ബാലചന്ദ്രകുമാര്‍ അന്തരിച്ചു... ആശ്വാസമെന്ന് അവസാന സന്ദേശം..! മരണത്തെ കാത്തുകിടന്ന മണിക്കൂറുകൾ..! ചിലത് പറയാൻ...
ചെങ്ങന്നൂരിലെ കെ എം ചെറിയാന്‍ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു ബാലചന്ദ്രകുമാര്‍. സുമനസ്സുകളുടെ സഹായത്തോടെയായിരുന്നു ചികില്‍സ. ഇതിനിടെയാണ് മരണം ബാലചന്ദ്രകുമാറിനെ തേടിയെത്തുന്നത്. രണ്ട് വൃക്കകള്‍ക്കും രോഗം ബാധിച്ച അദ്ദേഹം ഹൃദയാഘാതവും വന്നതോടെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. വൃക്ക മാറ്റിവെക്കേണ്ട സാഹചര്യം ഉണ്ടെങ്കിലും അതിന് വന്‍ പണച്ചിലവ് വരുന്ന സാഹചര്യമുണ്ടായിരുന്നു. കുറച്ചുകാലം മുമ്പ് കിഡ്‌നിയിലെ കല്ലിന് ചികിത്സ നടത്തിയതിന് ശേഷമാണ് രണ്ട് വൃക്കകളും തകരാറിലാണെന്ന് വ്യക്തമായത്. ഇതിന് പിന്നാലെ തലച്ചോറിലെ അണുബാധയും വൃക്കരോഗവും ഒക്കെയായി വലിയ പ്രതിസന്ധിയിലായി അദ്ദേഹം. നടി ആക്രമിക്കപ്പെട്ട കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് നടന്‍ ദിലീപിന് എതിരെ നിരവധി വെളിപ്പെടുത്തലുകള്‍ നടത്തിയിട്ടുള്ള ബാലചന്ദ്രകുമാര്‍ നീതിക്ക് വേണ്ടി രോഗ കാലത്തും കോടതിയില്‍ ഹാജറാകുകയും സാക്ഷി മൊഴി നല്‍കുകയും ചെയ്തിരുന്നു. പല സുഹൃത്തുക്കളുടെയും സഹായത്തോടെയാണ് ചികിത്സ മുന്നോട്ടു പോയത്. ഇതിനിടെ നിരന്തരം ഗുരുതരാവസ്ഥയിലെത്തി. ഒടുവില്‍ മരണവും.
നടിയെ ആക്രമിച്ച കേസില്‍ ദിലീപ് ജാമ്യത്തില്‍ ഇറങ്ങിയ ശേഷം ആ വീട്ടില്‍ നടന്ന പല സംഭാഷണങ്ങളും ബാലചന്ദ്രകുമാര്‍ റിക്കോര്‍ഡ് ചെയ്തിരുന്നുവെന്നാണ് പുറത്തു വന്ന ഓഡിയോ തെളിയിച്ചത്. ജാമ്യത്തില്‍ പുറത്തിറങ്ങിയ ദിലീപിനെ നിരീക്ഷിക്കാന്‍ പൊലീസ് ചുമതലപ്പെടുത്തിയ ആളോണോ ബാലചന്ദ്രകുമാര്‍ എന്ന സംശയം ദിലീപിന്റെ ചില അടുപ്പക്കാര്‍ക്കു പോലും ഉണ്ടായി. പിക് പോക്കറ്റ് എന്ന സിനിമയുമായി ബന്ധപ്പെട്ടാണ് ബാലചന്ദ്രകുമാര്‍ ദിലീപുമായി അടുക്കുന്നത്. കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപിനെതിരെ വെളിപ്പെടുത്തലുമായി ദിലീപിന്റെ മുന്‍ സുഹൃത്തും സംവിധായകനുമായ ബാലചന്ദ്രകുമാര്‍ എത്തുമ്പോള്‍ ഞെട്ടലിലായി സിനിമാ ലോകം. അതുവരെ സിനിമയില്‍ അത്രയേറെ അറിയപ്പെടാത്ത സംവിധായകനായിരുന്നു ബാലചന്ദ്രകുമാര്‍. കൗബോയ് എന്ന ചിത്രമാണ് പുറത്തു വന്നിട്ടുള്ളത്. പിന്നീട് പല ശ്രമങ്ങള്‍ നടത്തിയെങ്കിലും വിജയിച്ചില്ല. മോഹന്‍ലാലിനെ നായകനാക്കി സ്‌പെഷ്യലിസ്റ്റ് എന്ന 2014ല്‍ പ്രഖ്യാപിച്ചു. അതും പാളി. പിന്നീടാണ് പിക്ക് പോക്കറ്റ് കഥയുമായി ബാലചന്ദ്രകുമാര്‍ ദിലീപിന്റെ വീട്ടിലെത്തുന്നത്. ദിലീപിന്റെ അളിയന്റെ തിരക്കഥാ മോഹം ബാലചന്ദ്രകുമാറിനെ വീട്ടിലെ അടുപ്പക്കാരനുമാക്കി.
