തീരദേശ പരിപാലന നിയമം : ഇളവുകൾ അപര്യാപ്തമെന്ന് കെ.സി.വേണുഗോപാൽ എംപി

തീരദേശ പരിപാലന നിയമത്തിൽ ഇപ്പോൾ നൽകിയ ഇളവുകൾ ഒരു പരിധിവരെ ആശ്വാസകരമാണെങ്കിലും തീരദേശജനതയുടെയും മത്സ്യത്തൊഴിലാളികളുടെയും ആശങ്കകളും ആവശ്യങ്ങളും പരിഹരിക്കുന്നവിധം ഭേദഗതി വരുത്താൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തയ്യാറാകണമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എംപി.
2019ലെ കരടുനിയമത്തിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ദിവസം കേന്ദ്രസർക്കാർ അംഗീകരിച്ച തീരദേശ നിയന്ത്രണ നിയമവും തീരദേശ പരിപാലന പ്ലാനിലും മുൻകാലത്തെ ആപേക്ഷിച്ച് ചില ആനുകൂല്യങ്ങൾ നൽകുന്നുണ്ടെങ്കിലും അത് പര്യാപ്തമല്ല. 2011ലെ തീരദേശ നിയന്ത്രണ നിയമം പരിഷ്‌കരിച്ചു കൊണ്ടു നടപ്പാക്കുന്ന പുതിയ നിയമത്തിലെ പല നിർദ്ദേശങ്ങളും കടലോര കായലോര മേഖലകളിൽ അധിവസിക്കുന്ന തീരദേശ വാസികൾക്ക് ദോഷകരമായിട്ടുള്ളതാണ്.
ഇവർക്ക് ഗുണകരമായി രീതിയിൽ മാറ്റം വരുത്താൻ സംസ്ഥാന കേന്ദ്ര സർക്കാരുകൾ നടപടി സ്വീകരിക്കണമെന്നും കെ.സി.വേണുഗോപാൽ ആവശ്യപ്പെട്ടു. കേരളത്തിലെ 10 തീരദേശ ജില്ലകളിലെ 245 പഞ്ചായത്തുകളിലും 36 മുനിസിപ്പാലിറ്റികളിലും 5 കോർപ്പറേഷനുകളിലും അധിവസിക്കുന്ന കടലോര ഉൾനാടൻ നിവാസികൾക്ക് ബാധകമാകുന്ന നിയമമാണു കേന്ദ്രപരിസ്ഥിതി മന്ത്രാലയം അംഗീകരിച്ചിരിക്കുന്നത്.
എന്നാൽ 245 പഞ്ചായത്തുകളിൽ 64 പഞ്ചായത്തുകളിൽ അധിവസിക്കുന്നവർക്ക് മാത്രമാണ് ഈ ഭേദഗതി പ്രയോജനം പൂർണ്ണ തോതിൽ ലഭിക്കുന്നതെന്നും വേണുഗോപാൽ ചൂണ്ടിക്കാട്ടി. ഇളവ് ലഭിക്കുന്ന പട്ടികയിൽ ഉണ്ടായിരുന്ന അമ്പലപ്പുഴ തെക്ക് അമ്പലപ്പുഴ വടക്ക് എന്നീ പഞ്ചായത്തുകൾ ധാതുമണൽ നിക്ഷേപമുള്ള പഞ്ചായത്തുകൾ എന്ന നിലയിൽ ഒഴിവാക്കപ്പെടുമെന്നത് പ്രതിഷേധാർഹമാണ്.
താരതമ്യേന വീതി കുറഞ്ഞ പഞ്ചായത്തുകളായ ആലപ്പാട് ആറാട്ടുപുഴ എന്നിവിടങ്ങളിൽ 3 എ കാറ്റഗറിയുടെ ഇളവുകൾ മത്സ്യത്തൊഴിലാളികൾക്ക് ഗുണം ചെയ്യില്ല. സിആർഇസഡ് 1എ. 1ബി. 2. 3 എ . 3ബി. 4.എ.4 ബി എന്നി തരത്തിലാണു തീരമേഖല വിഭജിച്ചിരിക്കുന്നത്.സോൺ 2 ജനവാസമേഖല ഉൾപ്പെടുന്നതാണ്.
