. ഇ- ബസ് സേവാ പദ്ധതിയുടെ ആദ്യ ഘട്ടമായി സംസ്ഥാനത്തെ പത്ത് നഗരങ്ങൾക്കായി 950 ബസുകൾ അനുവദിക്കുന്നത് സംബന്ധിച്ച ഫയൽ ഗതാഗത വകുപ്പ് മടക്കി അയച്ചു. കേന്ദ്ര പദ്ധതി ലാഭകരമാകില്ലെന്ന് മന്ത്രി കെ. ബി. ഗണേഷ് കുമാർ വിലയിരുത്തി. പുതുതായി ഡീസൽ ബസുകൾ മതിയെന്നാണ് മന്ത്രിയുടെ നിർദേശം.
രാജ്യം അതിവേഗം ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറിക്കൊണ്ടിരിക്കുമ്പോഴാണ് അത് നഷ്ടമാണെന്നും ഡീസൽ ബസുകളിലേക്ക് തിരികെ പോകുമെന്നും മന്ത്രി പറഞ്ഞത്. ഡീസൽ ബസുകൾ വാങ്ങുന്നതിന് നേരത്തെ പ്ലാൻ ഫണ്ടിൽ വകയിരുത്തിയ തുകയുടെ പകുതി ധനവകുപ്പ് വെട്ടിക്കുറച്ചെന്ന വിവരം അറിഞ്ഞ ശേഷമാണ് ഗതാഗത വകുപ്പിന്റെ ഇ ബസ് നിഷേധം.
പ്ലാൻ ഫണ്ടായി 93 കോടി രൂപ അനുവദിക്കുമെന്ന പ്രതീക്ഷയിൽ 555 ഡിസൽ ബസ് വാങ്ങൽ പദ്ധതി ത്രിശങ്കുവിലാണ്. കേന്ദ്രം സൗജന്യമായി 950 ബസുകൾ തന്നാലും സംസ്ഥാന സർക്കാർ 42 കോടി രൂപ കണ്ടെത്തേണ്ടി വരും എന്ന ന്യായവും മന്ത്രി പറയുന്നു. എങ്കിൽ പോലും അതു ലാഭമല്ലേ എന്ന് ചോദ്യത്തിനും മന്ത്രിക്ക് ഉത്തരമില്ല.
ഡീസൽ വണ്ടി വാങ്ങുമ്പോൾ ഇടനിലക്കാർക്ക് കിട്ടുന്ന കമ്മീഷനിൽ കണ്ണുനട്ടാണ് സംസ്ഥാന വിരുദ്ധമായ തീരുമാനം എന്ന ആരോപണം ഉയർന്നിട്ടുണ്ട്. മിക്ക വകുപ്പുകളുടെ പ്ലാൻ ഫണ്ടുകൾ പകുതിയായി കുറച്ചപ്പോൾ ഗതാഗത വകുപ്പിനുള്ള തുകയും കുറച്ചു. ആ പകുതി എപ്പോൾ കിട്ടുമെന്ന് ഉറപ്പുമില്ല. മാർച്ചു വരെ സമയമുണ്ട്. തുക വെട്ടിക്കുറയ്ക്കുരുതെന്ന് ആവശ്യപ്പെട്ട് ധനവകുപ്പിന് കത്ത് നൽകിയിട്ടുണ്ട്.
കേന്ദ്രം 950 ബസുകൾ സൗജന്യമായി നൽകുമെന്നല്ല പറഞ്ഞതെന്ന് മന്ത്രി കെ.ബി.ഗണേഷ് കുമാർ പറഞ്ഞു. സംസ്ഥാന സർക്കാർ 42 കോടി രൂപ കണ്ടെത്തേണ്ടി വരും അത്രയും തുക നൽകാനില്ല. കേന്ദ്രത്തിന്റെ പ്രപ്പോസൽ അടങ്ങിയ ഫയലിൽ പറയുന്ന ചേർത്തലയിലും, കായംകുളത്തും ഇപ്പോൾ ഇഷ്ടം പോലെ ബസുണ്ട്. കൊച്ചിയും തിരുവനന്തപുരവും ആ ലിസ്റ്റിലില്ല.
