ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ അന്വേഷണത്തിന് വിദ്യാഭ്യാസ വകുപ്പ്: അന്വേഷണം നടത്തി ഒരുമാസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്ന് ആറംഗ സമിതിക്ക് നിര്‍ദ്ദേശം

ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ അന്വേഷണത്തിന് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നേതൃത്വത്തില്‍ ആറംഗ സമിതിയെ ചുമതലപ്പെടുത്തിയതായി വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി അറിയിച്ചു. അന്വേഷണം നടത്തി ഒരുമാസത്തിനകം സമിതി റിപ്പോര്‍ട്ട് നല്‍കണം.
ചോദ്യപേപ്പര്‍ ചോര്‍ച്ച മുഖ്യമന്ത്രിയുമായി ചര്‍ച്ച ചെയ്തെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. വിഷയത്തിന്റെ ഗൗരവം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തി. ചോദ്യപേപ്പര്‍ വിതരണത്തില്‍ വീഴ്ചയുണ്ടെങ്കില്‍ പരിഹരിക്കും. കഴിഞ്ഞദിവസം പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ നേരിട്ട് ഡിജിപിയെ നേരിട്ട് കണ്ട് പരാതി നല്‍കിയിട്ടുണ്ട്.
അധ്യാപകരുടെ സ്വകാര്യ ട്യൂഷന് എടുക്കല്‍ അന്വേഷിക്കാനും തീരുമാനമായിട്ടുണ്ട്. ചില അധ്യാപകര്‍ പകുതി സമയം സ്കൂളിലും പകുതി സമയം ട്യൂഷന് ക്ലാസിലുമാണ്. ഇത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കും.
സ്വകാര്യ ട്യൂഷന് സെന്ററായ എംഎസ് സൊല്യൂഷന്‍സ് മര്യാദയുടെ അതിര്‍വരമ്പുകള്‍ ലംഘിച്ചു. സ്വാര്ഥലാഭമായിരുന്നു ഇവരുടെ ലക്ഷ്യമെന്നും മന്ത്രി ചൂണ്ടിക്കാട്ടി. വിഷയത്തില്‍ കര്‍ശന നടപടികളുമായി മുന്നോട്ടുപോകാനാണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം.
https://www.facebook.com/Malayalivartha

