കൗബോയ് എന്ന ചിത്രത്തില്‍ ആസിഫലിയായിരുന്നു നായകന്‍. ഇത് സാമ്പത്തിക വിജയം നേടിയില്ല. ഇതിന് ശേഷമാണ് മോഹന്‍ലാലിനെ സമീപിക്കുന്നത്. പിന്നീട് ദിലീപിന് അടുത്തെത്തി. പിക്ക് പോക്കറ്റ് എന്നായിരുന്നു ചിത്രത്തിന്റെ പേര്. ഈ സിനിമയുടെ കഥാതന്തു ദിലീപിന് ഇഷ്ടമായി. തിരക്കഥയില്‍ മാറ്റങ്ങളോടെ ചെയ്യാമെന്നും സമ്മതിച്ചു. ഇതിനിടെ ദിലീപിന്റെ അളിയന് തിരക്കഥ എഴുതണമെന്ന മോഹമെത്തി. ബാലചന്ദ്രകുമാറിന്റെ കഥയില്‍ സാധ്യതയും കണ്ടു. ഇതോടെ ഈ സിനിമ നിര്‍മ്മിക്കാന്‍ ദിലീപിന്റെ ഗ്രാന്റ് പ്രൊഡക്ഷനും തയ്യാറായി. കഥാ ചര്‍ച്ചകള്‍ക്കായി ദിലീപിന്റെ വീട്ടില്‍ നിരന്തരം സംവിധായകനെത്തി. അളിയനും അനുജന്‍ അനൂപുമായി ചര്‍ച്ചകളും നടത്തി. ഇതാണ് ഇപ്പോള്‍ ദിലീപിന് പുലിവാലാകുന്നത്. പിന്നീട് ബാലചന്ദ്രകുമാര്‍ നടത്തിയ വെളിപ്പെടുത്തലുകള്‍ ദിലീപിനു തലവേദനയായി. കേസില്‍ നിര്‍ണ്ണായക നീക്കങ്ങള്‍ നടത്തുന്നതിനിടെയാണ് ബാലചന്ദ്രകുമാറിന് വൃക്കരോഗം വരുന്നത്.
