സൂരജ് കൊലക്കേസില്‍ ശിക്ഷാവിധി.. എട്ട് പ്രതികള്‍ക്ക് ജീവപര്യന്തം, രണ്ട് മുതല്‍ 9 വരെയുള്ള പ്രതികള്‍ക്ക് ജീവപര്യന്തം... ഒരാള്‍ക്ക് മൂന്നു വര്‍ഷം തടവ്

മുഴപ്പിലങ്ങാട് ബിജെപി പ്രവര്ത്തകന് സൂരജ് വധക്കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ സിപിഎം പ്രവര്‍ത്തകര്‍ക്ക് കോടതി ശിക്ഷവിധിച്ചു.
എട്ട് പ്രതികള്‍ക്ക് ജീവപര്യന്തം ശിക്ഷവിധിച്ചു. 2 മുതല്‍ 6 വരെ പ്രതികള്‍ക്കും 7 മുതല്‍ 9 വരെ പ്രതികള്‍ക്കുമാണ് ജീവപര്യന്തം ശിക്ഷ വിധിച്ചത്. 11-ാം പ്രതിക്ക് 3 വര്‍ഷം തടവുശിക്ഷയും കോടതി വിധിച്ചു. തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്.
അതേസമയം സിപിഎം വിട്ട് ബിജെപിയില്‍ ചേര്‍ന്ന വിരോധത്തില്‍ 2005 ഓഗസ്റ്റ് എഴിന് രാവിലെ സൂരജിനെ കൊലപ്പെടുത്തിയെന്നതാണ് കേസ്. രാഷ്ട്രീയ വിരോധത്തോടെ പ്രതികള്‍ ബോംബെറിഞ്ഞ ശേഷം മഴുവും കൊടുവാളും അടക്കം ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷന് വാദിച്ചത്.
മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പി എം മനോജിന്റെ സഹോദരന് മനോരാജ് നാരായണന് , ടി പി കേസ് പ്രതി ടി കെ രജീഷ് എന്നിവരടക്കമുള്ള പ്രതികള്‍ കുറ്റക്കാരാണെന്നാണ് കോടതി കണ്ടെത്തിയത്.
കേസിലെ ഒന്നാം പ്രതിയായ പി കെ ഷംസുദ്ദീനും 12-ാം പ്രതിയായ ടി പി രവീന്ദ്രനും വിചാരണയ്ക്കു മുമ്പ് മരിച്ചു പോയിരുന്നു. കൊലപ്പെടുത്തുന്നതിന് ആറ് മാസം മുന്‍പും സൂരജിനെ സിപിഎം പ്രവര്‍ത്തകര്‍ ആക്രമിച്ചിരുന്നു. അന്ന് കാലിന് വെട്ടേറ്റ സൂരജ് ആറ് മാസത്തോളം കിടപ്പിലായിരുന്നു. പിന്നീട് ഇദ്ദേഹം ചികിത്സ കഴിഞ്ഞ് പുറത്തിറങ്ങിയപ്പോഴാണ് വീണ്ടും ആക്രമിക്കുന്നത്.
"
https://www.facebook.com/Malayalivartha
























