ചീഫ് സെക്രട്ടറി ശാരദാ മുരളീധരനോടും, ഡി. ജി. പി. ഷേക് ദർവേഷ് സാഹിബിനോടും കേന്ദ്ര പേഴ്സണൽ മന്ത്രാലയം വിശദീകരണം ചോദിച്ചേക്കും... .ഗവർണർക്കും മുഖ്യമന്ത്രിക്കും ഇടയിൽപ്പെട്ട് ചതഞ്ഞ് അരയാനാണ് വിധി...

ചീഫ് സെക്രട്ടറി ശാരദാ മുരളീധരനോടും ഡി. ജി. പി. ഷേക് ദർവേഷ് സാഹിബിനോടും കേന്ദ്ര പേഴ്സണൽ മന്ത്രാലയം വിശദീകരണം ചോദിച്ചേക്കും. ഗവർണറുടെ നിർദ്ദേശം ലംഘിച്ച സാഹചര്യത്തിലാണ് നടപടി. ഗവർണറുടെ നിർദ്ദേശം അഖിലേന്ത്യാ സർവീസിലുള്ള ഉദ്യോഗസ്ഥർ അവഗണിക്കുകയാണെങ്കിൽ അത് നടപടി ക്ഷണിച്ചു വരുത്തും. ഗവർണർ എക്സിക്യൂട്ടീവിൻ്റെ തലവനാണ്. ഡി. ജിപിയെയും ചീഫ് സെക്രട്ടറിയെയും വിളിച്ചു വരുത്താനുള്ള അധികാരം അദ്ദേഹത്തിനുണ്ട് . പതിവുപോലെ മുഖ്യമന്ത്രി ചീഫ് സെക്രട്ടറിയെയും ഡി. ജിപിയെയും ഈ കേസിലും വഞ്ചിച്ചു. ഗവർണറുടെ നിർദ്ദേശം അനുസരിക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രി ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് രേഖാമൂലം അനുമതി നൽകിയിട്ടില്ല.
ഈ സാഹചര്യത്തിൽ ഉദ്യോഗസ്ഥരുടെ നടപടി തന്നിഷ്ടമായി വ്യാഖ്യാനിക്കാൻ സാധ്യതയുണ്ട്. ഗവർണർ ഇക്കാര്യം വളരെ ഗൗരവമായാണ് എടുത്തിരിക്കുന്നത്. മുഖ്യമന്ത്രിയുടെ മലപ്പുറം പരാമർശത്തിൽ ഗവർണർ വിശദീകരണം തേടിയത് സർക്കാരുമായി പുതിയ പോർമുഖം തുറന്നു. ഉദ്യോഗസ്ഥരോട് വിശദീകരണം ആവശ്യപ്പെട്ട ഗവർണറുടെ നടപടി ചട്ടവിരുദ്ധമാണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് ഗവർണർക്ക് നൽകിയ കത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു. മുഖ്യമന്ത്രിയുടെ നടപടി ഭരണഘടനാവ്യവസ്ഥയ്ക്കും ധാർമികതയ്ക്കും നിരക്കുന്നതല്ലെന്നായിരുന്നു ഗവർണർ നൽകിയ മറുപടി. മുഖ്യമന്ത്രിയുടെ നിർദേശത്തെത്തുടർന്നാണ് ചീഫ് സെക്രട്ടറിയും ഡി.ജി.പി.യും ഗവർണർക്ക് വിശദീകരണം നൽകാതിരുന്നത്.
മലപ്പുറത്തെ സ്വർണക്കടത്ത്, ഹവാല ഇടപാടുകളിലെ പണം ദേശവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ 'ദ ഹിന്ദു' ദിനപത്രത്തിന് നൽകിയ അഭിമുഖത്തിലെ പരാമർശത്തിലാണ് ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ ഉദ്യോഗസ്ഥരോട് വിശദീകരണം ആവശ്യപ്പെട്ടിരുന്നത്.മലപ്പുറം പരാമർശത്തിൽ ഈമാസം മൂന്നിന് ഗവർണർ മുഖ്യമന്ത്രിയോട് വിശദീകരണം തേടിയിരുന്നു. പി.വി. അൻവർ എം.എൽ.എ. ഉന്നയിച്ച ഫോൺ ചോർത്തൽ ആരോപണത്തിലും വിശദാംശം തേടി മൂന്നാഴ്ചമുമ്പ് ഗവർണർ മുഖ്യമന്ത്രിക്ക് കത്ത് നൽകിയിരുന്നു. രണ്ടിലും സർക്കാർ ഇതുവരെ മറുപടി നൽകിയിട്ടില്ല. ഫോൺ ചോർത്തൽ ആരോപണത്തിൽ വൈകാതെ മറുപടി നൽകുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് രാജ്ഭവനെ അറിയിച്ചിട്ടുണ്ട്.