അളിയന്റെ തിരക്കഥ സിനിമയാകണമെന്ന അതിയായ ആഗ്രഹം ദിലീപിനുണ്ടായിരുന്നു. അതുകൊണ്ട് തന്നെ ഈ പ്രോജക്ട് നടക്കുമെന്ന് ഉറപ്പാക്കാന്‍ മുന്‍നിര സംവിധായകനും തിരക്കഥാകൃത്തുമായ വ്യക്തിയേയും ദിലീപ് സമീപിച്ചിരുന്നു. എന്നാല്‍ ഇദ്ദേഹം താല്‍പ്പര്യം കാട്ടിയില്ല. പിന്നീട് മറ്റൊരു സംവിധായക പ്രമുഖനേയും നിയോഗിച്ചു. സിഐഡി മൂസ ടൈപ്പിലെ ഹാസ്യചിത്രമായിരുന്നു ദിലീപ് പദ്ധതിയിട്ടത്. എന്നാല്‍ തിരക്കഥ പൂര്‍ത്തിയാക്കാത്തതു കൊണ്ട് തന്നെ പദ്ധതി നീണ്ടു. ഇതിനിടെയാണ് നടിയെ ആക്രമിച്ച കേസും വിവാദവും ഉണ്ടാകുന്നത്. നടി ആക്രമിക്കപ്പെട്ട കേസില്‍ സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ രഹസ്യമൊഴിയെടുക്കലും നടന്നു. ദിലീപിനെതിരെ 51 പേജുള്ള രഹസ്യമൊഴിയാണ് രേഖപ്പെടുത്തിയത്. ദിലീപും പള്‍സര്‍ സുനിയും തമ്മില്‍ അടുത്ത ബന്ധമുണ്ടെന്നും നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ഒരു വി.ഐ.പി. വഴി ദിലീപിന്റെ കൈയിലെത്തിയെന്നുമാണ് ബാലചന്ദ്ര കുമാറിന്റെ പ്രധാന ആരോപണം. കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ദിലീപ് നടത്തിയ നീക്കങ്ങളുടെ തെളിവുകള്‍ ബാലചന്ദ്രകുമാര്‍ അന്വേഷണസംഘത്തിന് കൈമാറിയിരുന്നു.
അപ്രതീക്ഷിതമായി കിഡ്‌നിയിലെ കല്ലു രോഗത്തിന് ചികില്‍സയ്ക്ക് പോയ ബാലചന്ദ്രകുമാര്‍ തിരിച്ചറിഞ്ഞത് വൃക്കകളുടെ തകരാറായിരുന്നു. പിന്നീടൊരിക്കലും രോഗ കിടക്കയില്‍ നിന്നും ബാലചന്ദ്രകുമാറിന് മുക്തിയുണ്ടായില്ല. ഒന്നിന് പുറമേ ഒരോന്നായി രോഗങ്ങളെത്തി. വൃക്ക മാറ്റി വയ്ക്കാനായി ചെങ്ങന്നൂരിലെ കെഎം ചെറിയാന്‍ ആശുപത്രിയില്‍ എത്തി. അതിനിടെ ഹൃദ് രോഗമെത്തി. പിന്നീട് ബൈപ്പാസ് നടത്തി. അതിന് ശേഷം ചിക്കന്‍ പോക്‌സും മഞ്ഞപിത്തവും എല്ലാം ബാധിച്ചു. ഇതോടെ വെന്റിലേറ്റര്‍ സഹായത്തോടെയായിരുന്നു ചികില്‍സ. ഇതിനിടെ കുടുംബം അതീവ ദുഖ സാഹചര്യത്തിലേക്ക് മാറി. സാമ്പത്തിക സഹായം തേടി സോഷ്യല്‍ മീഡിയയിലുമെത്തി. മറുനാടന്‍ മലയാളിയും സഹായിക്കാനായി രംഗത്തിറങ്ങി. ഇതിനിടെയാണ് ഇന്ന് രാവിലെ ബാലചന്ദ്രകുമാറിന്റെ വിയോഗം. സംവിധാനം ചെയ്ത സിനിമകളിലൂടെ ആയിരുന്നില്ല മലയാളി ബാലചന്ദ്രകുമാറിനെ അറിഞ്ഞത്. മറിച്ച് നടിയെ ആക്രമിച്ച കേസിലെ വെളിപ്പെടുത്തലുകളായിരുന്നു ഇതിന് കാരണം. ദിലീപിന്റെ വലംകൈയ്യായിരുന്ന ബാലചന്ദ്രകുമാര്‍ പിന്നീട് നടത്തിയ വെളിപ്പെടുത്തലുകള്‍ കേസില്‍ വമ്പന്‍ ട്വിസറ്റുകള്‍ നല്‍കിയിരുന്നു. രോഗക്കിടക്കയില്‍ പോലും ദിലീപിനെതിരെ ജഡ്ജിക്ക് മുന്നില്‍ മൊഴി നല്‍കിയ വ്യക്തിയാണ് ബാലചന്ദ്രകുമാര്‍. കേസില്‍ ദിലീപിനെതിരെ വിധിയുണ്ടായാല്‍ അതിന് പ്രധാന കാരണക്കാരനും ബാലചന്ദ്രകുമാര്‍ മാത്രമാകും. അത്രയേറെ സംശയങ്ങളും തെളിവുകളായി ശബ്ദ ശകലങ്ങളും ബാലചന്ദ്രകുമാര്‍ പുറത്തു വിട്ടിരുന്നു.
നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ദിലീപിനെതിരേ ഗുരുതരമായ വെളിപ്പെടുത്തലുകളാണ് ബാലചന്ദ്രകുമാര്‍ നടത്തിയത്. തുടര്‍ന്ന് കേസില്‍ പോലീസ് സംഘം തുടരന്വേഷണം ആരംഭിക്കുകയും ചെയ്തിരുന്നു. ഇതിന്റെ ഭാഗമായി അന്വേഷണസംഘം ബാലചന്ദ്രകുമാറിന്റെ മൊഴി രേഖപ്പെടുത്തി. ഇതിന് പിന്നാലെയാണ് സംവിധായകന്റെ രഹസ്യമൊഴിയും രേഖപ്പെടുത്തി. വിചാരണ സമയത്തും ഇതെല്ലാം ബാലചന്ദ്രകുമാര്‍ ഉയര്‍ത്തി. നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരേ ഗുരുതരമായ ആരോപണങ്ങളാണ് ബാലചന്ദ്രകുമാര്‍ ഉന്നയിച്ചത്. ദിലീപ് സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചതായും നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങള്‍ ദീലിപിന് ലഭിച്ചിരുന്നതായും ബാലചന്ദ്രകുമാര്‍ പറഞ്ഞിരുന്നു. നടിയെ ആ്ക്രമിച്ച കേസ് അന്തിമ വാദത്തിലേക്ക് പോകുമ്പോഴാണ് ബാലചന്ദ്രകുമാറിന്റെ മടക്കം. ദിലീപിനെതിരായ വെളിപ്പെടുത്തലില്‍ മലയാളത്തിലെ സൂപ്പര്‍താരത്തിന്റെ പിന്തുണയുമുണ്ടെന്ന് പോലും സംവിധായകന്‍ ബാലചന്ദ്രകുമാര്‍ പറഞ്ഞിരുന്നു. സൂപ്പര്‍താരത്തെ കൂടാതെ നൂറിലധികം സിനിമാപ്രവര്‍ത്തകരുടെ പിന്തുണയുണ്ടെന്നും ഇവര്‍ അയച്ച മെസേജുകള്‍ ഉള്‍പ്പെടുന്ന ഡിജിറ്റല്‍ തെളിവുകള്‍ സൂക്ഷിച്ചിട്ടുണ്ടെന്നും ബാലചന്ദ്രകുമാര്‍ വിശദീകരിച്ചതെല്ലാം കേരളം ഞെട്ടലോടെ കേട്ടു.
