ബിജെപി എംഎൽഎയ്ക്ക് വിഷബാധ; വെന്റിലേറ്ററിൽ ജീവനുവേണ്ടി പോരാട്ടം, കീടനാശിനി ഉള്ളിലെത്തിയതെങ്ങനെ, ദുരൂഹതയിൽ പൊലീസ് അന്വേഷണം

പശ്ചിമ ബംഗാളിൽ ബിജെപി എംഎൽഎ രേഖ പത്ര അതീവ ഗുരുതരാവസ്ഥയിൽ. വിഷബാധ സ്ഥിരീകരിച്ചതോടെ വെന്റിലേറ്ററിലേക്ക് മാറ്റിയ എംഎൽഎയുടെ നിലയിൽ ഇതുവരെ കാര്യമായ പുരോഗതിയില്ല.
കൃഷിക്ക് ഉപയോഗിക്കുന്ന കീടനാശിനി ഉള്ളിൽച്ചെന്നതാണ് ആരോഗ്യനില വഷളാകാൻ കാരണമെന്നാണ് ഡോക്ടർമാരുടെ പ്രാഥമിക കണ്ടെത്തൽ. ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ഇന്നലെ രാത്രിയാണ് രേഖയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആദ്യം ബസിർഹട്ട് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിലും പിന്നീട് കൊൽക്കത്തയിലെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റുകയായിരുന്നു. നിലവിൽ അബോധാവസ്ഥയിലുള്ള രേഖ മരുന്നുകളോട് പ്രതികരിക്കുന്നില്ലെന്നാണ് ആശുപത്രി അധികൃതർ അറിയിച്ചിരിക്കുന്നത്.
എങ്ങനെയാണ് കീടനാശിനി ശരീരത്തിലെത്തിയതെന്ന കാര്യത്തിൽ ദുരൂഹത തുടരുകയാണ്. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.2024ൽ സന്ദേശ്ഖാലിയിൽ ഷെയ്ഖ് ഷാജഹാനെതിരായ സ്ത്രീകളുടെ പ്രക്ഷോഭത്തിലൂടെയാണ് രേഖ പത്ര ദേശീയ ശ്രദ്ധ നേടിയത്. 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടെങ്കിലും 2026ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഹിംഗൽഗഞ്ചിൽനിന്ന് വിജയിച്ചാണ് എംഎൽഎയായത്.
അടുത്തിടെ പാർട്ടിയുടെ ജില്ലാ നേതൃത്വത്തിനെതിരെ പരസ്യമായി അതൃപ്തി പ്രകടിപ്പിച്ചിരുന്ന രേഖയുടെ ആരോഗ്യനിലയെക്കുറിച്ചുള്ള ആശങ്കയ്ക്കൊപ്പം, വിഷബാധയുടെ സാഹചര്യവും രാഷ്ട്രീയ വൃത്തങ്ങളിൽ ചർച്ചയാകുകയാണ്.
https://www.facebook.com/Malayalivartha

























