ബലിതര്‍പ്പണ ചടങ്ങുകള്‍ക്കായി കുടുംബം സഞ്ചരിച്ച വാഹനം മദ്യലഹരിയില്‍ ഓടിച്ച ഡ്രൈവര്‍ അറസ്റ്റില്‍

ബലിതര്‍പ്പണ ചടങ്ങുകള്‍ക്കായി കുടുംബം സഞ്ചരിച്ച വാഹനം മദ്യലഹരിയില്‍ ഓടിച്ച ഡ്രൈവര്‍ അറസ്റ്റില്‍. കോഴിക്കോട് കുരുവട്ടൂര്‍ തെരുവത്ത്താഴം താഴത്ത് വീട്ടില്‍ റിദേഷിനെയാണ് (36) കോട്ടക്കല്‍ പൊലീസ് അറസ്റ്റ് ചെയ്തത്.തിരുനാവായ നാവാമുകുന്ദ ക്ഷേത്രത്തിലേക്ക് വിശ്വാസികളുമായി കോഴിക്കോട്ടുനിന്ന് വന്ന ട്രാവലര്‍ വാഹനത്തിന്റെ ഡ്രൈവറാണ് റിദേഷ്.
ഡ്രൈവറുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ യാത്രക്കാര്‍ പൊലീസില്‍ അറിയിക്കുകയായിരുന്നു. ദേശീയപാത ചങ്കുവെട്ടി ജങ്ഷനില്‍ വെച്ച് കോട്ടക്കല്‍ പൊലീസ് വാഹനം കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
വൈദ്യപരിശോധനയില്‍ മദ്യപിച്ചെന്ന് തെളിഞ്ഞതോടെ ഡ്രൈവറുടെ അറസ്റ്റ് രേഖപ്പെടുത്തി. ഇയാള്‍ക്ക് പിന്നീട് ജാമ്യം നല്കി. സ്ത്രീകളടക്കമുള്ള ഇരുപതംഗ കുടുംബം മറ്റൊരു വാഹനത്തില്‍ യാത്ര തുടര്‍ന്നു
https://www.facebook.com/Malayalivartha

























