പിണറായി ഭരണത്തെ പരിഹസിച്ച് പി വി അൻവർ എംഎൽഎ

പിണറായി ഭരണത്തെ പരിഹസിച്ച് പി വി അൻവർ എംഎൽഎ. എട്ട് വർഷത്തെ എൽഡിഎഫ് ഭരണത്തിന്റെ സംഭാവന എന്താണെന്ന് ചോദിച്ചാൽ പൊതുപ്രവർത്തകരുടെ മിണ്ടാനുള്ള സ്വാതന്ത്ര്യത്തിന് മുഖ്യമന്ത്രി കൂച്ചുവിലങ്ങിട്ടതെന്ന് പറയേണ്ടിവരുമെന്ന് പി വി അൻവർ പറഞ്ഞു. സഖാക്കൾ എല്ലാം സഹിക്കണം എന്നതാണ് അവസ്ഥ. കേരളത്തെ എങ്ങോട്ടാണ് മുഖ്യമന്ത്രി കൊണ്ടുപോകുന്നതെന്നും പി വി അൻവർ ചോദിച്ചു.
പൊതുപ്രവർത്തകർക്ക് പൊതുവിഷയങ്ങളിൽ ഇടാൻ കഴിയാത്ത സാഹചര്യമാണുള്ളത്. ഉദ്യോഗസ്ഥ പ്രമാണിത്വമാണ് നടക്കുന്നത്. അതും ഈ സർക്കാരിന്റെ സംഭാവനയാണെന്ന് പി വി അൻവർ പറഞ്ഞു. താൻ എന്തുകൊണ്ട് പുറത്തു പറയുന്നു എന്ന് സഖാക്കൾ രോഷത്തോടെ ചോദിക്കുന്നുണ്ട്. താൻ പലകാര്യങ്ങളും പാർട്ടിയിൽ പറഞ്ഞിട്ടുള്ളതാണ്.
എകെജി സെന്ററിൽ അന്വേഷിച്ചാൽ ഇക്കാര്യം ബോധ്യപ്പെടും. ഇനിയും താൻ എന്താണ് ചെയ്യേണ്ടത്?. തനിക്ക് വേണമെങ്കിൽ ഇതൊക്കെ പറയാതിരിക്കാം. പൊതുസമൂഹത്തോട് വഞ്ചന കാണിക്കാൻ കഴിയില്ല എന്നതുകൊണ്ടാണ് തുറന്നു പറയുന്നതെന്നും പി വി അൻവർ കൂട്ടിച്ചേർത്തു.
തൃശൂർ പൂരം കലക്കലിൽ ബിജെപിയെ കുറ്റം പറയാൻ പറ്റില്ലെന്ന് നിലമ്പൂർ എംഎൽഎ പി വി അൻവർ. അവർ തിരഞ്ഞെടുപ്പ് തന്ത്രം പ്രയോഗിച്ചതാണെന്നും അൻവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഒരു കാരണവശാലും എംഎൽഎ സ്ഥാനം രാജിവെക്കില്ലെന്നും നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
'ആർക്കാണോ ബിജെപിക്കൊരു സീറ്റുണ്ടാക്കി കൊടുക്കേണ്ടത്, എന്തിന് വേണ്ടിയിട്ടാണോ ബിജെപിയെ കൂട്ടുപിടിക്കേണ്ടത് ആ വ്യക്തികൾ എഡിജിപിക്ക് നിർദേശം നൽകിയിട്ടുണ്ടാകും. ഇതിൽ ബിജെപിയെ കുറ്റം പറയാൻ പറ്റില്ല. ബിജെപി നല്ല ഫൈൻ പ്ലേയാണ് കളിച്ചത്. തിരഞ്ഞെടുപ്പ് രാഷ്ട്രീയം അതാണ്. തിരഞ്ഞെടുപ്പ് ജയിക്കാനുള്ള തന്ത്രം അവർ പ്രയോഗിച്ചു. അവർ അതിൽ വിജയിച്ചു. അവരെ ഇക്കാര്യത്തിൽ കുറ്റം പറയാൻ പറ്റില്ല'; അൻവർ പറഞ്ഞു
https://www.facebook.com/Malayalivartha























