താമരശ്ശേരി ചുരംപാതയിലെ ഹെയര്‍പിന്‍ വളവുകളിലെ നവീകരണവുമായി ബന്ധപ്പെട്ട് ഭാരവാഹനങ്ങള്‍ക്ക് നിയന്ത്രണം
താമരശ്ശേരി ചുരംപാതയിലെ ഹെയര്‍പിന്‍ വളവുകളിലെ നവീകരണവുമായി ബന്ധപ്പെട്ട് ഭാരവാഹനങ്ങള്‍ക്ക് നിയന്ത്രണം. മഴ തടസ്സമായില്ലെങ്കില്‍ തിങ്കളാഴ്ച മുതല്‍ നവീകരണപ്രവൃത്തി തുടങ്ങാന്‍ പി.ഡബ്ല്യു.ഡി. ദേശീയപാത വിഭാഗം നേരത്തേ തീരുമാനിച്ചിരുന്നു.
ഏഴാം തീയതി മുതല്‍ 11-ാം തീയതിവരെയാണ് ഹെയര്‍പിന്‍ വളവുകളില്‍ നവീകരണപ്രവൃത്തി നടത്തുക. ചുരത്തിലെ ആറ്, ഏഴ്, എട്ട് ഹെയര്‍പിന്‍ വളവുകളിലാണ് കുഴികളടച്ച് റീടാറിങ് ചെയ്യുന്നത്. ഇതോടൊപ്പം കൊരുപ്പുകട്ടകള്‍ വിരിച്ച രണ്ട്, നാല് വളവുകളിലെ താഴ്ന്നുപോയ കട്ടകള്‍ ഉയര്‍ത്തി റോഡ് പ്രതലം നേരെയാക്കുകയും ചെയ്യും. തിങ്കളാഴ്ച മുതല്‍ വെള്ളിയാഴ്ച വരെ പ്രവൃത്തി നടക്കുന്ന പകല്‍സമയങ്ങളില്‍ ഭാരമുള്ള വാഹനങ്ങള്‍ നിയന്ത്രിക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കണമെന്ന് അഭ്യര്‍ഥിച്ച് പൊതുമരാമത്ത് ദേശീയപാത വിഭാഗം, താമരശ്ശേരി ഡിവൈ.എസ്.പി. പി. പ്രമോദിന് വ്യാഴാഴ്ച കത്തുനല്‍കി.
റോഡ് തകര്‍ച്ച നേരിടുന്ന ഹെയര്‍പിന്‍വളവുകളിലെ നവീകരണപ്രവൃത്തിക്ക് സാധാരണഗതിയില്‍ മൂന്നുദിവസം പര്യാപ്തമാണെന്നാണ് പൊതുമരാമത്ത് ദേശീയപാത വിഭാഗം അധികൃതരുടെ വിലയിരുത്തല്‍.
എങ്കിലും ചുരത്തിലെ വാഹന ബാഹുല്യവും മഴസാധ്യതയും ഉള്‍പ്പെടെയുള്ള പ്രതികൂല സാഹചര്യങ്ങളും സാങ്കേതിക പ്രതിബന്ധങ്ങളുമെല്ലാം മുന്നില്‍ക്കണ്ടാണ് നിലവില്‍ നവീകരണത്തിന് അഞ്ചുദിവസത്തെ പ്രവൃത്തിദിന കാലാവധി നിശ്ചയിച്ചിട്ടുള്ളത്.
"
https://www.facebook.com/Malayalivartha