തിരുവനന്തപുരവും ഉൾപ്പെടെയുണ്ടെന്ന് ചൂണ്ടിക്കാട്ടിയപ്പോൾ, ഇവിടെ ഇപ്പോൾ ഓടുന്ന വണ്ടിക്കു തന്നെ സ്ഥലമില്ലെന്നായിരുന്നു മറുപടി. കേന്ദ്രത്തിൽ നിന്ന് സൗജന്യമായി 950 ഇ-ബസുകൾ ലഭിക്കാനിരിക്കെയാണ് അതൊഴിവാക്കി ഡിസൽ വാങ്ങാനുള്ള തീരുമാനത്തിലേക്ക് സർക്കാർ നീങ്ങുന്നത്. പലഭാഗങ്ങളിൽ നിന്നും ശക്തമായ പ്രതിഷേധമാണ് ഇതിനെതിരെ ഉയരുന്നത്.
ഗീൻ എനർജിയിൽ പ്രവർത്തിക്കുന്ന ഓട്ടോമാറ്റിക് യാത്രാക്കൂലി സംവിധാനങ്ങളുള്ള മെട്രോയുടെ മാതൃകയിലുള്ള ബസുകളാണ് കേരളത്തിന് 10 നഗരങ്ങളിലായി 950 ബസുകൾ. ലോ ഫ്‌ളോർ ഇലക്ട്രിക് ബസുകൾ 12 മീറ്ററും ഒമ്പത് മീറ്ററും നീളമുള്ള രണ്ട് വിഭാഗങ്ങളായിരിക്കും. 12 മീറ്റർ ബസുകൾക്കാണ് കേരളം ആഗ്രഹം പ്രകടിപ്പിച്ചത്. തിരുവനന്തപുരത്തിനും കൊച്ചിക്കും 150 ബസുകൾ വീതം ലഭിക്കും.
ബസുകൾക്കൊപ്പം ഡ്രൈവർമാരെയും പദ്ധതി പ്രകാരം നൽകും. ഇന്ധനച്ചെലവ് സംസ്ഥാനം വഹിക്കണം. കേന്ദ്രം ചാർജിംഗ് സ്‌റ്റേഷനുകൾ നൽകും. കൂടാതെ, പ്രവർത്തിപ്പിക്കുന്ന കിലോമീറ്ററുകളുടെ അടിസ്ഥാനത്തിൽ സംസ്ഥാനം വരുമാനത്തിന്റെ ഒരു വിഹിതം കേന്ദ്രത്തിന് നൽകണം. കേന്ദ്രത്തിന്റെ വിഹിതം അടച്ച് മറ്റെല്ലാ ചെലവുകളും നടത്തി സംസ്ഥാനത്തിന് ഒരു കിലോമീറ്ററിന് 1,015 രൂപ ലാഭം ലഭിക്കുന്ന തരത്തിലാണ് പാക്കേജ് അന്തിമമാക്കിയത്.
മുൻമന്ത്രി ആന്റണി രാജുവും ഇതിനെതിരെ ശക്തമായി പ്രതികരിച്ചിട്ടുണ്ട്. ലാഭകരമാണെന്ന കണക്കുകൾ കോർപ്പറേഷന്റെ കൈയിലുണ്ടെന്നും പഴയതൊക്കെ തെറ്റാണെന്ന് സ്ഥാപിക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. 2025 - 2029 കാലയളവിൽ 3,435.33 കോടി രൂപ ചെലവഴിച്ച് സ്വകാര്യ കമ്പനിയുടെ 38,000 ഇലക്ട്രിക് ബസുകൾ കേന്ദ്രം സംസ്ഥാനങ്ങൾക്ക് ലഭ്യമാക്കുന്നതാണ് പി.എം.ഇ.ബസ് സേവാ പദ്ധതി.
