സിദ്ദിഖിനായുള്ള അന്വേഷണം ആറാം ദിനം... സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് സുപ്രീംകോടതി പരിഗണനയില്‍

സിദ്ദിഖിനായുള്ള അന്വേഷണം ആറാം ദിനം.... സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് സുപ്രീംകോടതി പരിഗണനയില്‍. സിദ്ദിഖിന് ഒളിവില്‍ കഴിയാന്‍ കൊച്ചിയിലെ പല ഉന്നതരും തണലൊരുക്കിയെന്ന് കാര്യം പ്രത്യേക അന്വേഷണ സംഘം സുപ്രീം കോടതിയില്‍ വാദമായി ഉന്നയിക്കും. മേല്‍ക്കോടതിയിലെ കേസ് നടത്തിപ്പില്‍ സുപ്രീം കോടതിയില്‍ നിന്നും നേരിട്ടേക്കാവുന്ന വിമര്‍ശനങ്ങള്‍ ഒഴിവാക്കാനാണ് തിരക്കിട്ട നടപടി.
നിയമം അനുസരിക്കുന്ന വ്യക്തിയെന്ന് സിദ്ദിഖ് സത്യവാങ്മൂലത്തില്‍ പറയുന്നുണ്ട്. എന്നാല്‍ ഇക്കാര്യം ലംഘിച്ച് എന്ത് കൊണ്ട് സിദ്ദിഖ് ഒളിവില്‍ പോയെന്നത് അന്വേഷണസംഘം കോടതിയില്‍ ഉന്നയിക്കുകയും ചെയ്യും. സിദ്ദിഖിനെതിരെ സുപ്രീംകോടതിയില്‍ ശക്തമായ വാദത്തിന് തയ്യാറെടുക്കുകയാണ് സര്‍ക്കാര്‍. അതിനിടെ സിദ്ദിഖിന്റെ മകന് ഷഹീന്റെ സുഹൃത്തുക്കളെ അന്വേഷണ സംഘം കഴിഞ്ഞ ദിവസം ചോദ്യം ചെയ്തു.
സിദ്ദിഖിന്റെ ഫോണ്‍ ഇപ്പോഴും സ്വിച്ച്ഡ് ഓഫാണെന്നാണ് പൊലീസ് പറയുന്നത്. എന്നാല്‍ കഴിഞ്ഞ തിങ്കളാഴ്ച മുതല്‍ കൊച്ചിയില്‍ തന്നെ വിവിധ ഇടങ്ങളിലായാണ് നടന് ഒളിവില്‍ കഴിയുന്നതെന്നാണ് പുറത്ത് വരുന്ന സൂചനകള്‍.
സിദ്ദിഖിന്റെ ജാമ്യത്തെ എതിര്‍ക്കാനുള്ള വാദങ്ങള്‍ സംസ്ഥാന സര്‍ക്കാരിന് വേണ്ടി അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഐശ്വര്യ ഭാട്ടിയാകും വാദിക്കുക. ഇത് വരെയുള്ള അന്വേഷണവിവരങ്ങള്‍ ക്രൈം ബ്രാഞ്ച് എസ് പി മെറിന് ജോസഫും, സംസ്ഥാനത്തിന്റെ സ്റ്റാന്‍ഡിംഗ് കൗണ്‍സില്‍ നിഷേ രാജന് ഷൊങ്കറും ഐശ്വര്യ ഭാട്ടിയെ നേരില്‍ കണ്ട് ധരിപ്പിക്കുകയും ചെയ്തു. ജസ്റ്റിസ് മാരായ ബേല എം ത്രിവേദി, സതീഷ് ചന്ദ്ര ശര്‍മ്മ എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് സുപ്രീംകോടതിയില്‍ കേസ് പരിഗണിക്കുക.
"
https://www.facebook.com/Malayalivartha