മലപ്പുറം വിഷയത്തിൽ മറുപടി നൽകാത്തതാണ് ഗവർണറെ പ്രകോപിപ്പിച്ചത്.'ഭരണഘടനയുടെ 167-ാം അനുച്ഛേദമനുസരിച്ചും സംസ്ഥാന സർക്കാരിന്റെ റൂൾസ് ഓഫ് ബിസിനസിന്റെ ചട്ടം 166 (3) അനുസരിച്ചുമാണ് താൻ വിവരങ്ങൾ ആരാഞ്ഞത്. ഹവാല പണമിടപാടും സ്വർണക്കടത്തും ദേശവിരുദ്ധ പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുന്നുവെന്നത് വെറും ഭരണപരമായ കാര്യമായി ഒതുക്കാനാവില്ല. രാഷ്ട്രപതിയെ ബോധ്യപ്പെടുത്തേണ്ട ഭരണഘടനാപരമായ ബാധ്യത തനിക്കുണ്ട്. ചീഫ് സെക്രട്ടറിയോട് ഇത്തരം വിവരം തേടുന്നത് ഭരണഘടനാ വിരുദ്ധമോ ഭരണഘടനയുടെ ധാർമികതയ്ക്ക് നിരക്കാത്തതോ അല്ല. തിരഞ്ഞെടുക്കപ്പെട്ട സർക്കാരിനെതിരായ സമീപനവുമല്ല.ഹിന്ദു ദിനപത്രത്തിലെ അഭിമുഖത്തിലെ മുഖ്യമന്ത്രിയുടെ മലപ്പുറവുമായി ബന്ധപ്പെട്ട പരാമര്‍ശത്തിൽ പിടിവിടാത്ത ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് സംഭവത്തിൽ രാഷ്ട്രപതിക്ക് റിപ്പോര്‍ട്ട് നൽകാനാണ് നീക്കം.
അഭിമുഖത്തിലെ മലപ്പുറം പരാമര്‍ശം പിന്‍വലിച്ച് ദ ഹിന്ദു വിശദീകരണം നൽകിയിരുന്നെങ്കിലും വിഷയം വിടാൻ ഗവര്‍ണര്‍ ഒരുക്കമല്ല.മലപ്പുറം പരാമര്‍ശ വിവാദവും പിന്നീടുവന്ന പിആര്‍ വിവാദവുമൊക്കെ പ്രതിപക്ഷ ആയുധമാക്കുന്നതിനിടെയാണ് വിഷയത്തിൽ ഗവര്‍ണറും കടുത്ത നടപടികളുമായി മുന്നോട്ട് പോകുന്നത്. രാഷ്ട്രപതിക്ക് റിപ്പോര്‍ട്ട് നൽകുന്നതിന് മുന്നോടിയായി സംഭവത്തിൽ കൂടുതൽ വിശദാംശങ്ങള്‍ തേടി ഗവര്‍ണര്‍ വീണ്ടും സര്‍ക്കാരിന് കത്ത് നല്‍കും. അതേസമയം, മറുപടി നൽകിയാലും ഉദ്യോഗസ്ഥരെ നേരിട്ട് വിളിപ്പിക്കാൻ ആകില്ലെന്ന നിലപാടിലാണ് സര്‍ക്കാര്‍. മുഖ്യമന്ത്രി പറഞ്ഞ മലപ്പുറത്തെ സ്വർണ്ണക്കടത്ത് -ഹവാലപണമിടപാട് കേസുകൾനേരിട്ടെത്തി വിശദീകരിക്കാൻ ചീഫ് സെക്രട്ടറിയോടും ഡിജിപിയോടും രാജ്ഭവൻ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.