ആദ്യ ഘട്ടത്തിൽ കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലേക്ക് 150 ഇ-ബസുകൾ വീതവും കൊല്ലം, തൃശൂർ, മലപ്പുറം, കണ്ണൂർ എന്നിവിടങ്ങളിലേക്ക് 100 വീതവും ചേർത്തല, കായംകുളം, കോട്ടയം എന്നിവിടങ്ങളിലേക്ക് 50 വീതവും അനവദിക്കാനാണ് ഉദ്ദേശിക്കുന്നത്. എന്നാൽ മന്ത്രിസഭയുടെ നിലപാട് അനുകൂലമായാലാണ് ഇത് നേടാനാകുക.
പൊതുഗതാഗതം മെച്ചപ്പെടുത്താൻ കേന്ദ്രസർക്കാർ പ്രഖ്യാപിച്ച 'പി.എം. ഇ-ബസ് സേവ' പദ്ധതി ആദ്യഘട്ടത്തിൽ പത്തുസംസ്ഥാനങ്ങളിൽ നടപ്പാക്കും. പൊതു-സ്വകാര്യ പങ്കാളിത്ത മാതൃകയിൽ നടപ്പാക്കുന്ന പദ്ധതിക്കായുള്ള ആദ്യ കരാർരേഖ വിജ്ഞാപനംചെയ്തു. 3600 ബസുകൾ വാങ്ങാനും നടത്തിപ്പിനും പരിപാലനത്തിനുമടക്കമുള്ള കരാറാണ് വിളിച്ചിരിക്കുന്നത്.
വാങ്ങുന്ന ബസുകൾ 45 നഗരങ്ങളിൽ ഓടിക്കും. മറ്റ് സംസ്ഥാനങ്ങൾ ഇതിനകം 3,975 ബസുകൾ ഉറപ്പാക്കിയിരുന്നു. ബിഹാർ, ചണ്ഡീഗഢ്, ഗുജറാത്ത്, ഹരിയാണ, ജമ്മു-കശ്മീർ, മഹാരാഷ്ട്ര, മേഘാലയ, ഒഡിഷ, പുതുച്ചേരി, പഞ്ചാബ് എന്നിവിടങ്ങളിലേക്കാണ് ആദ്യഘട്ടത്തിൽ കരാർ ക്ഷണിച്ചിരിക്കുന്നത്. കേരളത്തിലെ 10 നഗരങ്ങൾ കേന്ദ്രത്തിന്റെ മുൻഗണനപ്പട്ടികയിലുള്ളതാണ്.
മൊത്തം 169 നഗരങ്ങളുടെ പട്ടികയാണ് നഗരകാര്യ മന്ത്രാലയം തയ്യാറാക്കിയിരിക്കുന്നത്. ഗതാഗത സംവിധാനം പരിസ്ഥിതി സൗഹൃദമാവുകയെന്ന ലക്ഷ്യവും പദ്ധതിക്ക് പിന്നിലുണ്ട്. ഓഗസ്റ്റിലായിരുന്നു കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകിയത്. ജനസംഖ്യാടിസ്ഥാനത്തിൽ തിരഞ്ഞെടുത്ത രാജ്യത്തെ 100 നഗരങ്ങളിൽ 10,000 ബസുകളിറക്കും.
നിലവിൽ ഏകോപിത ബസ് സർവീസ് ഇല്ലാത്ത നഗരങ്ങൾക്കു മുൻഗണന നൽകും. 45,000 മുതൽ 55,000 വരെ നേരിട്ടുള്ള തൊഴിലവസരങ്ങൾ ഈ പദ്ധതി സൃഷ്ടിക്കുമെന്ന് മന്ത്രി പറഞ്ഞു. 5 ലക്ഷത്തിൽ കുറവു ജനസംഖ്യയുള്ള നഗരങ്ങളിൽ 50 ബസുകൾ വീതവും 5 മുതൽ 20 ലക്ഷം വരെ ജനസംഖ്യയുള്ള നഗരങ്ങളിൽ 100 ബസ് വീതവും 20 മുതൽ 40 ലക്ഷം വരെ ജനസംഖ്യയുള്ള നഗരങ്ങളിൽ 150 ബസുകൾ വീതവുമാണു നൽകുക.