അദ്ദേഹത്തിന്റെ പേര് വെളിപ്പെടുത്താന്‍ കഴിയില്ല. സൂപ്പര്‍ താരം മാത്രമല്ല ഒരുപാട് താരങ്ങള്‍ വിളിച്ചു, തുറന്നു പറയാന്‍ കാണിച്ച മനസ്സിനെ അഭിനന്ദിച്ചു. സത്യം പുറത്തു കൊണ്ടുവരാന്‍ ഇത് ഉപകരിക്കുമെങ്കില്‍ നിങ്ങള്‍ ചെയ്തത് നല്ല കാര്യമാണെന്ന് പലരും പറഞ്ഞു. അത്തരത്തില്‍ ഒരുപാട് നടന്‍മാര്‍, സംവിധായകര്‍, നിര്‍മാതാക്കള്‍, വിതരണക്കാര്‍ ഒക്കെ മെസേജ് അയച്ചിട്ടുണ്ട്. ആ മെസേജുകള്‍ എല്ലാം സൂക്ഷിച്ചു വച്ചിട്ടുണ്ട്. എനിക്ക് വരുന്ന തൊണ്ണൂറു ശതമാനവും പിന്തുണ നല്‍കിക്കൊണ്ടുള്ള മെസേജുകളാണ്. ഏകദേശം നൂറിലധികം സിനിമാപ്രവര്‍ത്തകര്‍ എന്നെ പിന്തുണയ്ക്കുന്നുണ്ട്. അവരുടെയെല്ലാം മനസ്സില്‍ തളം കെട്ടി കിടന്ന വികാരം അവര്‍ നമ്മളെ അറിയിക്കുകയാണ് ചെയ്തത് എന്ന് എനിക്ക് മനസ്സിലായി. ഞാന്‍ സൂപ്പര്‍ താരത്തിന്റെ പേരെടുത്തു പറയുന്നില്ല. ഇപ്പോഴുള്ള സൂപ്പര്‍ താരങ്ങളില്‍ ആരെങ്കിലും ഒരാള്‍ ആണെന്ന് കണക്കാക്കിക്കൊള്ളൂ. ആരെ വേണമെങ്കിലും നിങ്ങള്‍ക്ക് സംശയിക്കാം. അത് എന്റെ വിഷയമല്ല. അദ്ദേഹം അയച്ചത് കീപ് ഇറ്റ് അപ്പ് എന്ന മെസേജും ഒപ്പം ഒരു തമ്പ്‌സ് അപ്പ് ഇമോജിയും ആണ്. ആ മെസ്സേജ് എല്ലാം ഞാന്‍ സൂക്ഷിച്ചിട്ടുണ്ട്. സിനിമാ മേഖലയില്‍ നിന്ന് നിരുത്സാഹപ്പെടുത്തിയവര്‍, പരാതി കൊടുത്തപ്പോള്‍ ഭീഷണിപ്പെടുത്തിയവര്‍, അങ്ങനെ ഒരുപാട് പേരുണ്ട്. ഞാനുമായിട്ട് അടുത്ത് നില്‍ക്കുന്നവര്‍ , ഇത് എനിക്ക് ദോഷമായി വരും എന്നുകരുതി പിന്മാറണം എന്ന് പറഞ്ഞിട്ടുണ്ട്. അദ്ദേഹവുമായി അടുത്ത് നില്‍ക്കുന്നവര്‍ ഇതില്‍ നിന്നു പിന്മാറുന്നതാണ് നല്ലതെന്ന് പറഞ്ഞിരുന്നു. അതെല്ലാം ഞാന്‍ പരാതി കൊടുത്തതിനു ശേഷമാണ്. 164 മൊഴി കൊടുക്കുന്നതിനു മുന്‍പ് പലരും ഇതുമായി മുന്നോട്ടു പോകരുത് പിന്മാറണം എന്നൊക്കെ പറഞ്ഞു. പക്ഷേ ഞാന്‍ എന്റെ നിലപാടില്‍ ഉറച്ചു നില്‍ക്കുകയായിരുന്നു. ഭീഷണി മെസ്സേജുകളും ഫോണ്‍ കോളുകളും വന്നിട്ടുണ്ട് അതെല്ലാം ഞാന്‍ യഥാ സമയത്ത് പൊലീസിനെ അറിയിച്ചിട്ടുണ്ട്. എന്റെ എതിരാളികള്‍ ശക്തന്മാരാണെന്നു എനിക്കറിയാം ഏതു സമയത്തും എനിക്കെതിരെ ആക്രമണം ഉണ്ടാകുമെന്നു പ്രതീക്ഷിച്ചാണ് നടക്കുന്നത്-ഇതായിരുന്നു ബാലചന്ദ്രകുമാര്‍ പറഞ്ഞിരുന്നത്.