മുഖ്യമന്ത്രിക്ക് ഇക്കാര്യത്തിൽ കത്ത് നൽകിയിട്ടും മറുപടി ഇല്ലാത്തതിനെ തുടർന്നാണ് ഗവർണ്ണർ കടുപ്പിച്ചത്. വിഷയത്തിൽ ഗവർണർ വീണ്ടും സർക്കാരിന് കത്ത് നൽകും. അത് നടപടി ക്രമത്തിൻ്റെ ഭാഗമാണ്. മലപ്പുറം പരാമർശത്തിൽ മുഖ്യമന്ത്രി എന്തോ ഒളിക്കാൻ ശ്രമിക്കുന്നതായി ഗവർണർ വിശ്വസിക്കുന്നു. ചോദിച്ച കാര്യങ്ങൾക്ക് മറുപടി നൽകാത്തത് ചട്ടലംഘനമാണ്. ഭരണഘടനാ ബാധ്യത നിറവേറ്റാൻ സർക്കാർ തയ്യാറായില്ലെന്നും ഗവർണർ പറയുന്നു. ആരിഫ് മുഹമ്മദ് ഖാൻ രാഷ്ട്രപതിക്ക് റിപ്പോർട്ട് നൽകിയാൽ അത് സർക്കാരിന് പണിയാകും.മുമ്പും ഗവർണർ ഇത്തരം ഭീഷണികൾ മുഴക്കാറുണ്ടെന്നാണ് സർക്കാർ വാദം.എന്നാൽ അതുപോലെയല്ല പുതിയ സാഹചര്യം.കഴിഞ്ഞ സെപ്റ്റംബറിൽ ഗവർണർ അഞ്ചു വർഷം പൂർത്തിയാക്കി എന്നാൽ അദ്ദേഹത്തെ മാറ്റിയിട്ടില്ല. പിണറായിക്ക് പണി കൊടുക്കാൻ യോഗ്യൻ ആരിഫ് മുഹമ്മദ് ഖാൻ ആണെന്ന് വ്യക്തമായതിനാലാണ് കേന്ദ്രസർക്കാർ അദ്ദേഹത്തെ മാറ്റാതിരിക്കുന്നത്.
അതിനിടെ ആരിഫ് മുഹമ്മദ് ഖാൻ കേരള ഗവർണറായി തുടർന്നേക്കുമെന്നും റിപ്പോർട്ടുണ്ട് ശാരദാ മുരളീധരനും ദർവേഷ് സാഹിബുമാണ് ബുദ്ധിമുട്ടിലായത്. ഗവർണർ ഈ ഉദ്യോഗസ്ഥർക്കാണ് തന്നെ വന്നു കാണാൻ നിർദ്ദേശം നൽകിയത്. മുഖ്യമന്ത്രിയുടെയും സർക്കാരിൻ്റെയും അനുമതി വാങ്ങിയ ശേഷം കണ്ടാൽ മതി യെന്ന് നിയമത്തിൽ പറയുന്നില്ല. സംസ്ഥാന ഭരണ തലവൻറെ വാക്കുകൾ ധിക്കരിക്കുക എന്നത് അസ്വാഭാവികമാണ്. സർക്കാർ അറിയാതെ ഉദ്യോഗസ്ഥരെ വിളിപ്പിക്കാൻ കഴിയില്ലെന്ന മുഖ്യമന്ത്രിയുടെ നിലപാടിൻ്റെ ഫലം അനുഭവിക്കാൻ പോകുന്നത് ഉദ്യോഗസ്ഥരാണ്. കാരണം രണ്ട് ഉദ്യോഗസ്ഥരും കേന്ദ്ര സർവീസിൽ ഉള്ളവരാണ്. അവരെ വേണമെങ്കിൽ തിരിലു വിളിക്കാ നുള്ള അധികാരം കേന്ദ്രസർക്കാരിനു ണ്ട്. അൻവർ ഉന്നയിച്ച ഫോൺ ചോർത്തൽ ആരോപണത്തിൽ ഗവർണർ മുഖ്യമന്ത്രി പിണറായി വിജയനോട് റിപ്പോർട്ട് തേടിക്കഴിഞ്ഞു .
