വളര്‍ത്തിയവര്‍ രംഗത്ത്... മാടായി കോളേജ് നിയമന വിവാദത്തില്‍ എംകെ രാഘവനെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം ശക്തം; വീട്ടിലേക്ക് മാര്‍ച്ച്; കോലം കത്തിച്ചു

കോണ്‍ഗ്രസ് നേതാവിനെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തന്നെ സമരത്തിനിറങ്ങുന്നത് അപൂര്‍വമാണ്. മാടായി കോളേജ് നിയമന വിവാദത്തില്‍ എംകെ രാഘവന്‍ എംപിക്കെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം ശക്തമാകുന്നു.
ഇന്നലെ വൈകിട്ട് കുഞ്ഞിമംഗലത്തെ വീട്ടിലേക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി. കോലം കത്തിച്ചു. പാര്‍ട്ടിയെ വിറ്റ് കാശുണ്ടാക്കുകയാണെന്നും വീട്ടില്‍ കയറി തല്ലുമെന്നും രാഘവനെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രൂക്ഷ മുദ്രാവാക്യവും മുഴക്കി. എംകെ രാഘവന്‍ എം.പി ചെയര്‍മാനായ മാടായി കോളേജില്‍ അദ്ദേഹത്തിന്റെ ബന്ധുവായ സിപിഎം പ്രവര്‍ത്തകന് ജോലി നല്‍കിയതില്‍ പുകയുന്ന പ്രതിഷേധമാണ് കൂടുതല്‍ കലുഷിതമാകുന്നത്.
കോളേജിലെ അനധ്യാപക തസ്തികയില്‍ കല്യാശ്ശേരിയിലെ യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ പരിഗണിക്കാതിരുന്നതാണ് എതിര്‍പ്പുകള്‍ക്കും പ്രതിഷേധങ്ങള്‍ക്കും കാരണം. എംപി ബന്ധുവായ സിപിഎം അനുഭാവിക്ക് ജോലി നല്‍കിയത് കൂടുതല്‍ പ്രകോപനമായി. ഇതില്‍ പ്രതിഷേധിച്ച് രാഘവനെ തടഞ്ഞ പ്രാദേശിക നേതാക്കള്‍ക്കെതിരെ കെപിസിസി പറഞ്ഞതനുസരിച്ച് ഡിസിസി നടപടിയെടുത്തിരുന്നു. ഇതോടെ പ്രശ്‌നം കൂടുതല്‍ കലുഷിതമായി. സമവായത്തിന് വഴങ്ങാതെ ഇന്നലെ കോളേജില്‍ നിയമനം നല്‍കിയതോടെ രാഘവനൊപ്പമുളള, പാര്‍ട്ടി നേതാക്കളായ ഭരണസമിതി അംഗങ്ങള്‍ക്കെതിരെ ഡിസിസി നേരിട്ട് നടപടിയെടുത്തു.
രാഘവന്റെ നാട്ടിലെ കോണ്‍ഗ്രസ് കമ്മിറ്റി ഇന്നലെ ഒന്നടങ്കം രാജിവച്ചിരുന്നു. കൂടുതല്‍ കമ്മിറ്റികള്‍ രാജിനല്‍കിയേക്കും. പരസ്യപ്രതിഷേധം തുടരാനാണ് നടപടി നേരിട്ടവരുടെ തീരുമാനം. നിയമനത്തില്‍ അഴിമതിയില്ലെന്നും തന്നെ മോശക്കാനാക്കാന്‍ ശ്രമമുണ്ടെന്നുമാണ് എംപിയുടെ ആരോപണം. കോളേജ് സര്‍ക്കാരിന് വിട്ടുകൊടുക്കുമെന്നും രാഘവന്‍ മുന്നറിയിപ്പ് നല്‍കുന്നു. നിയമന ഉത്തരവ് പുനപരിശോധിക്കാന്‍ ഇടയില്ലെന്നിരിക്കെ പ്രശ്‌നം തണുപ്പിക്കാന്‍ സംസ്ഥാന നേതാക്കള്‍ ഇടപെട്ടേക്കും.
മാടായി കോളേജിലെ നിയമനത്തില്‍ പ്രചരിക്കുന്നത് അടിസ്ഥാനരഹിതമായ കാര്യങ്ങളാണെന്ന് എം.കെ. രാഘവന്‍ എം.പി. പറഞ്ഞു. അനധ്യാപക തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചത് സര്‍ക്കാര്‍ നിദേശപ്രകാരമാണെന്നും അദ്ദേഹം ഡല്‍ഹിയില്‍ മാധ്യമങ്ങളോട് പറഞ്ഞു.
മാടായി കോളേജില്‍ ഡി.വൈഎഫ്.ഐ. പ്രവര്‍ത്തകര്‍ക്ക് നിയമനം നല്‍കിയെന്നാരോപിച്ച് കോളേജ് ചെയര്‍മാന്‍ എം.കെ.രാഘവന്‍ എം.പിക്കുനേരേ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധം നടത്തിയിരുന്നു. ശനിയാഴ്ച രാവിലെ കോളേജിലെത്തിയ എം.കെ.രാഘവനെ തടഞ്ഞുനിര്‍ത്തിയാണ് പ്രതിഷേധം സംഘടിപ്പിച്ചത്. കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഒഴിവാക്കി സ്വന്തക്കാരായ ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകര്‍ക്ക് നിയമനം നല്‍കാന്‍ നീക്കം നടത്തുന്നതായി ആരോപിച്ചായിരുന്നു പ്രതിഷേധം. ഓഫീസ് അസിസ്റ്റന്റിന്റെ മൂന്ന് ഒഴിവിലേക്കും കംപ്യൂട്ടര്‍ അസിസ്റ്റന്റിന്റെ ഒരു ഒഴിവിലേക്കുമാണ് ശനിയാഴ്ച അഭിമുഖം നടന്നത്. എന്നാല്‍ സര്‍ക്കാര്‍ നിര്‍ദേശപ്രകാരമാണെന്നായിരുന്നു എം.കെ. രാഘവന്‍ എംപിയുടെ പ്രതികരണം.
അതേസമയം എംകെ രാഘവന്‍ എംപിക്കെതിരെ വിമര്‍ശനം ശക്തമാകുന്നു. മാടായി കോളേജില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് നിയമനം നല്‍കാന്‍ ശ്രമിച്ചെന്നും ഇതിനായി എംപി കോഴ വാങ്ങിയെന്നുമുള്ള ആരോപണം ശക്തമാകുന്ന സാഹചര്യത്തിലാണിത്. എംപിക്കെതിരെ സ്വന്തം പാര്‍ട്ടി പ്രവര്‍ത്തകര്‍ തന്നെ രംഗത്തുവന്നുവെന്നതാണ് ശ്രദ്ധേയമായ കാര്യം. പ്രതിഷേധം രേഖപ്പെടുത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ പാര്‍ട്ടി നടപടി സ്വീകരിക്കുകയും ചെയ്തിരുന്നു. എംകെ രാഘവന്‍ യഥാര്‍ത്ഥത്തില്‍ കോണ്‍ഗ്രസിനൊപ്പമാണോ അതോ സിപിഎമ്മിന് ഒപ്പമാണോയെന്ന ചോദ്യമാണ് ഇപ്പോള്‍ ഉയരുന്നത്.
https://www.facebook.com/Malayalivartha

