57,613 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിക്ക് 20,000 കോടി രൂപയുടെ കേന്ദ്രസഹായമുണ്ടാകും. ബാക്കി സംസ്ഥാന സർക്കാരുകൾ, പദ്ധതിയിൽ ചേരുന്ന സ്വകാര്യപങ്കാളികൾ എന്നിവരാണ് വഹിക്കേണ്ടത്. കേന്ദ്രഭരണപ്രദേശങ്ങൾ, വടക്കുകിഴക്കൻ മേഖലകൾ, മലയോരസംസ്ഥാനങ്ങൾ എന്നിവയുടെ തലസ്ഥാനങ്ങളിൽ 90 ശതമാനം ചെലവും കേന്ദ്രം വഹിക്കും.
കെ.എസ്.ആർ.ടി.സിയുടെ കണക്കുപ്രകാരം ഒരു സിറ്റി സർക്കുലർ ഇലക്ട്രിക് ബസിൽ നിന്നുള്ള പ്രതാമാസ ലാഭം 25,000 രൂപയാണ്. ഡീസൽ ബസ് ഓടിക്കാൻ കിലോമീറ്ററിന് 25 രൂപയാണെങ്കിൽ ഇ-ബസിന് നാലു രൂപ മാത്രമാണ്. തിരുവനന്തപുരം നഗരത്തിൽ 113 ഇലക്ട്രിക് ബസുകൾ സർവീസ് നടത്തുന്നുണ്ട്. സാധാരണ സിറ്റി സർവീസിൽ പ്രതിദിനം 3,000 യാത്രക്കാരായിരുന്നത് ഇലക്ട്രിക് ബസ് വന്നതോടെ 80,000 ആയി.
ടിക്കറ്റ് നിരക്ക് 10 രൂപയായി കുറച്ചും യാത്രക്കാരെ ആകർഷിച്ചു. 40 പുതിയ ബസുകൾക്ക് ഓർഡർ നൽകിയിരുന്നതും ഉടൻ ലഭിക്കും. ഇ-ബസുകൾക്ക് കിലോമീറ്ററിന് ശരാശരി 8.21 രൂപ ലാഭമുണ്ടെന്ന് കെ.എസ്.ആർ.ടി.സി പറയുന്നു. 2023 ഏപ്രിൽ മുതൽ ഡിസംബർ വരെ 2.88 കോടി രൂപയുടെ ലാഭം നേടിയിട്ടുണ്ട്. ഇതെല്ലാം ചൂണ്ടിക്കാട്ടിയാകും കെ.എസ്.ആർ.ടി.സിയുടെ റിപ്പോർട്ട്.
ഇതോടെ ഗണേഷ്‌കുമാറിന് തന്റെ പ്രസ്താവനയിൽ നിന്ന് പിന്നോട്ട് പോരേണ്ടി വരുമെന്നും റദ്ദാക്കിയ ടെണ്ടർ നടപടികൾ പുന:സ്ഥാപിക്കേണ്ടി വരുമെന്നുമാണ് കണക്കാക്കുന്നത്. കെ.എസ്.ആർ.ടി.സി തിരുവനന്തപുരം നഗരത്തിലോടിക്കുന്ന ഇലക്ട്രിക് ബസുകളിൽ 60 എണ്ണം സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി നഗരസഭ വാങ്ങി നൽകിയതാണ്.
രണ്ടാം ഘട്ടമായി 20 ഇ-ബസുകളും ടൂറിസത്തിനായി രണ്ട് ഡബിൾ ഡെക്കർ ഇ-ബസുകളും വാങ്ങാനുള്ള നടപടി നഗരസഭ പൂർത്തീകരിച്ചു. തലസ്ഥാന നഗരത്തെ കാർബൺ രഹിതമാക്കുകയെന്ന നയത്തിന്റെ ഭാഗമാണിതെന്നും അത് നടപ്പാക്കാൻ ആവശ്യമായ തീരുമാനങ്ങളും പദ്ധതികളുമായി നഗരസഭ മുന്നോട്ടു പോകുമെന്നും മേയർ വ്യക്തമാക്കി.
https://www.facebook.com/Malayalivartha