വിഷയത്തിൽ അടിയന്തരമായി അന്വേഷണം നടത്തി സ്വീകരിച്ച നടപടികളുടെ റിപ്പോർട്ട് സമർപ്പിക്കാൻ രാജ്ഭവൻ മുഖ്യമന്ത്രിയോട് നിർദേശിച്ചു. മന്ത്രിമാരുൾപ്പെടെ നിരവധി പേരുടെ ഫോൺ എഡിജിപി ചോർത്തിയെന്ന് അൻവർ നേരത്തെ ആരോപിച്ചിരുന്നു.എം.എൽ.എയുടെ ഫോൺ ചോർത്തൽ ആരോപണം ഗുരുതരമാണെന്ന് ഗവർണർ വ്യക്തമാക്കി. കൂടാതെ, പോലീസ് ഉദ്യോഗസ്ഥരുടെ ഫോൺ ചോർത്തുന്നതായി അൻവർ തന്നെ തുറന്ന് സമ്മതിച്ചിട്ടുണ്ടെന്നും ഇത് ഗൗരവമായി കാണേണ്ടതുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.അതിനിടെ എഡിജിപി എംആർ അജിത് കുമാറിനെതിരെ പിവി അൻവർ ഉന്നയിച്ച ആരോപണങ്ങളും തുടർന്നുണ്ടായ വിവാദങ്ങളും വേഗത്തിൽ പരിഹരിക്കാനുള്ള ശ്രമത്തിലാണ് സിപിഐഎം.
വിവാദങ്ങൾ സർക്കാരിൻ്റെ പ്രതിച്ഛായയ്ക്ക് കനത്ത മങ്ങലേൽപ്പിച്ചുവെന്ന് കരുതി പ്രശ്നങ്ങൾ അവസാനിപ്പിക്കാനാണ് പാർട്ടി ശ്രമിക്കുന്നത്. എന്നാൽ അൻവർ ഫോൺ ചോർത്തിയിട്ടില്ലെ ന്നാണ് സർക്കാർ നിലപാട് .തൃശൂര്‍ പൂരം കലക്കാന്‍ ശ്രമിച്ചത് കേന്ദ്രസര്‍ക്കാരില്‍നിന്ന് ആനുകൂല്യം നേടാന്‍ ശ്രമിക്കുന്നവരാണെന്നുള്ള ആരോപണത്തിലൂടെ വരും ദിവസങ്ങളില്‍ വലിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വഴിമരുന്നിരിട്ടിരിക്കുകയാണ് അന്‍വര്‍. ബി.ജെ.പിയും മുഖ്യമന്ത്രിയും തമ്മിലുള്ള ബന്ധത്തിന്റെ കഥയാണ് അൻവർ പറയുന്നത്. സ്വർണ്ണ കടത്ത് ഉൾപ്പെടെയുള്ള വിഷയങ്ങളിൽ അൻവർ പറഞ്ഞു തുടങ്ങിയാൽ തനിക്ക് പിടിച്ചു നിൽക്കാൻ കഴിയില്ലെന്ന് മുഖ്യമന്ത്രിക്കറിയാം. അതിനിടയിലാണ് ഗവർണർ കൂടി വിഷയത്തിൽ ഇടപെട്ടിരിക്കുന്നത്കോടിയേരി സഖാവ് ഉണ്ടായിരുന്നെങ്കിൽ ഇന്ന് ഈ മൈക്കുമായി എനിക്ക് ഇരിക്കേണ്ടി വരില്ലായിരുന്നെന്നും പറഞ്ഞ അൻവർ ഇതിലും മുഖ്യമന്ത്രിക്കെതിരെ ഒളിയമ്പെയ്യാൻ മറന്നില്ല.
