സംഗീതവേദിയിൽ റാപ്പർക്ക് നേരെ ബിയർ ആക്രമണം; മുഖത്തേക്ക് ഒഴിച്ചയാളോട് ക്ഷുഭിതനായി സ്വോ ലീ, വീണ്ടും ആവർത്തിച്ചാൽ അടിച്ച് രൂപം മാറ്റുമെന്ന് മുന്നറിയിപ്പ്

സംഗീതം ആസ്വദിക്കാനെത്തിയ ആരാധകരിൽനിന്ന് ഇത്തരമൊരു പെരുമാറ്റം പ്രതീക്ഷിച്ചില്ല. സംഗീത പരിപാടിക്കിടെ മുഖത്തേക്ക് ബിയർ ഒഴിച്ചയാളോട് രോഷാകുലനായി പ്രതികരിച്ച് അമേരിക്കൻ റാപ്പർ സ്വോ ലീ. മേഘാലയയിലെ ഷില്ലോങ്ങിൽ നടന്ന ചെറി ബ്ലോസം ഫെസ്റ്റിവലിലാണ് അപ്രതീക്ഷിത സംഭവം.
ശനിയാഴ്ച രാത്രി പരിപാടിയുടെ അവസാന ദിവസമായിരുന്നു സംഭവം. അടുത്ത ഗാനം അവതരിപ്പിക്കാനൊരുങ്ങുന്നതിനിടെ കാണികൾക്കിടയിൽനിന്ന് ഒരാൾ സ്വോ ലീയുടെ മുഖത്തേക്ക് ബിയർ ഒഴിക്കുകയായിരുന്നു. ഇതോടെ പാട്ട് നിർത്തിയ താരം, ആരാണ് ഇതിന് പിന്നിലെന്ന് കാണികളോട് ചോദിച്ചു. വീണ്ടും മുഖത്തേക്ക് ബിയർ ഒഴിച്ചാൽ വെറുതെ വിടില്ലെന്നും അടിച്ച് രൂപം മാറ്റുമെന്നുമായിരുന്നു താരത്തിന്റെ രോഷത്തോടെയുള്ള മുന്നറിയിപ്പ്. സുരക്ഷാ ജീവനക്കാരോട് കുറ്റക്കാരനെ കണ്ടെത്തി പുറത്താക്കാനും ആവശ്യപ്പെട്ടു. ഇയാളെ സുരക്ഷാ ജീവനക്കാർ പിടികൂടി പൊലീസിന് കൈമാറിയതായാണ് റിപ്പോർട്ട്.
ഇതിനിടെ ഇതേ പരിപാടിയിൽ മറ്റൊരു സംഭവവും അരങ്ങേറി. ഗായകൻ ഖാലിദിന്റെ മുഖത്തേക്ക് കാണികളിൽനിന്ന് ഒരാൾ ടീ ഷർട്ട് എറിഞ്ഞു. ഇത്തരം പ്രവൃത്തികൾ കലാകാരന്മാരുടെ സുരക്ഷയ്ക്കുതന്നെ ഭീഷണിയാണെന്ന ചർച്ചയ്ക്കും സംഭവങ്ങൾ വഴിവെച്ചിരിക്കുകയാണ്.
https://www.facebook.com/Malayalivartha


