സിനിമയില്‍ നിന്ന് പിന്മാറിയതിനു ശേഷമാണ് ഈ വെളിപ്പെടുത്തല്‍ എന്നാണ് കോടതിയുടെ നിരീക്ഷണം എന്നതിനും ബാലചന്ദ്രകുമാര്‍ മറുപടി നല്‍കിയിരുന്നു. സിനിമ ഉപേക്ഷിച്ചത് ഞാനാണ്. ഇത് വെളിപ്പെടുത്താന്‍ വേണ്ടിയാണു ഞാന്‍ സിനിമയില്‍ നിന്ന് പിന്മാറിയത്. ഈ സിനിമയില്‍ നിന്ന് പിന്മാറണമെന്ന് കുറെ കാലമായി ഞാന്‍ ആഗ്രഹിക്കുകയാണ്. പക്ഷെ കരാറുണ്ടായിരുന്നു. എല്ലാവര്‍ഷവും കരാര്‍ പുതുക്കി ദിലീപ് സൂക്ഷിച്ചു വയ്ക്കും. കഴിഞ്ഞ 2020 ഡിസംബര്‍ 31ന് കരാറിന്റെ കാലാവധി കഴിഞ്ഞു. ആ കാലാവധി അവസാനിച്ചപ്പോഴാണ് ഞാന്‍ വീണ്ടും കരാര്‍ പുതുക്കാതെ സിനിമ വിട്ടതും മറ്റു നടപടി ക്രമങ്ങളിലേക്ക് കടക്കാന്‍ തീരുമാനിച്ചതും. അദ്ദേഹമാണ് സിനിമ ഉപേക്ഷിച്ചത് എങ്കില്‍ അത് വാക്കാല്‍ പറഞ്ഞാല്‍ പോരല്ലോ. ഞാന്‍ സിനിമ വേണ്ടെന്ന് വച്ചതിനു തെളിവുണ്ട്. സിനിമ എനിക്ക് വേണ്ട എന്നുപറഞ്ഞു ഞാന്‍ അയച്ച മെസേജ് ഞാന്‍ ഫോണ്‍ അടക്കം കോടതിയില്‍ കൊടുത്തിട്ടുണ്ട്. പല മാധ്യമങ്ങളോടും പറഞ്ഞ ഒരു കാര്യമാണ്. അദ്ദേഹമാണ് സിനിമ ഉപേക്ഷിച്ചതെങ്കില്‍ എപ്പോള്‍ ഉപേക്ഷിച്ചുവെന്ന് എങ്ങനെയാണ് അറിയിച്ചത് എന്നുള്ളതിന്റെ തെളിവ് പുറത്തുവിടട്ടെ. അല്ലാതെ അദ്ദേഹം സിനിമ ഉപേക്ഷിച്ചപ്പോള്‍ എനിക്ക് ഇങ്ങനെ തോന്നി എന്ന് വെറുതെ അങ്ങ് പറയാമോ. മാത്രമല്ല 2017 ല്‍ ആണ് ഈ കേസുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ അദ്ദേഹത്തിന്റെ വീട്ടിലിരുന്നു ചര്‍ച്ച ചെയ്യുന്നതും വിഡിയോ കാണുന്നതും. 2017 നവംബര്‍ 15 ന് അദ്ദേഹം ആ വീഡിയോ കാണുകയും ഞാന്‍ ശബ്ദ സാംപിളുകള്‍ റെക്കോര്‍ഡ് ചെയ്യുകയും ചെയ്ത ദിവസം അദ്ദേഹം സിനിമ ഉപേക്ഷിച്ച് കഴിഞ്ഞു എങ്കില്‍ ഞാന്‍ എങ്ങനെ അദ്ദേഹത്തിന്റെ വീട്ടില്‍ ഇരുന്നു? അപ്പോള്‍ അന്ന് എനിക്ക് റെക്കോര്‍ഡ് ചെയ്യണം