പാലക്കാട് അപകടം: ക്ലീനറും ഡ്രൈവറും കസ്റ്റഡിയില്‍

പാലക്കാട് പനയമ്പാടത്ത് 4 വിദ്യാര്‍ഥികളുടെ ജീവനെടുത്ത അപകടത്തിനു കാരണമായ ലോറിയുടെ ഡ്രൈവറും ക്ലീനറും കാസര്‍കോട് സ്വദേശികള്‍. മഹേന്ദ്ര പ്രസാദ് എന്നയാളാണ് ലോറിയുടെ ഡ്രൈവര്‍. വര്‍ഗീസ് എന്ന ആളാണ് ക്ലീനര്‍.
ഇരുവരും പരുക്കുകളോടെ പാലക്കാട് മദര്‍ കെയര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. പൊലീസ് കസ്റ്റഡിയിലെടുത്ത ഇരുവരെയും ചോദ്യം ചെയ്തുവരികയാണ്. വര്‍ഗീസിന്റെ കാലിനു പൊട്ടലുണ്ട്. മഹേന്ദ്ര പ്രസാദിന്റെ പരുക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. അപകടത്തില്‍ പരുക്കേറ്റ ഒരു വിദ്യാര്‍ഥിയെ ആശുപത്രിയില്‍ എത്തിച്ചിരുന്നു. എന്നാല്‍ മരണം സംഭവിച്ചതോടെ കുട്ടിയുടെ മൃതദേഹം പാലക്കാട് സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റി.
മറ്റൊരു വാഹനത്തിന് സൈഡ് കൊടുത്തപ്പോള്‍ ബ്രേക്ക് ചവിട്ടിയെങ്കിലും വാഹനം നിയന്ത്രിക്കാനായില്ലെന്നും റോഡില്‍ തെന്നലുണ്ടായിരുന്നു എന്നാണ് ഡ്രൈവറുടെ മൊഴി. ചാറ്റല്‍ മഴയും റോഡിലെ തെന്നലും കാരണം വാഹനം നിയന്ത്രിക്കാനായില്ലെന്നും ഡ്രൈവര്‍ മൊഴി നല്കി. ഇരുവരുടെയും രക്ത സാംപിളുകള്‍ ഉള്‍പ്പെടെ പരിശോധിക്കും. വാഹനം അമിത വേഗതയിലായിരുന്നോയെന്നും ഡ്രൈവര്‍ മദ്യപിച്ചിരുന്നോയെന്നും ഉള്‍പ്പെടെയുള്ള കാര്യം പരിശോധിക്കും. മറ്റൊരു വാഹനത്തിന് സൈഡ് കൊടുത്തപ്പോഴാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക വിവരമെന്ന് പൊലീസ് പറഞ്ഞു.
https://www.facebook.com/Malayalivartha

