നിർമ്മാണത്തിന് ദൂരപരിധി ഇല്ലാത്ത നഗരസഭകൾക്ക് ബാധകമായ സോൺ 2 വിൽ 1991 നമുൻപുള്ള കെട്ടിടത്തിന്റെയോ റോഡിന്റെയോ കരഭാഗത്തു പുതിയ നിർമ്മാണ പ്രവർത്തനം നടത്താമെന്ന് നിർദ്ദേശിക്കുന്നത് ഏറെ പ്രയോജനകരമാണ്. ഇതനുസരിച്ചു എല്ലാ കടലോര ഉൾനാടൻ മത്സ്യത്തൊഴിലാളി ഗ്രാമങ്ങളും ഉൾക്കൊള്ളുന്ന പഞ്ചായത്തുകളേയും നഗരസഭകളേയും കോർപ്പറേഷനുകളേയും നിയന്ത്രണത്തിൽ നിന്നു ഒഴിവാക്കണമെന്നാണ് മത്സ്യത്തൊഴിലാളി കുടുംബങ്ങളും അവരുടെ സംഘടനകളും ആവശ്യം.
എന്നാൽ ഇത് അംഗീകരിക്കാൻ കേന്ദ്രസർക്കാർ തയ്യാറാകാത്തത് നിർഭാഗ്യകരമാണെന്നും വേണുഗോപാൽ പറഞ്ഞു. കരിമണൽ ഖനന മേഖലകളായ പൊന്മന ആലപ്പാട്, ആറാട്ടുപുഴ, തൃക്കുന്നപ്പുഴ, പുറക്കാടു,അമ്പലപ്പുഴ നോർത്ത്, അമ്പലപ്പുഴ സൗത്ത്, പുന്നപ്ര നോർത്ത്, പുന്നപ്ര സൗത്ത് പഞ്ചായത്തുകളെയും കടലിനും കായലിനും ഇടയ്ക്കു കിടക്കുന്ന പൊഴിയൂർ പനത്തുറ കോവളം പൊന്മന, ആലപ്പാട്,ആറാട്ടുപുഴ, തൃക്കുന്നപ്പുഴ, ഇളംകുന്നപ്പുഴ, ഞാറക്കൽ, നായരമ്പലം, എടവനക്കാടു, കുഴിപ്പള്ളി ,പള്ളിപ്പുറം കടപ്പുറം, വലിയ പറമ്പ പഞ്ചായത്തുകളെ സി ആർ സെഡ് 2 ൽ ഉൾപ്പെടുത്താനുമുള്ള നടപടി സ്വീകരിക്കണമെന്നും വേണുഗോപാൽ ആവശ്യപ്പെട്ടു.
സോൺ 3 എ അനുസരിച്ചു കടൽ ഉൾനാടൻ തീരത്തു വേലിയേറ്റമേഖലയിൽ നിന്നു 200 മീറ്റർ ആയിരുന്ന ബഫർ സോൺ 50 മീറ്റർ ആയി കുറച്ചതിനാൽ അതുകഴിഞ്ഞുള്ള ഭാഗത്തു നിയന്ത്രണമില്ലാതെ നിർമ്മാണ പ്രവർത്തനങ്ങൾ നടത്താൻ സാധിക്കും. എന്നാൽ സോൺ ബി ഉൾനാടൻ മേഖലയിൽ വേലിയേറ്റമേഖലയിൽ നിന്നു 100 മീറ്റർ ആയിരുന്ന ബഫർ സോൺ 50 മീറ്റർ ആക്കിയതും ഒരു പരിധി വരെ പ്രയോജനകരമാണെന്നും കെ.സി.വേണുഗോപാൽ പറഞ്ഞു.
https://www.facebook.com/Malayalivartha























