തങ്കമണിയുടെ കൊലപാതകത്തിൽ വിറങ്ങലിച്ച് നാട്; പ്രതിയെ പിടികൂടിയത് മണിക്കൂറുകൾക്കുള്ളിൽ...

തിരുവനന്തപുരം പോത്തൻകോട് ഭിന്നശേഷിക്കാരിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ മണിക്കൂറുകള്‍ കൊണ്ട് പ്രതിയെ പിടികൂടി പൊലീസ്. പോത്തൻകോട് കൊയ്തൂർക്കോണം യുപി സ്കൂളിന് സമീപം ഒറ്റയ്ക്ക് താമസിച്ചിരുന്ന തങ്കമണിയാണ് കൊല്ലപ്പെട്ടത്. ഇന്ന് രാവിലെ ഏഴ് മണിയോടെ തൊട്ടടുത്തായി താമസിക്കുന്ന സഹോദരിയാണ് വീട്ടുപരിസരത്ത് മൃതദേഹം കണ്ടത്.
എല്ലാ ദിവസവും രാവിലെ പൂജയ്ക്കായി പൂക്കൾ പറിക്കാൻ പോകുന്ന ശീലം തങ്കമണിക്കുണ്ടായിരുന്നു. പൂക്കൾ പറിച്ച് മടങ്ങവേയാണ് കൊലപാതകമെന്നാണ് നിഗമനം. മുഖത്ത് മുറിവുകളുണ്ട് ബ്ലൗസ് കീറിയ നിലയിലായിരുന്നു. ഉടുത്തിരുന്ന ലുങ്കി ഉപയോഗിച്ച് മൃതദേഹം മൂടിയിരുന്നു. കമ്മലുകളും നഷ്ടപ്പെട്ടിരുന്നു.
സമീപത്ത് നിന്ന് ലഭിച്ച സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് പോത്തൻകോട് സ്വദേശിയായ തൗഫീഖിലേക്ക് സംശയം നീണ്ടത്. മേൽവസ്ത്രമില്ലാത്ത ഇയാളുടെ ദൃശ്യങ്ങൾ സിസിടിവിയിൽ നിന്ന് പൊലീസിന് കിട്ടി. ഇതോടെയാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ഇയാളുടെ പാക്കൽ നിന്ന് തങ്കമണിയുടെ കമ്മൽ പൊലീസ് കണ്ടെത്തി. ഇയാൾക്കെതിരെ പോക്സോ, കവർച്ച കേസുകളുണ്ടെന്ന് പൊലീസ് അറിയിച്ചു.
തിരുവനന്തപുരം രാജാജി നഗറിൽ നിന്ന് മോഷ്ടിച്ച ബൈക്കുമായാണ് തൗഫീഖ് ഇന്നലെ കൊയ്തൂർക്കോണത്ത് എത്തിയത്. കൊലയ്ക്ക് പിന്നിലെ ഉദ്ദേശം അടക്കം മനസ്സിലാക്കാൻ പൊലീസ് വിശദമായി തൗഫീകിനെ ചോദ്യം ചെയ്യുകയാണ്. തങ്കമണി താമസിച്ചിരുന്നത് ബന്ധുക്കളുടെ വീടുകൾക്ക് സമീപത്തായിരുന്നു.
https://www.facebook.com/Malayalivartha

