മുഖ്യമന്ത്രിക്കും കുടുംബത്തിനും അമേരിക്കയിൽ പോകാൻ വേണ്ടി കോടിയേരിയുടെ സംസ്കാരം നേരത്തെ നടത്തിയെന്ന് വിഷമത്തോടെ ഒരു സഖാവ് പറഞ്ഞെന്നാണ് അൻവർ ചൂണ്ടിക്കാട്ടിയത്. പിണറായി വിജയന് ഇതു വരെ കേള്‍ക്കേണ്ടിവന്നിട്ടില്ലാത്ത തരത്തിലുള്ള രൂക്ഷമായ വാക്കുകളാണ് ഏറ്റവും വിശ്വസ്തനായിരുന്ന അന്‍വര്‍ അഴിച്ചുവിട്ടിരിക്കുന്നത്. വിലക്കുകളും എല്ലാ സീമകളും ലംഘിച്ച് മുഖ്യമന്ത്രിയെയും കുടുംബത്തിനെയും തന്നെ അന്‍വര്‍ ലക്ഷ്യമിട്ടതോടെ ഏതു തരത്തില്‍ നേരിടണമെന്ന ആശയക്കുഴപ്പത്തിലാണ് പാര്‍ട്ടി നേതൃത്വം. അന്‍വറിന്റെ പത്രസമ്മേളനത്തിനു ശേഷം പാര്‍ട്ടി പോളിറ്റ് ബ്യൂറോ അംഗം എ.വിജയരാഘവന് ഉള്‍പ്പെടെയുള്ളവരുടെ പ്രതികരണങ്ങളില്‍ അതു വ്യക്തമായിരുന്നു. പാര്‍ട്ടി സമ്മേളനങ്ങള്‍ നടക്കുന്നതിനിടയിലാണ് പിണറായി വിജയന് എന്ന കരുത്തനായ നേതാവിനെതിരെ ആരും പറയാന്‍ ധൈര്യപ്പെടാത്ത വിമര്‍ശനങ്ങള്‍ അന്‍വര്‍ നടത്തിയിരിക്കുന്നത്.
അൻവർ ഒറ്റയ്ക്കല്ല എന്നു തന്നെയാണ് മുഖ്യമന്ത്രി കരുതുന്നത്. അൻവർ ഇത്തരം പ്രതികരണങ്ങൾ നടത്താറുണ്ടെങ്കിലും തന്നെ കടന്നാക്രമിക്കാനുള്ള ധൈര്യം കാണിച്ചിട്ടില്ല. അവിടെയാണ് പിണറായിക്ക് കാതലായ ചില സംശയങ്ങൾ ഉണ്ടായിരിക്കുന്നത്. പാർട്ടിക്ക് അൻവറുമായി ബന്ധമുണ്ടെന്ന സംശയം കഴിഞ്ഞ കുറെ നാളുകളായി പിണറായിക്കുണ്ട്. ഇപ്പോൾ അൻവറിനൊപ്പം ഗവർണറും ഉണ്ടെന്ന സംശയത്തിലാണ് മുഖ്യമന്ത്രി .സ്വര്‍ണക്കള്ളക്കടത്തുകാര്‍ക്കു വേണ്ടിയാണ് താന്‍ സംസാരിക്കുന്നതെന്ന തരത്തില്‍ മുഖ്യമന്ത്രി കഴിഞ്ഞ ദിവസം നടത്തിയ പ്രസ്താവനയാണ് തന്റെ ആത്മാഭിമാനത്തിനു ക്ഷതമേല്പ്പിച്ചതും തീയായി ആളിപ്പടരാന്‍ പ്രേരിപ്പിച്ചതും എന്ന് വാര്‍ത്താസമ്മേളനത്തിന്റെ തുടക്കത്തില്‍ തന്നെ വ്യക്തമാക്കിയ ശേഷമാണ് അന്‍വര്‍ മുഖ്യമന്ത്രിയെ വാക്കുകള്‍ കൊണ്ടു മുറിവേല്പിച്ചത്.
