തൊടുപുഴ ബിജു ജോസഫിന്റെ മരണം: കൊലപാതകത്തിലേക്ക് നയിച്ചത് സാമ്പത്തിക തര്‍ക്കം

തൊടുപുഴയില്‍ മൂന്ന് ദിവസങ്ങള്‍ക്ക് മുമ്പ് കാണാതായ ബിജു ജോസഫിന്റെ മൃതദേഹം ഗോഡൗണിലെ മാനിഹോളില് വെച്ച് കണ്ടെത്തിയ സംഭവത്തില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത്. ബിസിനസ് പാട്നര്‍മാര്‍ തമ്മിലുണ്ടായ സാമ്പത്തികമായ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലിസിന്റെ വിലയിരുത്തല്‍. ജോസഫിന്റെ കൊലയാളികളിലേക്ക് എത്താന്‍ പൊലീസിന് നിര്‍ണായകമായത് എറണാകുളം പറവൂര്‍ സ്വദേശിക്കുമേല്‍ ചുമത്തിയ കാപ്പ കുറ്റമാണ്. പറവൂര്‍ വടക്കേക്കര കുഞ്ഞിത്തൈ സ്വദേശി ആഷിക്കി (27)നെതിരെ കാപ്പാ കേസ് ചുമത്തി അറസ്റ്റ് ചെയ്യാനുള്ള തീരുമാനമാണ് ബിജുവിന്റെ കൊലയാളികളിലേക്ക് പൊലീസിന്റെ അന്വേഷണം എത്തിച്ചത്.
പൊലിസിന്റെ അന്വേഷണം നടക്കുന്നതിനിടെയാണ് ബിജുവിന്റെ കാറ്ററിങ് ബിസിനസ് പങ്കാളിയടക്കമുള്ള മൂന്നു പേരെ കസ്റ്റഡിയിലെടുക്കുകയും ചോദ്യം ചെയ്യുകയും ചെയ്തത്. ഇവരില്‍ നിന്നും ലഭിച്ച വിവരമനുസരിച്ചാണ് കലയന്താനിയിലെ ഗോഡൗണിലെ മാന്‍ഹോളില്‍ ഉള്ള മൃതദേഹം കണ്ടെത്തിയത്. ഭക്ഷണാവശിഷ്ടങ്ങള്‍ തള്ളിക്കളയുന്ന മാലിന്യ സംസ്കരണ കുഴിയിലേക്ക് പോകുന്ന മാന്‍ഹോളിലാണ് മൃതദേഹം കണ്ടെത്തിയത്.
അടിപിടി കേസുകളില്‍ പ്രതിയായ ആഷിക്കിനെതിരെ കാപ്പ കേസ് ചുമത്താന്‍ മുനമ്പം ഡിവൈഎസ്പി ഓഫിസില്‍നിന്നു നിര്‍ദേശം വന്നതോടെയാണ് വടക്കേക്കര പൊലീസ് ഇയാളെ തിരയാന്‍ ആരംഭിച്ചത്. ഫോണ്‍ നമ്പര്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തില്‍ ഇയാള്‍ തൊടുപുഴ ഭാഗത്തുണ്ടെന്ന് മനസ്സിലായി. തുടര്‍ന്ന് വടക്കേക്കര പൊലീസ് തൊടുപുഴ പൊലീസിനെ വിവരമറിയിച്ചതോടെ അവരാണ് ആഷിക്കിനെ പിടികൂടുന്നത്. പിന്നീട് വടക്കേക്കര പൊലീസിന് കൈമാറി. തിരികെ എത്തിച്ച ആഷിക്കിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തതിനെ തുടര്‍ന്ന് ഇപ്പോള്‍ ആലുവ സബ് ജയിലിലാണ്.
https://www.facebook.com/Malayalivartha
























