വെറ്ററിനറി സര്‍വകലാശാലാ പി.ജി. പ്രവേശന സംസ്ഥാനക്വാട്ടയില് അട്ടിമറി; സ്കോളര്‍ഷിപ്പും വെട്ടിക്കുറച്ചു

കേരള വെറ്ററിനറി സര്‍വകലാശാലയിലെ ബിരുദാനന്തരബിരുദ പ്രവേശനത്തില്‍ സംസ്ഥാനത്തുള്ളവര്ക്കുണ്ടായിരുന്ന സംവരണത്തില്‍ അട്ടിമറി. പി.ജി. സീറ്റുകളില്‍ 75 ശതമാനം സംസ്ഥാനക്വാട്ടയും ബാക്കി ദേശീയക്വാട്ടയുമാണ്. സംസ്ഥാനക്വാട്ടയ്ക്കുള്ള പ്രവേശനപരീക്ഷ കേരള വെറ്ററിനറി സര്‍വകലാശാലയാണ് നടത്തുന്നത്. ഇത് മറ്റുസംസ്ഥാനത്തുള്ളവരും എഴുതും.
എന്നാല്‍, കേരളത്തിലുള്ളവര്‍ക്ക് മുന്‍ഗണനനല്‍കി റാങ്ക് പട്ടികയ്ക്ക് പുറമേ സെലക്ഷന് പട്ടികകൂടി പ്രസിദ്ധീകരിച്ചാണ് പ്രവേശനംനല്‍കുന്നത്. ഇത്തവണ സെലക്ഷന് പട്ടിക പ്രസിദ്ധീകരിക്കാതെ അലോട്മെന്റ് നടത്തുന്നതായാണ് പരാതി.
സംസ്ഥാനസംവരണം അട്ടിമറിച്ചതിനാല് റാങ്ക്പട്ടികയിലെ ആദ്യ 55 റാങ്കില്‍ 14 പേര് മറ്റുസംസ്ഥാനക്കാരാണ്. ഇത് പ്രധാനപ്പെട്ട ക്ലിനിക്കല്‍ വിഷയങ്ങളില്‍ കേരളത്തിലുള്ളവര്‍ക്ക് പ്രവേശനംകിട്ടാത്ത സാഹചര്യമുണ്ടാക്കുമെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു. മറ്റുസംസ്ഥാനത്തുനിന്നുള്ളവര്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രിക്കള്‍ച്ചറല്‍ റിസര്‍ച്ചിന്റെ പരീക്ഷയെഴുതി 25 ശതമാനം സീറ്റില്‍ മാര്ക്കടിസ്ഥാനത്തില്ത്തന്നെ
പ്രവേശനംനേടുമ്ബോഴാണ് കേരളത്തിലുള്ളവര്‍ പിന്തള്ളപ്പെടുന്നത്.
പ്രോസ്പെക്ടസിലെ വ്യവസ്ഥയ്ക്കുവിരുദ്ധമായി പുതിയബാച്ചിനുള്ള പ്രവേശനപ്പട്ടിക തിരക്കിട്ട് പ്രസിദ്ധീകരിച്ച് അലോട്മെന്റ് നടത്താനുള്ള നീക്കത്തിലും വിദ്യാര്‍ഥികള്‍ പ്രതിഷേധിച്ചു. 12-ാംതീയതി പ്രസിദ്ധീകരിച്ച റാങ്ക്പട്ടികയില്‍ രണ്ടാംപ്രവൃത്തിദിനമായ 16-നാണ് അലോട്മെന്റ് നടത്തുന്നത്. 18-ന് സര്‍വകലാശാലയില്‍ പ്രവേശനമെടുക്കണം.
പി.ജി. കോഴ്സിലെ സ്കോളര്‍ഷിപ്പും ഈവര്‍ഷം പകുതിപ്പേര്ക്കായി കുറച്ചു. ഒരു ബ്രാഞ്ചില്‍ കുറഞ്ഞത് ഒരാള്‍ക്കും പരമാവധി രണ്ടുപേര്‍ക്കുമെന്നാണ് ഇത്തവണ എണ്ണം നിശ്ചയിച്ചത്. മുന്‍പ് എല്ലാവര്ക്കും സ്കോളര്‍ഷിപ്പ് ലഭിച്ചിരുന്നു. മാസം 9000 രൂപയാണ് സ്കോളര്‍ഷിപ്പ്.
https://www.facebook.com/Malayalivartha

