എന്നു തോന്നിയത് സിനിമ ഉപേക്ഷിച്ചതുകൊണ്ടല്ല. കുറ്റകൃത്യം കണ്ടതുകൊണ്ടു മാത്രമാണ്. അദ്ദേഹം സിനിമ ഉപേക്ഷിക്കുന്നു എന്നൊരു മെസ്സേജ് എനിക്ക് അയച്ചിട്ടില്ല. ഞങ്ങള്‍ സിനിമയുടെ കാര്യങ്ങള്‍ അങ്ങോട്ടും ഇങ്ങോട്ടും മെസ്സേജായി അയച്ചിട്ടുണ്ട്. അദ്ദേഹം ഇങ്ങോട്ടയച്ചതും ഞാന്‍ അങ്ങോട്ടയച്ചതുമായ ലഭ്യമായ എല്ലാ വിവരങ്ങളും ഞാന്‍ അന്വേഷണ ഉദ്യോഗസ്ഥന്മാര്‍ക്ക് കൊടുത്തിട്ടുണ്ട്-ഇതായിരുന്നു താന്‍ നടത്തിയ ഇടപെടലിന് കുറിച്ച് ബാലചന്ദ്രകുമാറിന് പറയാനുണ്ടായിരുന്നത്.
അന്തരീക്ഷത്തില്‍ മുഴങ്ങിക്കേള്‍ക്കുന്നത് വളരെ കുറച്ചു മാത്രമാണ് ബാക്കിയുള്ളതെല്ലാം ഞാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയിട്ടുണ്ട്. അദ്ദേഹം ഈ കേസിനെക്കുറിച്ച് പരാമര്‍ശിക്കുന്നതും ഇതില്‍ ഒരു സ്ത്രീക്ക് ബന്ധമുണ്ടെന്ന് പറയുന്നതും അദ്ദേഹം ഒന്നരക്കോടി രൂപ കൊടുക്കാന്‍ തീരുമാനിച്ചിരുന്നു എന്ന് പറയുന്നതും അന്വേഷണ ഉദ്യോഗസ്ഥരെ വകവരുത്താന്‍ വേണ്ടി സംസാരിക്കുന്നതും, ജാമ്യം റദ്ദ് ചെയ്യാന്‍ സാധ്യതയുണ്ടെന്ന് അദ്ദേഹം തന്നെ ഭയപ്പെടുന്നതും സാക്ഷിയെ സ്വാധീനിച്ചതിനെക്കുറിച്ച് സംസാരിക്കുന്നതും പള്‍സര്‍ സുനിക്ക് ഏതെങ്കിലും സ്ഥലത്തു വന്നു രഹസ്യമായി കാശ് വാങ്ങിക്കൊണ്ടു പോകാമായിരുന്നല്ലോ എന്നൊക്കെ സംസാരിക്കുന്നത്തില്‍ തുടങ്ങി ഒട്ടനവധി ഓഡിയോ ക്ലിപ്പുകള്‍ ഉണ്ട്, ഒടുവില്‍ പറഞ്ഞാല്‍ പള്‍സര്‍ സുനിക്ക് പരിചയമുള്ള ഒരു പോലീസുകാരന്‍ പോലും ഇദേഹവുമായി കമ്മ്യൂണിക്കേറ്റ് ചെയ്യുമായിരുന്നു അദ്ദേഹത്തിന്റെ പേര് ഉള്‍പ്പടെ അദ്ദേഹം പറയുന്നുണ്ട്. ആ സമയത്ത് അവിടെ വന്ന നടി ആരാണെന്ന് പേരെടുത്തു പറയാന്‍ കഴിയില്ല. അവര്‍ ആ സംഭവത്തിന് മുന്‍പ് സിനിമയില്‍ നിന്നും മാറി നിന്ന ഒരു