പെരുമ്പാവൂരില്‍ പെണ്‍കുട്ടികള്‍ പീഡിപ്പിക്കപ്പെട്ട സംഭവത്തില്‍ അമ്മ റിമാന്‍ഡില്‍

പെരുമ്പാവൂര്‍ കുറുപ്പംപടിയില്‍ പത്തും പന്ത്രണ്ടും വയസ്സുള്ള പെണ്‍കുട്ടികള്‍ പീഡിപ്പിക്കപ്പെട്ട സംഭവത്തില്‍ അമ്മ റിമാന്‍ഡില്‍. വെള്ളിയാഴ്ച അറസ്റ്റിലായ അമ്മയെ ഇന്നു പെരുമ്പാവൂര്‍ മജിസ്‌ട്രേട്ട് കോടതിയാണ് 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തത്. പോക്‌സോ, ജുവനൈല്‍ ജസ്റ്റിസ് വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ്. പീഡനവിവരം അറിഞ്ഞിട്ടും മറച്ചുവച്ചു, കുട്ടികളെ മദ്യം നിര്‍ബന്ധിച്ചു കുടിപ്പിച്ചു എന്നിവയാണ് അമ്മയ്ക്കെതിരെയുള്ള കുറ്റങ്ങള്‍.
അറസ്റ്റിലായ പ്രതി ധനേഷ് വീട്ടില്‍ എത്തുമ്പോഴെല്ലാം നിര്‍ബന്ധിച്ചു മദ്യം കുടിപ്പിച്ചിരുന്നെന്നാണ് പെണ്‍കുട്ടികള്‍ നല്‍കിയ മൊഴി. മൂത്ത കുട്ടിയുടെ സഹപാഠിയെ ഒരാള്‍ക്ക് ഇഷ്ടമാണെന്നും വീട്ടിലേക്കു കൂട്ടിക്കൊണ്ടു വരാന്‍ പറഞ്ഞു എന്നും കാണിച്ച് എഴുതിയ കത്തിനെപറ്റിയുള്ള വിവരം ക്ലാസ് ടീച്ചറാണ് പൊലീസില്‍ അറിയിച്ചത്. അധ്യാപികയോടു കുട്ടി നടന്ന കാര്യങ്ങള്‍ പറഞ്ഞിരുന്നു. ഉപദ്രവിക്കുന്ന കാര്യം അമ്മയ്ക്ക് അറിയാമായിരുന്നെന്നാണ് കുട്ടികള്‍ നല്‍കിയ മൊഴി. അമ്മയ്ക്ക് ഇക്കാര്യം അറിയാമെന്ന് പ്രതിയും പൊലീസിനോട് സമ്മതിച്ചു.
ഇന്നലെ മണിക്കൂറുകളോളം ചോദ്യം ചെയ്തതിന് ഒടുവിലായിരുന്നു അമ്മയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. പെണ്‍കുട്ടികള്‍ ഇപ്പോള്‍ ശിശുക്ഷേമ സമിതിയുടെ സംരക്ഷണത്തിലാണ്. 3 വര്‍ഷം മുന്‍പാണ് ഇവരുടെ പിതാവ് മരിച്ചത്. പിതാവ് അസുഖബാധിതനായിരുന്ന സമയത്ത് ആശുപത്രിയില്‍ കൊണ്ടുപോകുന്നതിനായി വിളിച്ചിരുന്ന വാഹനത്തിന്റെ ഡ്രൈവറായിരുന്ന ധനേഷാണ് പിന്നീട് അമ്മയുമായി അടുത്തത്. പിതാവിന്റെ മരണശേഷം ധനേഷ് കുടുംബവുമായി കൂടുതല്‍ അടുക്കുകയും ശനി, ഞായര്‍ ദിവസങ്ങളില്‍ സ്ഥിരമായി വീട്ടിലെത്താനും തുടങ്ങി.
മൂത്ത കുട്ടിയെ ഇയാള്‍ മുഖത്തടിക്കുന്നത് ഉള്‍പ്പെടെയുള്ള ഉപദ്രവങ്ങള്‍ ഏല്‍പ്പിക്കുകയും ചെയ്തിരുന്നു. അമ്മയുമായി അകലാനാണു കുട്ടികളെ പീഡിപ്പിക്കുന്നത് ആരംഭിച്ചതെന്നായിരുന്നു ഇയാളുടെ ആദ്യ മൊഴി. എന്നാല്‍ കുട്ടികളുടെ സഹപാഠികളെ കൂടി വീട്ടിലേക്ക് കൊണ്ടുവരാന്‍ നിര്‍ബന്ധിച്ചതു വഴി ഇയാളുടെ ലക്ഷ്യം പീഡനം തന്നെയാണെന്ന് വ്യക്തമാകുന്നതായി പൊലീസ് പറഞ്ഞു.
https://www.facebook.com/Malayalivartha
























