കണ്മുമ്പില് തടിയനാന... മരണ ഭയത്തോടെ വീട്ടിലെത്തേണ്ട അവസ്ഥയിലായി കോതമംഗലം; മൂന്നു ദിവസത്തിനിടെ കാട്ടാനയാക്രമണത്തില്‍ 2 മരണം

ഒരിടവേളയ്ക്ക് ശേഷം മനുഷ്യ വന്യമൃഗ ആക്രമണം വീണ്ടും. ഇത്തവണ വികസിത കൊച്ചിയിലാണ്. കാട്ടാന മറിച്ചിട്ട മരം വീണ് എന്‍ജിനീയറിങ് വിദ്യാര്‍ഥിനി മരിച്ച നടുക്കം മാറും മുന്‍പേ കാട്ടാന ആക്രമണത്തില്‍ വീണ്ടും ഒരാള്‍ കൂടി കൊല്ലപ്പെട്ടതിന്റെ ഭീതിയിലാണ് കോതമംഗലം. കോതമംഗലം കുട്ടമ്പുഴയ്ക്കടുത്ത് ഉരുളന്തണ്ണി വലിയക്ണാച്ചേരിയില്‍ കോടിയാട്ട് എല്‍ദോസ് വര്‍ഗീസ് (45) ആണ് തിങ്കളാഴ്ച രാത്രി കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.
ശനിയാഴ്ച വൈകിട്ടാണ് നേര്യമംഗലം ചെമ്പന്‍കുഴിയില്‍ കാട്ടാന മറിച്ചിട്ട മരം വീണ് വിദ്യാര്‍ഥിനിയായ ആന്മേരി മരിച്ചത്. എറണാകുളത്ത് സെക്യൂരിറ്റി ജോലിക്കാരനായ എല്‍ദോസ്, രാത്രി എട്ടരയോടെ കെഎസ്ആര്‍ടിസി ബസിലെത്തി വീട്ടിലേക്ക് നടന്നുപോകുന്ന വഴിയാണ് ആനയുടെ ആക്രമണം ഉണ്ടായത്. വീട്ടില്‍നിന്നു കേവലം ഒരു കിലോമീറ്റര്‍ അകലെയാണ് ആക്രമണം ഉണ്ടായത്. ഇതുവഴി പോയ ഓട്ടോറിക്ഷക്കാരനാണ് മൃതദേഹം കണ്ടതും നാട്ടുകാരെ അറിയിച്ചതും.
ശരീരം ഛിന്നഭിന്നമായ നിലയിലായിരുന്നു. എല്‍ദോസിനെ അടുത്തുള്ള മരത്തില്‍ അടിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്ന് സംശയിക്കുന്നു. വഴിവിളക്കുകള്‍ ഇല്ലാത്തതിനാല്‍ ഈ പ്രദേശമെല്ലാം സന്ധ്യയായാല്‍ ഇരുട്ടാണ്. ആന വഴിയില്‍ പതുങ്ങി നിന്നാലും അറിയില്ല. ആനയുടെ സാമീപ്യം അറിയാതെ ചെന്ന എല്‍ദോസിനെ ആന ആക്രമിക്കുകയായിരുന്നു എന്നാണ് നാട്ടുകാര്‍ പറയുന്നത്.
ഇനിയും ഇത് സഹിക്കാന്‍ പറ്റില്ലെന്നും സുരക്ഷിതമായി ജീവിക്കാനുള്ള സാഹചര്യമുണ്ടാക്കണമെന്നും ആവശ്യപ്പെട്ട് പ്രദേശവാസികള്‍ പ്രതിഷേധം തുടരുകയാണ്. സ്ഥലത്തെത്തിയ വനംവകുപ്പ് അധികൃതരെ നാട്ടുകാര്‍ തടഞ്ഞു. പഞ്ചായത്ത് അധികൃതരടക്കം സ്ഥലത്തുണ്ട്. എറണാകുളം ജില്ലാ കലക്ടര്‍ സ്ഥലത്തെത്താതെ മൃതദേഹം വിട്ടുതരില്ലെന്ന നിലപാടിലായിരരുന്നു നാട്ടുകാര്‍. പിന്നാലെ വനംവകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രന് ജില്ലാ കലക്ടറുമായി സംസാരിച്ചു. തുടര്‍ന്ന് എഡിഎമ്മിനെ സ്ഥലത്തേക്ക് അയച്ചു.
