ഷിബില വധക്കേസ് പ്രതിയായ ഭര്‍ത്താവ് യാസിര്‍ 27 വരെ പൊലീസ് കസ്റ്റഡിയില്‍

കോഴിക്കോട് ഈങ്ങാപ്പുഴ ഷിബില വധക്കേസ് പ്രതിയായ ഭര്‍ത്താവ് യാസിറിനെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. ഈ മാസം 27ന് 11 മണി വരെയാണ് കസ്റ്റഡിയില്‍ വിട്ടത്. യാസിറിനെ ഇന്ന് ജയിലില്‍നിന്ന് പൊലീസ് കസ്റ്റഡിയില്‍ വാങ്ങും. ഷിബിലയെ കൊലപ്പെടുത്തിയ വീട്ടില്‍ തെളിവെടുപ്പിന് എത്തിക്കുന്നതിനുള്‍പ്പെടെയുള്ള കാര്യത്തില്‍ പൊലീസ് വിവരങ്ങള്‍ പുറത്തുവിട്ടില്ല. യാസിറിനെതിരെ നാട്ടുകാരുടെ പ്രതിഷേധമുണ്ടാകുമെന്നാണ് പൊലീസ് കരുതുന്നത്.
നാട്ടുകാര്‍ രോഷാകുലരാകുമെന്ന ഭയത്തെ തുടര്‍ന്നാണ് പ്രതിയെ കസ്റ്റഡിയില്‍ വാങ്ങുന്നതിനുള്ള നടപടി പൊലീസ് നീട്ടിക്കൊണ്ടുപോയത്. ഷിബില ഭര്‍ത്താവിനെതിരെ നേരത്തെ നല്കിയ പീഡന പരാതിയില്‍ പൊലീസ് നടപടി എടുക്കാത്തതിനെ തുടര്‍ന്ന് സ്റ്റേഷന് പിആര്‍ഒയും ഗ്രേഡ് എസ്ഐയുമായ കെ.കെ.നൗഷാദിനെ കഴിഞ്ഞ ദിവസം സസ്പെന്‍ഡ് ചെയ്തിരുന്നു.
കഴിഞ്ഞ ചൊവ്വാഴ്ച വൈകിട്ടാണ് ഷിബിലയെ ഈങ്ങാപ്പുഴ കക്കാട് നക്കിലമ്പാടുള്ള വീട്ടില്‍ കയറി യാസിര്‍ കുത്തിക്കൊന്നത്. ഷിബിലയുടെ പിതാവിനും മാതാവിനും കുത്തേറ്റിരുന്നു. ലഹരിക്കടിമയായ യാസിര്‍ കൃത്യം നിര്‍വഹിക്കുന്ന സമയത്ത് ലഹരി ഉപയോഗിച്ചിരുന്നില്ലെന്നാണു വൈദ്യപരിശോധനയില്‍ കണ്ടെത്തിയത്. യാസിറിന്റെ ലഹരി ഇടപാടുകള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പൊലീസ് അന്വേഷിക്കുകയാണ്.
https://www.facebook.com/Malayalivartha
























