ഹരിത കർമ്മ സേനയിലെ സ്ത്രീ തൊഴിലാളികൾ: ഗവേഷണ പഠനത്തിന് വിഷയമാക്കുമെന്ന് വനിതാ കമ്മീഷൻ

സംസ്ഥാനത്തെ ഹരിത കർമ്മ സേനയിലെ സ്ത്രീ തൊഴിലാളികൾ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ച് ഗവേഷണ പഠന വിഷയമാക്കാൻ കേരള വനിതാ കമ്മീഷൻ തീരുമാനിച്ചു. ഹരിത കർമ്മ സേനയിലെ സ്ത്രീ തൊഴിലാളികൾക്കായി സംഘടിപ്പിച്ച പബ്ലിക് ഹീയറിങ്ങിനിടെ വനിതാ കമ്മീഷൻ അധ്യക്ഷ അഡ്വ: പി സതിദേവിയാണ് ഇക്കാര്യം അറിയിച്ചത്.
അടുത്ത വർഷം നടത്തുന്ന ഗവേഷണളിൽ മുഖ്യവിഷയങ്ങളിൽ ഒന്ന് ഇതാവും. തൈക്കാട് ഗവ. ഗസ്റ്റ് ഹൗസിൽ നടന്ന പബ്ലിക് ഹിയറിംഗിൽ 200 ഓളം സ്ത്രീ തൊഴിലാളികളാണ് പങ്കെടുത്തത്. വനിതാ കമ്മീഷൻ റിസർച്ച് ഓഫീസർ എ.ആർ. അർച്ചന നയിച്ച ചർച്ച മാലിന്യ മുക്ത കേരളം സൃഷ്ടിക്കുന്നതിനിടയിൽ ഹരിതകർമ്മ സേന നേരിടേണ്ടിവരുന്ന പ്രശ്‌നങ്ങൾ എത്രത്തോളം വലുതാണെന്ന് ബോധ്യപ്പെടുത്തുന്നതായിരുന്നു.
ഇതേ തുടർന്നാണ് ഇവരുടെ പ്രശ്‌നങ്ങൾ പ്രത്യേകം പഠിക്കാൻ കമ്മീഷൻ തീരുമാനിച്ചത്. മാസവേതനം മുതൽ ആരോഗ്യ സുരക്ഷവരെ, സാമൂഹ്യ വിരുദ്ധരിൽനിന്നും വന്യമൃഗങ്ങളിൽനിന്നും നേരിടേണ്ടിവരുന്ന ആക്രമണങ്ങൾ, മാലിന്യം സ്വീകരിക്കാൻ എത്തുന്നവർക്ക് വീട്ടുകാരിൽനിന്നും നേരിടേണ്ടിവരുന്ന അധിക്ഷേപങ്ങൾ, മാലിന്യം സൂക്ഷിക്കുന്നതിനുള്ള സ്ഥലം ലഭിക്കുന്നതിനുള്ള ബുദ്ധിമുട്ടും അവ മാറ്റുന്നതിനുള്ള ചെലവും, തുടങ്ങി നേരിടേണ്ടിവരുന്ന ആരോഗ്യ പ്രശ്‌നങ്ങൾവരെ ചർച്ചയിൽ വിഷയമായി.
കഴിഞ്ഞ ദിവസം മൂന്നാറിൽ മൂന്ന് തൊഴിലാളികൾക്കാണ് കാട്ടാനയുടെ ആക്രമണം നേരിടേണ്ടിവന്നത്. ഒരാളുടെ നില ഇപ്പോഴും ഗുരുതരമാണ്. വീടുകളിൽനിന്നും ശേഖരിക്കുന്ന മാലിന്യത്തിൽ പാമ്പ് വരെ ഉണ്ടായ അനുഭവവും ചിലർ വിവരിച്ചു.
ജീവന് സുരക്ഷയില്ലാത്ത ജോലി ചെയ്യുന്ന തങ്ങൾക്ക് ലഭിക്കുന്ന പ്രതിഫലക്കുറവും ആനുകൂല്യങ്ങൾ ഇല്ലായ്മയും ചിലർ ചൂണ്ടിക്കാണിച്ചു. ചിക്തസാ ആനുകൂല്യങ്ങൾ ലഭിക്കുന്നില്ലെന്ന പരാതിയും തങ്ങൾക്കായി മെഡിക്കൽ ക്യാമ്പുകൾ നടത്തണമെന്ന ആവശ്യവും അവർ ഉന്നയിച്ചു. രാവിലെ 10 ന് ആരംഭിച്ച പബ്ലിക് ഹിയറിങ്ങ് ഉച്ചയ്ക്ക് 1.30 നാണ് അവസാനിച്ചത്.
https://www.facebook.com/Malayalivartha