ശനിയാഴ്ച സുഹൃത്തിനൊപ്പം ബൈക്കില്‍ സഞ്ചരിക്കുമ്പോഴാണ് നേര്യമംഗലം നഗരംപാറ ഫോറസ്റ്റ് ഓഫിസിന് സമീപത്തെ ചെമ്പന്‍കുഴിയില്‍ വച്ച് കാട്ടാന പന ഇടിച്ചുനിരത്തിയത്. ഇതു ഇവരുടെ മുകളിലേക്കു വീഴുകയായിരുന്നു. ഇപ്പോള്‍ കാട്ടാന ആക്രമണം ഉണ്ടായ ഉരുളംതണ്ണിയില് ഒരു വര്‍ഷം മുന്‍പ് ആദിവാസിയായ ഒരാളെ ആന ചവിട്ടിക്കൊന്നിരുന്നു. ഫെന്‍സിങ് നിര്മാക്കാമെന്നും കിടങ്ങ് നിര്‍മിക്കാമെന്നും അന്ന് വനംവകുപ്പ് ഡിഎഫ്ഒ അടക്കമുള്ളവര്‍ വാക്കുനല്കിയിരുന്നു. ഇത് എവിടെയും എത്തിയിട്ടില്ലെന്ന് ജനങ്ങള്‍ പറയുന്നു.
ഇതിന്റെ തൊട്ടടുത്തുള്ള അട്ടിക്കളത്തുള്ള മൂന്നു സ്ത്രീകളാണ് അടുത്തിടെ പശുവിനെ അന്വേഷിച്ച് വനത്തിനകത്തു പോയി ആനപ്പേടിയില്‍ കുടുങ്ങിയതും പിന്നീട് രക്ഷപ്പെടുത്തിയതും. ഇവര്‍ താമസിക്കുന്ന അട്ടിക്കളത്തും ആനയുടെ ശല്യം രൂക്ഷമാണ്. കോതമംഗലം താലൂക്കിലെ കോട്ടപ്പടി, പിണ്ടിമന, കീരംപാറ, കുട്ടമ്പുഴ, കവളങ്ങാട്, പൈങ്ങോട്ടൂര്‍ പഞ്ചായത്തുകളില്‍ കാട്ടുമൃഗങ്ങളുടെ ശല്യം രൂക്ഷമാണ്. ആനയ്ക്ക് പുറമെ മറ്റു വന്യമൃഗങ്ങളുടേയും ശല്യം ഇവിടെ രൂക്ഷമാണ്.
''ഞങ്ങളുടെ ജീവന് ഒരു വിലയുമില്ലേ? ഓരോ ജീവനായി നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. നാളെയും ആരുടെയെങ്കിലും ജീവന് നഷ്ടപ്പെടും.'' കോതമംഗലം ഉരുളന്‍തണ്ണിയില്‍ കോടിയാട്ട് എല്‍ദോസ് കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട സ്ഥലത്ത് പ്രതിഷേധവുമായി തടിച്ചുകൂടിയ നാട്ടുകാരിലൊരാള്‍ വൈകാരികമായി ചോദിച്ചത് ഇങ്ങനെയാണ്. അധികാര കേന്ദ്രങ്ങളില്‍ പലയാവര്‍ത്തി ചോദിച്ച ചോദ്യമാണ് അവര്‍ വീണ്ടും വീണ്ടും ചോദിച്ചുകൊണ്ടിരുന്നത്.
തുടര്‍ന്ന് ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ ഒന്നര മണിക്കൂറോളം നടത്തിയ ചര്‍ച്ചകള്‍ക്കൊടുവില്‍ പുലര്‍ച്ചെ രണ്ടു മണിയോടെ പ്രതിഷേധം അവസാനിപ്പിച്ചു. ജില്ലാ കലക്ടര്‍ നല്കിയ ഉറപ്പുകളുടെ അടിസ്ഥാനത്തില്‍, എല്‍ദോസിന്റെ മൃതദേഹം കോതമംഗലം താലൂക്ക് ആശുപത്രിയിലേക്കു കൊണ്ടുപോയി. എല്‍ദോസിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു; ചെക്ക് കൈമാറി. സോളാര്‍ ഫെന്‍സിങ് ജോലികള്‍ 21ന് ആരംഭിക്കും. എട്ടു കിലോമീറ്ററിനുള്ളിലെ ട്രഞ്ച് നിര്‍മാണം ഇന്ന് ആരംഭിക്കും. തെരുവ് വിളക്കുകള്‍ സ്ഥാപിക്കാന്‍ അഞ്ച് ദിവസത്തിനുള്ളില്‍ നടപടി സ്വീകരിക്കും. ആര്‍ആര്‍ടി സംഘത്തിന് വാഹനസൗകര്യം ഒരുക്കും. കലക്ടറുടെ നേതൃത്വത്തില്‍ എടുത്ത തീരുമാനങ്ങളില്‍ കൈക്കൊണ്ട നടപടികളുടെ അവലോകന യോഗം കലക്ടറുടെ നേതൃത്വത്തില്‍ നടക്കും.
https://www.facebook.com/Malayalivartha

























