പൂരം കലക്കിയതിൽ വേണ്ടത് ജുഡീഷ്യൽ അന്വേഷണം; നാല് ഗുരുതര അന്വേഷണങ്ങൾ നേരിടുന്ന എ ഡി ജി പിയോട് മുഖ്യമന്ത്രിക്ക് എന്തു കരുതലാണ് ? : വി ഡി സതീശൻ.

പൂരം കലക്കുന്നതിന് നേതൃത്വം നൽകിയ ഉദ്യോഗസ്ഥൻ തന്നെയാണ് പൂരം കലക്കിയതിനെ കുറിച്ച് ആദ്യം അന്വേഷിച്ചത് എന്നും ആ അന്വേഷണം പ്രഹസനമായിരുന്നു എന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പൂരം കലക്കിയതിനെ കുറിച്ച് ജുഡീഷ്യൽ അന്വേഷണം നടത്തണമെന്നാണ് തുടക്കം മുതൽക്കെ യു ഡി എഫ് ആവശ്യപ്പെടുന്നത്. എന്താണ് അവിടെ സംഭവിച്ചതെന്ന് കണ്ടെത്തണം.
ആ കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ വേണം നിയമനടപടികളുമായി സർക്കാർ മുന്നോട്ടു പോകേണ്ടത്. മുഖ്യമന്ത്രിയുടെ അറിവോടെയാണ് തൃശൂരിൽ പോയി നിന്ന് എ ഡി ജി പി പൂരം കലക്കിയത്. പൂരവുമായി ബന്ധപ്പെട്ട് ക്രമസമാധാന പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യുന്നത് സംബന്ധിച്ച് ദിവസങ്ങൾക്ക് മുൻപെ കമ്മിഷണർ തയാറാക്കിയ പ്ലാൻ മാറ്റി, കലക്കാനുള്ള പുതിയ പ്ലാൻ എ ഡി ജി പി നൽകിയാണ് പൂരം കലക്കിയത്.
ഇത് മുഖ്യമന്ത്രിയുടെ അറിവോടെയാണ് ചെയ്തത്. അല്ലെങ്കിൽ മുഖ്യമന്ത്രി ഇതു പോലെ ഒരു ഉദ്യോഗസ്ഥനെ സംരക്ഷിക്കുമോ? ഇപ്പോൾ എത്ര അന്വേഷണങ്ങളാണ് എ ഡി ജി പിക്കെതിരെ നടക്കുന്നത്? ഭരണകക്ഷി എം എൽ എ നൽകിയ പരാതിയിലും ആർ എസ് എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയെന്ന പ്രതിപക്ഷത്തിന്റെ ആരോപണത്തിലും പൂരം കലക്കിയതിലും അനധികൃത സ്വത്ത് സമ്പാദനത്തിലും അന്വേഷണം നടക്കുകയാണ്. ഇത്രയും അന്വേഷണം നേരിടുന്ന ആളെയാണ് എ ഡി ജി പി സ്ഥാനത്ത് തുടരാൻ അനിവദിച്ചിരിക്കുന്നത്.
എ ഡി ജി പിയോട് മുഖ്യമന്ത്രിക്ക് എന്തു കരുതലാണ്? കാണം മുഖ്യമന്ത്രി പറഞ്ഞ കാര്യങ്ങളൊക്കെയാണ് എ ഡി ജി പി ചെയ്തിരിക്കുന്നത്. അതുകൊണ്ടാണ് കരുതലോടെ ചേർത്തു നിർത്തുന്നത്. നാല് പ്രധാനപ്പെട്ട അന്വേഷണങ്ങൾ നടക്കുമ്പോഴും എ ഡി ജി പി അതേ സ്ഥാനത്ത് ഇരിക്കുകയാണ്. എ ഡി ജി പിക്ക് റിപ്പോർട്ട് ചെയ്യേണ്ട ഉദ്യോഗസ്ഥരാണ് അന്വേഷണ സംഘത്തിലുള്ളത്. പൂരം കലക്കാനും ആർ എസ് എസ് നേതാവിനെ കാണാനും എ ഡി ജി പി പോയത് മുഖ്യമന്ത്രിയുടെ അറിവോടും ആവശ്യത്തോടും കൂടിയാണെന്നു വ്യക്തമായിരിക്കുകയാണ്.
പൊലീസ് ഹൈറാർക്കിക്ക് വിരുദ്ധമായി കാര്യങ്ങളാണ് നടക്കുന്നത്. ഡി ജി പി പറഞ്ഞാൽ എ ഡി ജി പിയോ എ ഡി ജി പിമാർ പറഞ്ഞാൽ എസ് പിമാരോ കേൾക്കില്ല. ഇതൊക്കെ പ്രതിപക്ഷം നേരത്തെ തന്നെ പറഞ്ഞതാണ്. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപജാപക സംഘമാണ് കേരളത്തിലെ പൊലീസിനെ നിയന്ത്രിക്കുന്നത്. അവർ ഹൈറാർക്കി തകർത്തതാണ് കേരളത്തിലെ പൊലീസിനെ തകർത്തത്. അതിന്റെ പരിണിത ഫലമായാണ് പൊലീസ് പരിതാപകരമായ അവസ്ഥയിലായത്.
പി വി അൻവറുമായി ബന്ധപ്പെട്ട വിവാദം ഇടതു മുന്നണിയിലെ ആഭ്യന്തര പ്രശ്‌നമാണ്. അതേക്കുറിച്ച് ഒന്നും പറയുന്നില്ല. അൻവർ 20 തവണ പത്രസമ്മേളനം നടത്തിയപ്പോഴാണ് മുഖ്യമന്ത്രി ഇടപെട്ട് പത്രസമ്മേളനം നടത്തരുതെന്ന് അഭ്യർത്ഥിച്ചത്. അതിനു ശേഷവും അൻവർ പത്രസമ്മേളനം നടത്തി. അത് എൽ ഡി എഫിന്റെ ആഭ്യന്തര കാര്യമാണ്.
എം എൽ എയെ മുൻനിർത്തി മുഖ്യമന്ത്രിക്കെതിരെ സി പി എമ്മിൽ ഒരു നീക്കം നടക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി വിശ്വസിക്കുന്നുണ്ട്. അവർക്കാണ് പത്രസമ്മേളനത്തിൽ മുഖ്യമന്ത്രി മറുപടി നൽകിയത്. എ ഡി ജി പിയെയും പൊളിറ്റിക്കൽ സെക്രട്ടറിയെയും സംരക്ഷിക്കുമെന്നാണ് മുഖ്യമന്ത്രി പറഞ്ഞിരിക്കുന്നത്. അപ്പോൾ മുഖ്യമന്ത്രി ആരുടെ കൂടെയാണെന്നു വ്യക്തമായല്ലോ എന്നും സതീശൻ പറഞ്ഞു.
https://www.facebook.com/Malayalivartha