പിതാവിനെ പോലെ കണ്ട മുഖ്യമന്ത്രി തന്നെ ചതിക്കുകയായിരുന്നുവെന്ന് അന്‍വര്‍ പറഞ്ഞു. കള്ളനാക്കാന്‍ നോക്കിയാല്‍ ക്ഷമിക്കാനാവില്ല. പിന്നെ ഭീഷണിപ്പെടുത്തുകയാണ്. ഗവര്‍ണര്‍ അന്‍വറിനെപ്പറ്റി അന്വേഷിക്കാനല്ല കത്ത് നല്‍കിയത്. കരിപ്പൂരില്‍ നടക്കുന്ന സ്വര്‍ണക്കടത്തും പൊട്ടിക്കലും ഉള്‍പ്പെടെ മുഖ്യമന്ത്രിയുടെ അറിവോടെയാണെന്ന ആക്ഷേപവും അന്‍വര്‍ ഉന്നയിച്ചു. ഇതിനൊപ്പം മന്ത്രി മുഹമ്മദ് റിയാസിനെയും ലക്ഷ്യമിടാന്‍ അന്‍വര്‍ മറന്നില്ല. റിയാസിനു വേണ്ടിയാണ് എഡിജിപി അജിത് കുമാറിനെ മുഖ്യമന്ത്രി സംരക്ഷിക്കുന്നതെന്ന് അന്‍വര്‍ ആരോപിച്ചു. മുഖ്യമന്ത്രിയുടെ ഓഫിസ് നില്‍ക്കുന്നത് അഗ്നിപര്‍വത്തിന്റെ മുകളിലാണെന്നും കെട്ടവരുടെ കൈയ്യില്‍ നിന്ന് നല്ലവരുടെ കൈയ്യിലേക്ക് ഈ പാര്‍ട്ടി വന്നേക്കാമെന്നും അന്‍വര്‍ തുറന്നടിച്ചു. പൊതുപ്രവര്‍ത്തകര്‍ക്ക് പൊതുവിഷയങ്ങളില്‍ ഇടപെടേണ്ട എല്ലാ സ്വാതന്ത്ര്യത്തിനും മുഖ്യമന്ത്രി കൂച്ചുവിലങ്ങിട്ടുവെന്നും
ഉദ്യോഗസ്ഥ മേധാവിത്വം ഈ സര്‍ക്കാരിന്റെ സംഭാവനയാണെന്നുമുള്ള കടുത്ത വിമര്‍ശനവും അന്‍വര്‍ ഉന്നയിച്ചു. പി.ശശിയെ സംരക്ഷിക്കുന്ന മുഖ്യമന്ത്രിയുടെയും പാര്‍ട്ടിയുടെയും നിലപാടിനെയും അന്‍വര്‍ തള്ളി. താന്‍ ബന്ധപ്പെട്ട ഒരു സഖാവ് പോലും ശശിയെപ്പറ്റി നല്ല വാക്ക് പറഞ്ഞിട്ടില്ല. മുഖ്യമന്ത്രി എന്തിനാണ് അയാളെ കെട്ടിപ്പിടിച്ചു നടക്കുന്നത്. മുഖ്യമന്ത്രിയെ നയിക്കുന്നത് ഉപജാപക സംഘമാണ്. നമ്മളോടൊന്നും സംസാരിക്കാറില്ലെന്നാണ് ഒരു വലിയ നേതാവ് പറഞ്ഞത്. അജിത് കുമാറും ശശിയും മാത്രം മതി മുഖ്യമന്ത്രിക്കെന്നും അന്‍വര്‍ ആരോപിക്കുന്നു.ശശിക്കും നാറിയ അഴിമതികളുമായി ബന്ധമുണ്ടെന്നാണ് അൻവർ പറയുന്നത്.
ഇതെല്ലാം രാഷ്ട്രീയം . എന്നാൽ ഉദ്യോഗസ്ഥർക്ക് രാഷ്ട്രീയവുമായി ബന്ധമില്ല.അവർക്ക് ബുദ്ധിമുട്ടുണ്ടായാൽ അനുഭവിക്കാൻ അവർ മാത്രമേ ഉണ്ടാവുകയുള്ളു.ഗവർണർക്കും മുഖ്യമന്ത്രിക്കും ഇടയിൽപ്പെട്ട് ചതഞ്ഞ് അരയാനാണ് ചീഫ് സെക്രട്ടറിയുടെയും ഡി . ജി പി യുടെയും വിധി. സമയമാകുമ്പോൾ സർക്കാർ കാലം മാറുമെന്ന കാര്യത്തിലും സംശയമില്ല.
https://www.facebook.com/Malayalivartha