നടിയാണ്. കാവ്യാമാധവനുമായി ആത്മബന്ധം സൂക്ഷിക്കുന്ന നടിയാണ്. വിവാഹിതയായി പോയതാണ്. അവര്‍ ഇപ്പോള്‍ സിനിമാരംഗത്തില്ല. ആ നടി അവിടെ വെറുതെ വന്നതാണ് അവര്‍ക്ക് ഇതിലൊന്നും ഒരുപങ്കുമില്ല. അവര്‍ അവിടെ വന്നുപോയതായി ഞാന്‍ എന്റെ പരാതിയില്‍ പരാമര്‍ശിക്കുന്നുണ്ട്. അവരെയാണ് ദിലീപ് മാഡം എന്ന് വിളിച്ചത് എന്ന് ഞാന്‍ ഒരിടത്തും പറഞ്ഞിട്ടില്ല. അദ്ദേഹം പറഞ്ഞ ഒരു വാചകം 'ഈ ശിക്ഷ ഞാന്‍ അനുഭവിക്കേണ്ടതല്ല. ഇത് മറ്റൊരു പെണ്ണ് അനുഭവിക്കേണ്ടതാണ്. അവരെ നമ്മള്‍ രക്ഷിച്ച് രക്ഷിച്ച് കൊണ്ടുപോയിട്ട് അവസാനം ഞാന്‍ ശിക്ഷിക്കപ്പെട്ടു' എന്നാണ്. ഇത് പുള്ളി പറഞ്ഞത് അവിടെ വന്ന നടിയെപ്പറ്റി അല്ല. മറ്റൊരു സ്ത്രീയെപ്പറ്റി ആണ് പറഞ്ഞത്. പുള്ളി രക്ഷിച്ച് രക്ഷിച്ച് കൊണ്ടുപോകാന്‍ മാത്രം ബന്ധമുള്ള ഒരു നടിയാണ് അത്-ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തല്‍ ഇങ്ങനെയായിരുന്നു.
നടി ആക്രമിക്കപ്പെട്ടു മാസങ്ങള്‍ കഴിഞ്ഞാണല്ലോ ഈ ദൃശ്യങ്ങള്‍ ദിലീപ് വീട്ടിലിരുന്നു കാണുകയും ഞാന്‍ അവിടെ ഉണ്ടാകുകയും ചെയ്ത സംഭവം ഉണ്ടായത്. എന്നെ കാണാന്‍ വിളിച്ചു പക്ഷെ ഞാന്‍ ഒഴിഞ്ഞു മാറി. എനിക്ക് അത് കാണുന്നത് തന്നെ തെറ്റാണെന്ന് എനിക്ക് ബോധ്യമുണ്ടായിരുന്നു പക്ഷേ അതിന്റെ ശബ്ദങ്ങള്‍ ഞാന്‍ കേട്ടിരുന്നു. ആക്രമിക്കപ്പെട്ട പെണ്‍കുട്ടിയോട് മാനസികമായി ഞാന്‍ എന്നും ഐക്യപ്പെട്ടിരുന്നു. ഞാനല്‍പം നേരത്തെ ഇതെല്ലം പറഞ്ഞെങ്കില്‍ അവര്‍ക്ക് കുറച്ചുകൂടി നേരത്തെ നീതി കിട്ടുമായിരുന്നു. അല്‍പം താമസിച്ചെങ്കിലും ഇതിലൂടെ അവര്‍ക്ക് നീതികിട്ടുമെന്നു ഞാന്‍ കരുതുന്നു. താമസിച്ചുപോയത് സാങ്കേതികത്വം മാത്രമാണ് കാരണം, താമസിച്ചുപോയതില്‍ ഖേദമുണ്ടെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha